ചുറ്റുവട്ടം അവാർഡ്: ലഹരി വിരുദ്ധ ക്യാംപെയ്ൻ 5ന് കോഴിക്കോട്ട്; മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

Mail This Article
കോഴിക്കോട് ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ന്റെ മൂന്നാം ഘട്ടം 5 ന് കോഴിക്കോട് നടക്കും. രാവിലെ 10 ന് ഹോട്ടൽ താജ് ഗേറ്റ് വേയിൽ നടക്കുന്ന ഉത്തരമേഖല ക്യാംപെയ്ൻ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ് പങ്കെടുക്കും. ലഹരി വിമുക്ത സന്ദേശങ്ങൾ സദസിന്റെ പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന വർക്ക്ഷോപ്പിന് മെൻറലിസ്റ്റ് നിപിൻ നിരവത്ത് നേതൃത്വം നൽകും.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കും. പദ്ധതിയുടെ ഭാഗമാകാൻ 81295 00388 എന്ന നമ്പരിൽ വിളിച്ച് ആർക്കും സൗജന്യമായി റജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്യും. ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഒന്നാം ഘട്ടം തിരുവനന്തപുരത്തും രണ്ടാം ഘട്ടം കൊച്ചിയിലും സംഘടിപ്പിച്ചിരുന്നു.
ക്യാംപെയ്ന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു വരിയാണ്. കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ‘ലഹരി മുക്ത – വിശപ്പു രഹിത സമൂഹം’ എന്ന ആശയം മുൻ നിർത്തിയാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.chuttuvattomawards.com