നാഷനൽ ഹെറൾഡ് കേസ്; ഇ.ഡി വേട്ടയാടൽ ബിജെപിയുടെ ഗൂഢനീക്കമെന്ന് എം.എ.ബേബി

Mail This Article
ചെന്നൈ ∙ പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ ഗൂഢ നീക്കത്തിന് എതിരാണ് സിപിഎമ്മെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് ഇരട്ടത്താപ്പില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെയുള്ള ഇ.ഡി നടപടിയുമായി ബന്ധപ്പെട്ടായിരുന്നു ബേബിയുടെ പ്രതികരണം. അതേസമയം, സിപിഎം നേതാക്കളെ ഇ.ഡി അടക്കമുള്ളവ വേട്ടയാടുമ്പോൾ ചില പാർട്ടികൾ ബിജെപിക്ക് അനുകൂലമായ നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിക്കെതിരെ ഉപരാഷ്ട്രപതി നടത്തിയ പരാമർശങ്ങളെ ബേബി വിമർശിച്ചു. തോന്നുന്നതെന്തും ചെയ്യാൻ പാർലമെന്റിന് അധികാരമില്ല. പൗരൻമാരുടെ വിശ്വാസ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു നിരക്കുന്നതാണോ നിയമമെന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിക്കാണ്. കേന്ദ്ര സർക്കാർ തുടരുന്ന ഭരണഘടനാ വിരുദ്ധ നടപടികളുടെ അസാധാരണ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടലുകളും നിരീക്ഷണങ്ങളും.
മധുരയിൽ സിപിഎം പാർട്ടി കോൺഗ്രസ് വിജയകരമായി നടത്താൻ തമിഴ്നാട് നൽകിയ സഹായത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ നേരിട്ട് കണ്ട് എം.എ.ബേബി നന്ദി അറിയിച്ചു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു കൂടിക്കാഴ്ച. സഖ്യ രൂപീകരണത്തിൽ എം.കെ.സ്റ്റാലിനെയും ഡിഎംകെയെയും അഭിനന്ദിക്കുന്നു. ഡിഎംകെയുടെ രാഷ്ട്രീയ ഇടപെടലുകൾ രാജ്യത്തിനാകെ മാതൃകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ നീക്കങ്ങൾക്കു വലിയ പ്രാധാന്യമുണ്ടെന്നും കൂടുതൽ പാർട്ടികൾ മുന്നോട്ടു വരുമെന്നാണു പ്രതീക്ഷയെന്നും എം.എ.ബേബി പറഞ്ഞു.കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണു പിണറായി സർക്കാർ നടത്തുന്നതെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരിക്കുമ്പോഴും വിസ്മയകരമായ വികസനമാണു കേരളത്തിൽ നടക്കുന്നതെന്നും പറഞ്ഞു.
നാണംകെട്ട പ്രതികാര രാഷ്ട്രീയമെന്ന് ഡിഎംകെ
നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ള ഇ.ഡി നടപടി ബിജെപിയുടെ നാണംകെട്ട പ്രതികാര രാഷ്ട്രീയമാണെന്ന് ഡിഎംകെ വിമർശിച്ചു. വഖഫ് വിഷയത്തിൽ വിവിധ പാർട്ടികളെ ഒന്നിപ്പിച്ച് കോൺഗ്രസ് ബിജെപിയെ എതിർക്കുന്നതാണു നടപടിക്കു കാരണമെന്ന് ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ.ബാലു എംപി കുറ്റപ്പെടുത്തി.
ഗുജറാത്തിൽ വിശാല പ്രവർത്തക സമിതി യോഗത്തിൽ ബിജെപിയുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കോൺഗ്രസ് ശബ്ദിച്ചതു നടപടിക്കു കാരണമാണെന്നും കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാനാകാത്ത ബിജെപി, കേന്ദ്ര ഏജൻസികളെ അഴിച്ചു വിടുകയാണെന്നും ബാലു ആരോപിച്ചു.