2,000 കോടിയുടെ നിക്ഷേപ വാഗ്ദാനം: 12 കോടി തട്ടി; ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി ജനറൽ അറസ്റ്റിൽ

Mail This Article
ചെന്നൈ ∙ റഷ്യൻ സർക്കാരിൽനിന്ന് 2,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2 വ്യവസായികളിൽ നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഇൻഡോ–റഷ്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി ജനറൽ പി.തങ്കപ്പനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ടി നഗർ സ്വദേശിയായ വ്യവസായി കൗശിക് കഴിഞ്ഞവർഷം നൽകിയ പരാതിയിലാണ് അറസ്റ്റ്. തങ്കപ്പന്റെ സഹായികളായ 9 പേരെ കഴിഞ്ഞ നവംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്കപ്പനെ പിടികൂടിയത്.
ആൽവാർപെട്ട് കേന്ദ്രമാക്കി ഇൻഡോ–റഷ്യൻ ബിസിനസ് അസോഷ്യേറ്റ്സ് എന്ന കമ്പനി നടത്തുന്ന അരുൺരാജ്, ഇൻഡോ–റഷ്യൻ ചേംബറിന്റെ പ്രതിനിധിയെന്ന പേരിൽ കൗശിക്കിനെ സമീപിച്ചാണ് തിരുച്ചിറപ്പള്ളിയിലെ സംരംഭത്തിനായി നിക്ഷേപ വാഗ്ദാനം നടത്തിയത്. കമ്മിഷൻ ഇനത്തിൽ 7.32 കോടി രൂപയും ഇയാൾക്കു നൽകി. പ്രധാന പ്രതിയായ അരുൺരാജിന് തങ്കപ്പനുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.
വ്യാജരേഖകളുടെ സഹായത്തോടെ അരുൺരാജിനെ ചേംബറിന്റെ ഡപ്യൂട്ടി ചെയർമാനായി തങ്കപ്പൻ നിയമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാനം ഉപയോഗിച്ചാണ് അരുൺരാജ് വ്യവസായിയെ വലയിലാക്കിയത്. തിരുപ്പൂർ സ്വദേശിയായ മറ്റൊരു വ്യവസായിയും അരുൺരാജ് അടക്കമുള്ളവർക്കെതിരെ പരാതി നൽകിയിരുന്നു. 4.4 കോടി രൂപയാണ് ഇയാളിൽനിന്ന് പ്രതികൾ തട്ടിയെടുത്തത്.
റഷ്യൻ കോൺസുലേറ്റിലെയും റഷ്യൻ കൾചറൽ സെന്ററിലെയും അധികൃതരുടെ അറിവോ അനുമതിയോ ഇല്ലാതെ തങ്കപ്പനും കൂട്ടാളികളായ അരുൺരാജ്, രൂപ എന്നിവരും ചേർന്ന് റഷ്യൻ കൾചറൽ സെന്ററിന്റെ മറവിൽ വ്യാജ കമ്പനികൾ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യൻ ഗവൺമെന്റിന്റെ വ്യാജ ചിഹ്നങ്ങളും കൊടികളും വ്യാജ വെബ്സൈറ്റും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തങ്കപ്പന്റെയും സഹായികളുടെയും പക്കൽനിന്ന് 476 പവൻ സ്വർണം, 400 കിലോ വെള്ളി, 14.5 ലക്ഷം രൂപ, 11 ആഡംബര കാറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ പറഞ്ഞു.