ADVERTISEMENT

ചെന്നൈ ∙ നിർത്തിയിടാൻ സ്ഥലം ഉള്ളവർക്കു മാത്രം വാഹനം വാങ്ങാൻ അനുമതി നൽകുന്ന പാർക്കിങ് നയവുമായി സർക്കാർ. സ്വകാര്യ വാഹനം റജിസ്റ്റർ ചെയ്യാൻ പാർക്കിങ് തെളിവ് ഹാജരാക്കണമെന്നത് അടക്കം ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (സിയുഎംടിഎ) തയാറാക്കിയ പാർക്കിങ് നയത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഇതു നടപ്പാക്കാൻ ഭവന, നഗരവികസന വകുപ്പ് സിയുഎംടിഎയ്ക്ക് നിർദേശം നൽകി. ചെന്നൈ, കാഞ്ചീപുരം, താംബരം, ആവഡി കോർപറേഷനുകളും 12 മുനിസിപ്പാലിറ്റികളും 13 നഗര പഞ്ചായത്തുകളും 22 പഞ്ചായത്ത് യൂണിയനുകളും ഒരു സ്പെഷൽ ഗ്രേഡ് നഗര പഞ്ചായത്തും അടങ്ങുന്ന 5,904 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മെട്രോപ്പൊലിറ്റൻ പ്രദേശത്തിനാണു സിയുഎംടിഎ പാർക്കിങ് നയം പുറത്തിറക്കിയത്.

രാജ്യത്ത് മറ്റൊരു നഗരത്തിലും ഇത്തരം നയം നടപ്പാക്കിയിട്ടില്ലെന്ന് സിയുഎംടിഎ മെംബർ സെക്രട്ടറി ഐ.ജയകുമാർ പറഞ്ഞു. 2022ലെ സെൻസസ് പ്രകാരം ചെന്നൈയിൽ 92 ലക്ഷം വാഹനങ്ങളുണ്ട്. ഇവയിൽ മൂന്നിലൊന്നിന്റെ ഉടമസ്ഥർക്ക് സ്വന്തമായി പാർക്കിങ് സ്ഥലമില്ല. കാറുകൾ വഴിയോരത്ത് പാർക്ക് ചെയ്യുകയാണ് രീതി. 30 ലക്ഷം വാഹനങ്ങളെങ്കിലും വഴിയോരങ്ങളിൽ പാർക്ക് ചെയ്യുന്നതായാണു കണക്ക്. റോഡരികിലെ പാർക്കിങ്, ഗതാഗത പ്രശ്നങ്ങൾക്കും സമീപവാസികൾക്ക് ശല്യത്തിനും കാരണമാകുന്നു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനും പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാനും പുതിയ നയം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

ഇവിക്ക് പ്രത്യേക പരിഗണന
മെട്രോപ്പൊലിറ്റൻ പ്രദേശത്തെ പാർക്കിങ് സ്ഥലത്തിന്റെ 10 മുതൽ 20 ശതമാനം വരെ ഇവി ചാർജിങ് കേന്ദ്രങ്ങൾക്കായി മാറ്റിവയ്ക്കണമെന്നാണ് നയത്തിലെ പ്രധാന ശുപാർശകളിൽ ഒന്ന്. സൗജന്യ പാർക്കിങ് പരമാവധി 15 മിനിറ്റായി പരിമിതപ്പെടുത്തും. കൂടുതൽ സമയം പാർക്ക് ചെയ്യുന്നതിന് തുക ഈടാക്കും. വാഹനത്തിന്റെ വലുപ്പം, പാർക്ക് ചെയ്യുന്ന സമയം, പാർക്കിങ് ആവശ്യകത തുടങ്ങിയ ഘടകങ്ങൾക്ക് അനുസൃതമായി നിരക്കിൽ വ്യത്യാസമുണ്ടാകും.ടാക്സികളും ഓട്ടോകളും നിർദിഷ്ട സ്റ്റാൻഡുകളിൽ നിർത്തുന്നതിന് നിരക്ക് ഈടാക്കില്ലെങ്കിലും മറ്റു സ്ഥലങ്ങളിൽ നിർത്തുന്നതിന് തുക നൽകേണ്ടി വരും.

വീതി കൂടിയ റോഡുകളിലും തിരക്കുകുറഞ്ഞ പ്രദേശങ്ങളിലുമുള്ള നിശ്ചിത പാർക്കിങ് സ്ഥലങ്ങൾ വാഹന ഉടമകൾക്ക് പാട്ടത്തിനു നൽകാനും പദ്ധതിയുണ്ട്. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനസുകൾ തുടങ്ങിയവയുടെ 50 മീറ്റർ പരിധിക്കുള്ളിൽ പാർക്കിങ് അനുവദിക്കില്ല. വലിയ വാഹനങ്ങൾക്ക് റോഡരികിൽ പാർക്കിങ് അനുവദിക്കില്ല. തിരക്കു കുറഞ്ഞ സമയത്തു മാത്രമേ വലിയ വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമുണ്ടാകൂ. ബഹുനില പാർക്കിങ് സൗകര്യം ലാഭകരമാക്കാനായി ഇവയുടെ 25% സ്ഥലം വാണിജ്യാവശ്യങ്ങൾക്ക് മാറ്റിവയ്ക്കാനും നയത്തിൽ ശുപാർശയുണ്ട്.

നിയന്ത്രിക്കാൻ കേന്ദ്രീകൃത സംവിധാനം
പാർക്കിങ് ക്രമീകരണത്തിന് സിയുഎംടിഎ പ്രത്യേക സമിതി രൂപീകരിക്കും. സമിതിക്കായിരിക്കും മേൽനോട്ട ചുമതല. പാർക്കിങ് ആപ്പും വെബ്സൈറ്റും വഴി സ്ഥല ലഭ്യതയും നിരക്കും തൽസമയം ലഭ്യമാക്കും. പാർക്കിങ് നിരക്കായി ലഭിക്കുന്ന വരുമാനം നഗര ഗതാഗത ഫണ്ടാകും. റോഡിൽനിന്നു മാറിയുള്ള സ്ഥലങ്ങൾ പാർക്കിങ്ങിനായി സ്വകാര്യ ഏജൻസികൾക്ക് വാടകയ്ക്കു നൽകാനും പദ്ധതിയുണ്ട്. വിവിധ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഇത് പ്രയോജനപ്പെടുത്താം. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് പാർക്കിങ് വികസന ഫീ ഈടാക്കാനും നിർദേശമുണ്ട്.

English Summary:

Chennai's new parking policy requires proof of parking before vehicle registration. This initiative aims to alleviate traffic congestion and promote the use of public transportation within the city's sprawling metropolitan area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com