കുതിപ്പിന് കാത്തിരിപ്പ്; 262 കിലോമീറ്റർ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേ 2026ൽ

Mail This Article
ബെംഗളൂരു∙ 262 കിലോമീറ്റർ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേ പൂർണമായി തുറക്കാൻ 2026 ജൂൺ വരെ കാത്തിരിക്കണം. ഈ വർഷം ഓഗസ്റ്റിൽ തുറക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിർമാണം പൂർത്തിയാകാത്തതിനാൽ സമയപരിധി നീട്ടുന്നതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. പാത കടന്നുപോകുന്ന കർണാടകയിലെ ഹൊസ്കോട്ടെ മുതൽ കെജിഎഫ് വരെയുള്ള 71 കിലോമീറ്റർ കഴിഞ്ഞ ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. ആന്ധ്രയിൽ 85 കിലോമീറ്ററും തമിഴ്നാട്ടിൽ 106 കിലോമീറ്ററുമുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.
3–4 മണിക്കൂർ കൊണ്ട് ബെംഗളൂരു–ചെന്നൈ യാത്ര സാധ്യമാകും. 16370 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന എക്സ്പ്രസ്‌വേയ്ക്കായി 2650 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്കോട്ടെ കോളത്തൂർ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ വഴി ശ്രീപെരുംപത്തൂരിൽ നിലവിലെ ചെന്നൈ–ബെംഗളൂരു ദേശീയപാതയുമായാണ് എക്സ്പ്രസ് വേ സംഗമിക്കുന്നത്. 100–120 കിലോമീറ്റർ വരെയാണ് വേഗപരിധി.