ADVERTISEMENT

കൊച്ചി∙ തിരക്കേറിയ കലൂർ- ഇടപ്പളളി റോഡിൽ പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം 8 മാസത്തിലേറെയായി അപകടക്കെണിയായി തുടരുന്ന ഒരു കുഴി. പ്രയാസങ്ങളേറെയുളള ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ ജീവൻ പൊലിഞ്ഞത് ഇന്നലെ ഈ കുഴിയിലെ കെണിയിലാണ്. അനാസ്ഥയുടെ ഈ രക്തസാക്ഷിത്വത്തിന് ആരുത്തരം പറയും? പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇത്രകാലമായിട്ടും പണി തീർത്തു മൂടാത്ത ജല അതോറിറ്റിയോ? അതോ ആ പണിക്ക് അനുമതി നൽകാതെ ഉഴപ്പിയ റോഡ് ഉടമകളായ പൊതുമരാമത്തു വകുപ്പോ? കൂനമ്മാവ് സ്വദേശി കെ.എൽ. യദുലാലിന്റെ ജീവനു മുൻപിൽ പരസ്പരം പഴിചാരി കയ്യൊഴിയാൻ ശ്രമിക്കുകയാണു 2 വകുപ്പുകളും.

കുഴി മൂടാത്തതെന്ത്?

എന്തുകൊണ്ട് ഇത്രകാലമായിട്ടും പൈപ്പ് പൊട്ടിയ പ്രശ്നം പരിഹരിച്ചു കുഴി മൂടിയില്ല? ജല അതോറിറ്റിയുടെ വൈറ്റില സെക്‌ഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സുമ ഡി. നായർ നൽകുന്ന മറുപടി ഇങ്ങനെ:‘ഇവിടെ റോഡിൽ പൈപ്പ് പൊട്ടി കുഴിയുണ്ടായ കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതു സെപ്റ്റംബറിലാണ്. റോഡ് കുഴിച്ചു പണി ചെയ്യേണ്ടതിനാൽ പൊതുമരാമത്തു വകുപ്പിന്റെ അനുമതി വേണമായിരുന്നു. ഇതിനായി സെപ്റ്റംബർ 18നു ജല അതോറിറ്റി ഓഫിസിൽനിന്നു പൊതുമരാമത്ത് വകുപ്പിന്റെ കാക്കനാട്ടുളള അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഓഫിസിലേക്കു ഇ മെയിൽ അയച്ചു. മറുപടി കിട്ടാതായതോടെ ഫോണിൽ പലതവണ ബന്ധപ്പെട്ട് അന്വേഷിച്ചു. പരിഗണിക്കാം എന്നു മറുപടി നൽകിയതല്ലാതെ അനുമതി ലഭിച്ചില്ല. അതുകൊണ്ടാണ് ഇവിടത്തെ പണി ചെയ്യാനാവാത്തത്...’

അനുമതി നൽകാത്തതെന്ത്?

‌എന്തുകൊണ്ട് റോഡ് കുഴിച്ച് പൈപ്പ് പൊട്ടൽ പരിഹരിക്കാൻ ജല അതോറിറ്റിക്ക് അനുമതി നൽകിയില്ല? പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ് കുമാർ നൽകുന്ന വിശദീകരണം ഇതാണ്: ‘ആ റോഡിൽ 4 സ്ഥലങ്ങളിൽ ഇതുപോലുളള കുഴിയുണ്ട്. അതിന്റെ ജോലികളുമായി ബന്ധപ്പെട്ടു ചെലവു കണക്കാക്കിയുളള ഡിമാൻഡ് നോട്ടിസ് പൊതുമരാമത്തു വകുപ്പിന്റെ എറണാകുളം അസി. എക്സിക്യൂട്ടീവ് എൻജിനിയർ തയാറാക്കി ജല അതോറിറ്റിയുടെ കലൂർ അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഓഫിസിലേക്കു നവംബർ ആദ്യവാരം അയച്ചിരുന്നു. പിന്നീടു ഫോണിൽ വിളിച്ച് ഓർമിപ്പിച്ചു. കുഴി നികത്താത്തതുകൊണ്ടു വീണ്ടും ഇക്കാര്യം അറിയിച്ചു.

അപകടമുണ്ടായ കുഴിയുളള സ്ഥലം ജല അതോറിറ്റിയുടെ കടവന്ത്ര ഓഫിസിനു കീഴിലാണ് എന്നാണു പറയുന്നത്. അടുത്തടുത്തുളള ഓഫിസായതിനാൽ അങ്ങോട്ടുമിങ്ങോട്ടും പറയാമെന്നും അറിയിച്ചതാണ്. അടിയന്തര സാഹചര്യമാണെന്നു പറഞ്ഞാൽ ഉടൻ പണി ചെയ്യാൻ അനുമതി നിരസിക്കാറില്ല. അങ്ങനെയൊരു സാഹചര്യമാണെന്നു ജല അതോറിറ്റി അറിയിച്ചിരുന്നെങ്കിൽ അനുമതി നൽകുമായിരുന്നു. അത്തരം സാഹചര്യത്തിൽ അന്നുതന്നെ പണി ചെയ്യാനും തയാറാണ്.’

വീഴ്ച എവിടെ?

ഡിമാൻഡ് നോട്ടിസ് കിട്ടിയ ശേഷം ജല അതോറിറ്റി കലൂർ ഓഫിസിൽ വീഴ്ച സംഭവിച്ചോ? ജല അതോറിറ്റി കലൂർ സെക്‌ഷൻ അസി. എൻജിനിയർ അനിത എം. നായർ നൽകുന്ന മറുപടി ഇങ്ങനെ:‘കലൂർ- ഇടപ്പളളി റോഡിൽ ഇടപ്പള്ളിയിലേക്കുള്ള ഭാഗമാണു കലൂർ സെക്‌ഷനു കീഴിൽ വരുന്നത്. കലൂരിലേക്കുള്ള മറുഭാഗം കടവന്ത്രയിലുള്ള വൈറ്റില സെക്‌ഷനു കീഴിലാണ്. ഞങ്ങളുടെ പരിധിയിലുള്ള ഭാഗത്തെ 3 സ്ഥലങ്ങളിൽ റോഡ് കുഴിച്ചു പണി ചെയ്യാനാണു ഞങ്ങളുടെ ഓഫിസിൽനിന്ന് അനുമതി ചോദിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ പല തവണ അനുമതി തേടി. ഒടുവിൽ നവംബറിൽ ഡിമാൻഡ് നോട്ടിസ് ലഭിച്ചു.

അപകടമുണ്ടായ ഭാഗത്തെ അറ്റകുറ്റപ്പണിക്കായി വൈറ്റില സെക്‌ഷൻ ഓഫിസിൽനിന്നാണ് അനുമതി തേടിയത്. അതിന്റെ ഡിമാൻഡ് നോട്ടിസ് ഞങ്ങളുടെ ഓഫിസിൽ ലഭിച്ചിട്ടുമില്ല. ഞങ്ങൾക്കു ലഭിച്ച ഡിമാൻഡ് നോട്ടിസ് ലഭിച്ചതനുസരിച്ചു പണം പിന്നീടു നൽകാമെന്ന വ്യവസ്ഥയിൽ പണി ചെയ്യാൻ ബുധനാഴ്ച പൊതുമരാമത്തു വകുപ്പ് അനുമതി നൽകി. ട്രാഫിക്കിന്റെ കൂടി അനുമതി ലഭിച്ചാൽ പണി ചെയ്യും’

സംശയങ്ങൾ ബാക്കി

അനാസ്ഥയുടെ നേർചിത്രമെന്തെന്ന് ഈ 3 ഉന്നതോദ്യോഗസ്ഥരുടെ മറുപടിയിൽനിന്നു വ്യക്തം. 8 മാസം മുൻപു രൂപപ്പെട്ടതെന്നു സമീപവാസികളും വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്ന കുഴിയുടെ കാര്യത്തിലാണു വകുപ്പുകളുടെ ഈ കൈകഴുകൽ എന്നുകൂടി ഓർക്കുക. ഈ വിശദീകരണം കേൾക്കുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളുണ്ട്.? 8 മാസമായി പൈപ്പ് പൊട്ടി ജലം നഷ്ടപ്പെടുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്ന കുഴിയുടെ കാര്യം നവംബർ ആദ്യവാരം വരെ ജല അതോറിറ്റി അറിയാതെ പോയതെന്തുകൊണ്ട്?? പൊതുമരാമത്തു വകുപ്പ് അധികൃതർ കുറ്റപ്പെടുത്തും പോലെ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലിയാണിതെന്ന് എന്തുകൊണ്ടു ബോധ്യപ്പെടുത്തിയില്ല? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അനുമതി കിട്ടാത്തതിനെതിരെ ഉന്നതതല ഇടപെടലിനു ശ്രമിക്കാമായിരുന്നില്ലേ?

? സ്വന്തം ഉടമസ്ഥതയിലുള്ള റോഡിൽ അപകടകരമായ കുഴി രൂപപ്പെടുന്ന സാഹചര്യം ഉണ്ടായി മാസങ്ങളായിട്ടും എന്തുകൊണ്ടു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ കണ്ണടച്ച് അപേക്ഷയുടെ മേൽ അടയിരുന്നു?? അറ്റകുറ്റപ്പണി ചെയ്യാനുള്ള അനുമതി നൽകാനുള്ള അനിശ്ചിതമായ കാലതാമസത്തിന് എന്തു ന്യായം പറയും?? റോഡ് കുഴിക്കാൻ അനുമതി തേടിയ ഓഫിസിലേക്കല്ലേ ഡിമാൻഡ് നോട്ടിസ് അയയ്ക്കേണ്ടത്. ഓഫിസ് മാറിപ്പോയെന്നു ബോധ്യപ്പെട്ടങ്കിൽ അതു തിരുത്തിയോ? ? റോഡിലെ അപകടക്കെണിയായി തുടരുന്ന കുഴി മൂടേണ്ടത് അടിയന്തര സാഹചര്യമാണെന്നു ബോധ്യപ്പെടാൻ ജല അതോറിറ്റി ബോധ്യപ്പെടുത്തണോ?

ഈ ചോദ്യങ്ങൾക്കു ബന്ധപ്പെട്ട വകുപ്പുകൾക്ക് എന്താണു മറുപടി. സ്വന്തം ഉത്തരവാദിത്തമില്ലായ്മയ്ക്കുള്ള തൊടുന്യായങ്ങളായിരിക്കും അതെന്ന് ഉറപ്പ്. ഈ സ്ഥിതി തുടരുന്നിടത്തോളം, അതിനുത്തരവാദികൾ ന്യായവാദങ്ങളുടെ മേൽ സുരക്ഷിതരായിരിക്കുന്നിടത്തോളം റോഡിലെ കുഴികളും ദുരന്തങ്ങളും ആവർത്തിക്കുമെന്നുറപ്പ്.

അകാലത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം; അന്വേഷണത്തിനു പഞ്ഞമില്ല

കൊച്ചി ∙ നിർധന കുടുംബത്തിന്റെ സ്വപ്നങ്ങളാണു യദുവിനോടൊപ്പം പൊലിഞ്ഞത്. കാൻസർ രോഗിയായ അമ്മ, തയ്യൽതൊഴിലാളിയായ പിതാവ്, സഹോദരൻ എന്നവരടങ്ങിയ കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു യദു. പോളിടെക്നിക് കോഴ്സ് പൂർത്തിയാക്കിയ ശേഷം കംപ്യൂട്ടർ കോഴ്സ് ചെയ്തു മികച്ചൊരു ജോലി സമ്പാദിക്കാനായിരുന്നു ആഗ്രഹം. കോഴ്സിനു ഫീസടയ്ക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.

പഠനത്തിനും കുടുംബച്ചെലവുകൾക്കും പണം കണ്ടെത്താനാണ് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നത്. അങ്കണവാടി അധ്യാപികയായ അമ്മ നിഷയ്ക്കു കാൻസർ ബാധിച്ചതോടെ ജോലിക്കു പോകാൻ കഴിയുന്നില്ല. പിതാവ് ലാലനും ഇതോടെ തയ്യൽ കടയിൽ കൃത്യമായി പോകാൻ കഴിയാതായി. പഠനത്തിന്റെ ചെലവിനൊപ്പം അമ്മയുടെ ചികിത്സയ്ക്കും കുടുംബത്തിലെ മറ്റു ചെലവുകൾക്കും താങ്ങായിരുന്നതു യദുവിന്റെ വരുമാനമായിരുന്നു. മെക്കാനിക്കായ അനുജൻ നന്ദുലാലിനു കാർ വർക്ക്ഷോപ്പിലാണു ജോലി.

അന്വേഷണത്തിനു പഞ്ഞമില്ല

റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനു കലക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണച്ചുമതല. പൊതുമരാമത്തു വകുപ്പിനോടും ജല അതോറിട്ടിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് അടിയന്തരമായി പൂർവസ്ഥിതിയിലാക്കാൻ വകുപ്പുകൾക്കു കലക്ടർ നിർദേശം നൽകി.

∙ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി വകുപ്പു സെക്രട്ടറി ഡോ. ബി. അശോകിനു നിർദേശം നൽകി.

∙ അപകടത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിങ് ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഞാൻ അവിടെനിന്നു മടങ്ങും വഴി അപകടമുണ്ടായ കുഴിയുടെ അവസ്ഥ ശ്രദ്ധിച്ചിരുന്നു. വലിയ അപകടക്കെണിയാണെന്നു ബോധ്യപ്പെട്ടതിനാൻ മെട്രോയുടെ ഉന്നതതോദ്യോഗസ്ഥനെ വിളിച്ച് അക്കാര്യം അറിയിക്കുകയും ചെയ്തു. മെട്രോ കടന്നുപോകുന്ന വഴിയായതിനാലാണ് അവരോടു പറഞ്ഞത്. ഉടൻ പരിഹാരം കാണാൻ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞതാണ്. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ ജീവനെടുത്ത ദുരന്തത്തിലേക്കു നയിച്ചത്.– പി.ടി. തോമസ് എംഎൽഎ

8 മാസമായി പൈപ്പ് പൊട്ടി ഈ കുഴി രൂപപ്പെട്ടിട്ട്. ഇവിടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. വെള്ളവും പാഴാവുന്നു. പൈപ്പിന്റെ അറ്റകുറ്റപ്പണി ചെയ്തു റോഡിലെ കുഴിയടയ്ക്കണമെന്നു ജല അതോറിറ്റിയിലെയും പൊതുമരാമത്തു വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പലതവണ പറഞ്ഞതാണ്. അവർ അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ റോഡിൽതന്നെ ഇത്തരത്തിലുള്ള അപകടക്കെണികൾ വേറെയുമുണ്ട്.– ജോസഫ് അലക്സ് (നഗരസഭാ കൗൺസിലർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com