കുട്ടികൾ സന്തോഷം കണ്ടെത്തേണ്ടത് വായനയുടെ ലഹരിയിൽ: എക്സൈസ് ജോ. കമ്മീഷണർ ബി.രാധാകൃഷ്ണൻ

Mail This Article
തിരുവനന്തപുരം∙ കുട്ടികൾ സന്തോഷം കണ്ടെത്തേണ്ടതും വളരേണ്ടതും വായനയുടെ ലഹരിയിലാകണമെന്ന് എക്സൈസ് ജോ. കമ്മീഷണർ ബി.രാധാകൃഷ്ണൻ. മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025ന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ക്യാംപെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം വളർത്തുന്നത് അതിനു പിന്നിലെ സാമ്പത്തിക ശാസ്ത്രമാണ്. ഇതിനു തടയിടാൻ സമൂഹത്തിനും റസിഡന്റ്സ് അസോസിയേഷനുകൾക്കും സാധിക്കും. ലഹരി വിമുക്തിക്ക് ഫലപ്രദമായ മാർഗങ്ങൾ നിലവിലുണ്ട്. വിവരങ്ങൾ 9447178000 എന്ന നമ്പറിലോ 14405 എന്ന വിമുക്തി ടോൾഫ്രീ നമ്പറിലോ അറിയിക്കാമെന്നും വിവരം നൽകുന്നയാളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി വിമുക്ത സന്ദേശങ്ങൾ സദസിന്റെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച വർക്ക്ഷോപ്പിന് മെൻറലിസ്റ്റ് നിപിൻ നിരവത്ത് നേതൃത്വം നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തിരുവനന്തപുരം ഷോറൂം മേധാവി കെ. സയിദ് മുഹമ്മദ്, മലയാള മനോരമ അസിസ്റ്റൻ്റ് എഡിറ്റർ വർഗീസ് സി. തോമസ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ-ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും വിദ്യാർഥികളും പങ്കെടുത്തു. ക്യാംപെയിനിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു വരുന്നു. കേരളത്തിലെ മികച്ച വീട്ടു കൂട്ടായ്മയെ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ലഹരി വിമുക്ത - വിശപ്പ് രഹിത സമൂഹം എന്ന ആശയത്തെ മുൻനിർത്തിയാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: www.chuttuvattomawards.com