വൃത്തിയും പാർക്കിങ്ങുമുണ്ട്, കുറച്ച് മീനെടുക്കട്ടെ; ചിന്താദ്രിപ്പെട്ടിൽ നവീകരിച്ച മീൻ മാർക്കറ്റ് തുറന്നു

Mail This Article
ചെന്നൈ ∙ മത്സ്യപ്രേമികളെ ആധുനിക സൗകര്യങ്ങളോടെ വരവേറ്റ് ചിന്താദ്രിപ്പെട്ടിലെ നവീകരിച്ച മാർക്കറ്റ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുഖം മിനുക്കിയ മീൻമാർക്കറ്റ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 2.92 കോടി രൂപ ചെലവിൽ നിർമിച്ച മാർക്കറ്റിൽ 82 സ്റ്റാളുകളുണ്ട്. കച്ചവടക്കാർക്കും മീൻ വാങ്ങാനെത്തുന്നവർക്കും നടന്നു പോകാനും നിൽക്കാനും ആവശ്യത്തിനു സ്ഥലം ലഭ്യമാണ്. മാർക്കറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് 28,000 ലീറ്റർ വെള്ളം ഒഴുക്കി കളയാനും സംവിധാനം ഉണ്ട്. വിപുലമായ പാർക്കിങ് സൗകര്യം, കച്ചവടക്കാർക്കുള്ള ശുചിമുറി എന്നിവയുമുണ്ട്.
ശക്തമായ കാറ്റും മഴയും അടക്കം പ്രതികൂല കാലാവസ്ഥയെ നേരിടാൻ പര്യാപ്തമായ രീതിയിൽ ഉറപ്പുള്ള മേൽക്കൂരയാണ് മറ്റൊരു പ്രത്യേകത. നഗരത്തിലെ ഏറ്റവും തിരക്കേറിയ മത്സ്യ മാർക്കറ്റുകളിലൊന്നായ ചിന്താദ്രിപ്പെട്ട് മാർക്കറ്റിൽ സൗകര്യങ്ങളുടെ കുറവും പാർക്കിങ്ങിന്റെ പ്രശ്നങ്ങളും മറ്റും വലിയ പരാതിയായി മാറിയതോടെയാണ് പുതിയ മാർക്കറ്റ് നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.