ADVERTISEMENT

കൊച്ചി ∙ ഉറ്റവരില്ലാത്ത യുവാവിനു വൃക്ക ദാനം നൽകി വീട്ടമ്മയുടെ കാരുണ്യ മാതൃക. കോട്ടയം നീറിക്കാട് പുത്തൻപടിക്കൽ ദിലീപ് തമ്പിയുടെ ഭാര്യ സീത തമ്പിയാണ് (47) പാലക്കാട് കോട്ടായി ചെറുകുളം കൊറ്റമംഗലത്തെ ജയകൃഷ്ണന് (18) തന്റെ വൃക്ക  നൽകിയത്. എട്ടാം തീയതിയായിരുന്നു സീതാ തമ്പിയുടെ 23–ാം വിവാഹ വാർഷികം. വൃക്ക മാറ്റിവയ്ക്കൽ ശസ്തക്രിയയ്ക്കായി സീതയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അന്നു തന്നെ. 10നായിരുന്നു ശസ്ത്രക്രിയ. ഇന്നലെ സീതാ തമ്പിയെ മുറിയിലേക്കു മാറ്റി.

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയകൃഷ്ണനെ മുത്തശ്ശിയാണു വളർത്തിയത്. ദരിദ്ര കുടുംബാംഗമായ ഈ ദലിത് യുവാവ് അസുഖ ബാധിതനായതോടെ ആകെ തളർന്നു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് സഹായവുമായെത്തി. പക്ഷേ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റു പോംവഴിയില്ലായിരുന്നു. യോജിച്ച വൃക്കയ്ക്കായുള്ള അന്വേഷണം ഫലം കണ്ടില്ല. അപ്പോഴാണു ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഡ്മിൻ പാനൽ അംഗം സീത സ്വയം സന്നദ്ധയായി രംഗത്തെത്തിയത്. പരിശോധനയിൽ വൃക്ക ജയകൃഷ്ണനു യോജിക്കുമെന്നു കണ്ടെത്തി.

പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും സീത തീരുമാനത്തിൽ നിന്നു പിൻമാറിയില്ല. ഭർത്താവ് ദിലീപും മക്കളായ കാശ്മീരയും കാവേരിയും ഒപ്പം നിന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ദിലീപ് നാട്ടിലെത്തി സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം ജനകീയ പങ്കാളിത്തത്തോടെ ദയ ചാരിറ്റബിൾ സൊസൈറ്റിയാണു കണ്ടെത്തിയത്.  ശസ്ത്രക്രിയയുൾപ്പെടെയുള്ള കാര്യങ്ങൾക്കായി 10 ലക്ഷം രൂപയോളം ചെലവായെന്നും ജയകൃഷ്ണന് വീടു വച്ചു നൽകാനും സംഘടന ലക്ഷ്യമിടുന്നുണ്ടെന്നും ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com