ലഹരിവിരുദ്ധ സന്ദേശവുമായി സൈക്കിളേറി നാട്; ആവേശമായ് മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് സൈക്ലത്തൺ

Mail This Article
കണ്ണൂർ ∙ ജീവിതമാണ് ലഹരി, ആരോഗ്യമാണ് ആനന്ദമെന്ന സന്ദേശവുമായി സൈക്കിളേറി നാട്. മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായാണ് സൈക്ലത്തൺ സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയാണ് മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡ്.

മനോരമ ഓഫിസ് പരിസരത്തു നിന്നു തുടങ്ങി ആയിക്കര, പയ്യാമ്പലം ബീച്ച്, പള്ളിയാംമൂല വഴി 11 കിലോമീറ്റർ സഞ്ചരിച്ച് തിരികെയെത്തുന്ന തരത്തിലായിരുന്നു സൈക്ലത്തൺ. അസി. എക്സൈസ് കമ്മിഷണർ പി.കെ.സതീഷ്കുമാർ, കണ്ണൂർ ഡിഎസ്‌സി കമൻഡാന്റ് കേണൽ പരംവീർ സിങ് നാഗ്ര, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സോണൽ ഹെഡ് ജാസിർ തണ്ടോറ, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ് എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു.

ആറു വയസ്സുകാരൻ മുഹമ്മദ് ബിൻ ഹംസ മുതൽ 71 വയസ്സുള്ള ജമാലുദ്ദീൻ ഉമ്മർവരെയുള്ളവർ ആവേശപൂർവം റൈഡ് ചെയ്തപ്പോൾ, അത് ആരോഗ്യകരമായ ജീവിതത്തിന്റെ വിളംബരംകൂടിയായി മാറി. ഡിഎസ്‌സി കമൻഡാന്റ് കേണൽ പരംവീർ സിങ് നാഗ്രയും ഭാര്യ രഞ്ജന നാഗ്ര, മക്കളായ പേൾ നാഗ്ര, ക്രിസ്റ്റൽ നാഗ്ര എന്നിവരും ഡിഎസ്‌സി ഡപ്യൂട്ടി കമൻഡാന്റ് ലഫ്. കേണൽ എം.അരുൺ കുമാറും സേനാംഗങ്ങളും റൈഡിൽ പങ്കുചേർന്നു.

കണ്ണൂർ സൈക്ലിങ് ക്ലബ്, കാനന്നൂർ സൈക്ലിങ് ക്ലബ്, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരും റൈഡിൽ അണിനിരന്നു. മെഡിക്കൽ സേവനവുമായി ആസ്റ്റർ മിംസ് ആശുപത്രിയും പിന്തുണയേകി. സൈക്ലത്തൺ പൂർത്തിയാക്കുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെ പിണറായി സാരശ്രീയിലെ യു.ശ്രീരഞ്ജിന് സൈക്കിൾ സമ്മാനമായി ലഭിച്ചു.

തലശ്ശേരി സൈക്ലിങ് ക്ലബ് അംഗമാണ്. മറ്റു സമ്മാനങ്ങൾ നേടിയവർ: ഡോ. കെ.പ്രപഞ്ച്, ബൈജു കടത്തനാടൻ, എം.ടി.ഇഷാമുദ്ദീൻ, അബ്ദുൽ സത്താർ, സി.അഭിജിത്, ടി.പി.ഉമേഷ്, എം.കെ.മുഹമ്മദ്, എ.ഫിറോസ്, പി.വി.രതീഷ്, എം.എൻ.വിജേഷ്, മുകേഷ് കുമാർ.


ശ്രദ്ധാകേന്ദ്രമായി ആറു വയസ്സുള്ള റൈഡർ; 53 വയസ്സുള്ള സൈക്കിൾ
ഉപ്പ മുല്ലക്കൊടി സ്വദേശി പി.എം.ഹംസയ്ക്കൊപ്പമെത്തിയ ആറു വയസ്സുകാരൻ മുഹമ്മദ് ബിൻ ഹംസയും 53 വയസ്സുള്ള സൈക്കിളുമായെത്തിയ അഴീക്കോട് മൂന്നുനിരത്ത് സ്നേഹസംഗമം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.പ്രമോദും 71 വയസ്സുള്ള ജമാലുദ്ദീൻ ഉമ്മറുമെല്ലാം അണിനിരന്ന് ജീവിതലഹരിയിലേക്ക് സൈക്കിൾ ചവിട്ടിയപ്പോൾ അകന്നുമാറിയത് ലഹരിഭീഷണിയുടെ കാർമേഘം.


ഇവരെയെല്ലാം ഒന്നിച്ചുകണ്ടതിലെ ആഹ്ലാദം പങ്കുവയ്ക്കുന്നതായിരുന്നു ഡിഎസ്‍സി കമൻഡാന്റ് കേണൽ പരംവീർ സിങ് നാഗ്രയുടെ വാക്കുകൾ. ആരോഗ്യമുള്ള തലമുറയാണ് രാജ്യത്തിന്റെ സമ്പത്തെന്ന് ഓർമപ്പെടുത്തി അദ്ദേഹം റൈഡർമാർക്ക് ആശംസനേർന്നു.

ഗോവയിലേക്കും കന്യാകുമാരിയിലേക്കുമെല്ലാം സോളോ റൈഡ് ചെയ്ത മാട്ടൂൽ വീൽഗാങ് അംഗം കബീർ അലി മാട്ടൂൽ ആവേശപൂർവമാണ് സൈക്ലിങ് അനുഭവങ്ങൾ പങ്കുവച്ചത്. കോവിഡ് കാലം മുതൽ ശീലമാക്കിയ സൈക്ലിങ് പൂർണ ആരോഗ്യത്തിലേക്ക് എത്തിച്ച അനുഭവമാണ് ജമാലുദ്ദീൻ ഉമ്മർ പറഞ്ഞത്.
