ADVERTISEMENT

ചെന്നൈ ∙ സ്വർണപ്പണയ വായ്പകളിൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ കുരുക്കിൽപെട്ട് സാധാരണക്കാർ. സ്കൂളുകളും കോളജുകളും തുറക്കുന്ന കാലത്ത്, സ്വർണം പണയം വച്ച് അത്യാവശ്യ ചെലവുകൾക്കു പണം കണ്ടെത്താമെന്നു കണക്കുകൂട്ടിയവരും നിലവിലുള്ള വായ്പകൾ പുതുക്കാനിരുന്നവരുമാണു കെണിയിലായത്.

പണിയാകും പുതുക്കൽ
ഒരിക്കൽ പണയം വച്ച സ്വർണം, പലിശയടച്ച് പുതുക്കുന്ന രീതി അവസാനിപ്പിച്ചതാണ് ഒട്ടേറെപ്പേരെ പ്രതിസന്ധിയിലാക്കുന്നത്. വായ്പയെടുത്ത തുകയും പലിശയും അടക്കം മുഴുവൻ തുകയും അടച്ചു ലോൺ ക്ലോസ് ചെയ്ത ശേഷം അടുത്ത ദിവസം മാത്രമേ പുതിയ വായ്പയെടുക്കാനാകൂ. ഇതോടെ സ്വർണത്തിന്റെ ശുദ്ധി പരിശോധന അടക്കമുള്ള നടപടി ക്രമങ്ങൾ ആവർത്തിക്കും. ഇവയ്ക്കെല്ലാം പണം നൽകണം. പ്രോസസിങ് ഫീസും വർധിക്കും. പുതുക്കുമ്പോൾ, മുൻപു പണയം വച്ച സ്വർണത്തിന്റെ മൂല്യം വർധിച്ചതിന് ആനുപാതികമായി കൂടുതൽ തുക ലഭിക്കുകയും ആ തുക ഉപയോഗിച്ചു പലിശ നൽകുകയും ചെയ്യുന്ന ‘എവർ ഗ്രീനിങ്’ രീതിയും അവസാനിക്കും.

പുതിയ സ്വർണപ്പണയ വായ്പകൾ അനുവദിക്കുമ്പോൾ, വായ്പയെടുക്കുന്ന ആളിന്റെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും എന്താവശ്യത്തിനാണോ വായ്പയെടുത്തത് അതിനുമാത്രം തുക ചെലവഴിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ബാങ്ക് അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണ വായ്പയെടുക്കാൻ എത്തുന്നവർക്കു വായ്പ നിഷേധിക്കപ്പെടാൻ ഇത്തരം നിബന്ധനകൾ കാരണമാകുമെന്നാണ് ആശങ്ക. വായ്പ അനുവദിക്കുന്നതിനു കാലതാമസം ഉണ്ടാകാനും സാധ്യതയുണ്ട്. കോയിൻ രൂപത്തിലുള്ള സ്വർണം പരമാവധി 50 ഗ്രാം വരെ മാത്രമേ പണയമെടുക്കാവൂ, ബാങ്കുകൾ വിതരണം ചെയ്ത കോയിനുകൾ മാത്രമേ പണയമായി സ്വീകരിക്കാവൂ തുടങ്ങിയ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ ഇടപാടുകാരെ ആശ്രയിക്കേണ്ട അവസ്ഥ
വട്ടിപ്പലിശക്കാരെയും അമിത പലിശയ്ക്കു സ്വർണപ്പണയ വായ്പ നൽകുന്ന സ്വകാര്യ ഇടപാടുകാരെയും ആശ്രയിക്കേണ്ട അവസ്ഥയിലേക്കാണു റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകൾ സാധാരണക്കാരെ എത്തിച്ചിരിക്കുന്നത്. ഏതാനും ദിവസത്തേക്കു പോലും വലിയ തുക പലിശയായി നൽകേണ്ടി വരും. പണം ഉടൻ നൽകും എന്നതാണ് ഇത്തരക്കാരെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

English Summary:

Gold loan restrictions in Chennai are creating financial hardship. The RBI's new rules make loan renewal difficult and push borrowers towards expensive private lenders.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com