പ്രകൃതി സൗഹൃദ മാർഗങ്ങളൊരുക്കാൻ ആവി; പ്ലാസ്റ്റിക്കിനെ പുറത്താക്കും

Mail This Article
ചെന്നൈ∙ പ്ലാസ്റ്റിക് പാക്കറ്റുകളിൽ പാൽ വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ ആവിൻ പ്രകൃതി സൗഹൃദ മാർഗങ്ങൾ തേടുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുമെന്നും ആവിൻ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ശ്രമങ്ങളെ അനുമോദിച്ച ട്രൈബ്യൂണൽ, പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാക്കാൻ കമ്പനിക്കു സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
വൻതോതിൽ വിതരണം പ്രയാസം
ഗ്ലാസ് കുപ്പികളിൽ പാൽ വിതരണത്തിനുള്ള സാധ്യതകളാണ് ആവിൻ പ്രധാനമായും പരിഗണിക്കുന്നത്. ചില ചെറുകിട സ്വകാര്യ കമ്പനികൾ ഇതു വിജയകരമായി ചെയ്യുന്നു. എന്നാൽ, ഈ രീതിയിൽ വൻതോതിൽ വിതരണം പ്രയാസമാണ്.
ചില്ലറ വിൽപനശാലകളിലേക്ക് ഗ്ലാസ് കുപ്പികളിൽ പാൽ എത്തിക്കുന്നതും കാലിക്കുപ്പികൾ തിരികെ എത്തിക്കുന്നതും ശ്രമകരമാകുമെന്ന് അധികൃതർ പറഞ്ഞു. വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളാണു മറ്റൊരു സാധ്യത. ഇതു പരിഗണിക്കാൻ 2024ൽ ദേശീയ ഹരിത ട്രൈബ്യൂണൽ ആവിനു നിർദേശം നൽകിയിരുന്നു.
ഉപഭോക്താക്കളെ ബാധിക്കുമെന്ന് ആശങ്ക
പ്ലാസ്റ്റിക് ബോട്ടിലുകൾ അടക്കമുള്ള മാർഗങ്ങളിലേക്ക് മാറുന്നത് വൻ സാമ്പത്തിക ബാധ്യതയ്ക്കു കാരണമായേക്കുമെന്ന് പാൽ വിതരണ ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. പാക്കിങ് രീതികളടക്കം മാറുമെന്നതിനാൽ പുതിയ യന്ത്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ടി വരും.
ഇതിന്റെ ചെലവ് ഉപഭോക്താക്കളുടെ മേൽ വരാനാണു സാധ്യതയെന്നും അവർ വിലയിരുത്തുന്നു. പല വൻകിട സ്വകാര്യ പാൽക്കമ്പനികളും പ്ലാസ്റ്റിക് പാക്കറ്റ് തുടരുമ്പോൾ ആവിൻ മാത്രം കുപ്പിയിലേക്ക് മാറുന്നത് പ്രതികൂലമാകാനിടയുണ്ടെന്നും ഇവർ പറയുന്നു.