ADVERTISEMENT

കളമശേരി ∙ പെരിയാറിന്റെ കൈവഴിയായ മുട്ടാർപുഴയിൽ വൻതോതിൽ മത്സ്യക്കുരുതി. ആയിരക്കണക്കിനു രൂപയുടെ മത്സ്യസമ്പത്താണ് രണ്ടു ദിവസം കൊണ്ട് നശിച്ചത്. ചെറുമീനുകൾക്കു പുറമെ മഞ്ഞക്കൂരി, കരിമീൻ, പിലോപ്പി, വാള തുടങ്ങിയ മത്സ്യങ്ങളും ചത്തടിഞ്ഞു. മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപമാണ് മത്സ്യനാശം കൂടുതലുണ്ടായത്. ജലത്തിലെ ഓക്സിജൻ കുറഞ്ഞതാണ് മത്സ്യ നാശത്തിനു കാരണമായതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) വ്യക്തമാക്കി.

മുട്ടാർ പുഴയിൽ ജലത്തിൽ അലിഞ്ഞിട്ടുള്ളു വായുവിന്റെ അളവ് 0.3മില്ലിഗ്രാം/ലീറ്റർ ആണ്. വായുവിന്റെ അളവ് 4 മില്ലിഗ്രാം/ലീറ്ററിൽ കുറഞ്ഞാൽ ജലജീവികളുടെ നാശത്തിനു കാരണമാകുമെന്നും അവർ വ്യക്തമാക്കി. ഒഴുക്കില്ലാത്തതും ഷട്ടറുകൾ തുറക്കാത്തതിനാൽ വെള്ളം കെട്ടിക്കിടക്കുന്നതും വിവിധയിനം ആൽഗകളുടെ വളർച്ചയും വിവിധ സ്രോതസ്സുകളിൽ നിന്ന് പുഴയിലേക്കു തള്ളുന്ന മാലിന്യവും മുട്ടാർപുഴ നേരിടുന്ന വെല്ലുവിളികളാണ്.

എല്ലാ വേനൽക്കാലത്തും പെരിയാറിലും കൈവഴികളിലും മത്സ്യക്കുരുതി പല ഘട്ടങ്ങളിലായി നടന്നിട്ടുണ്ട്. പാതാളത്തെയും മഞ്ഞുമ്മലിലെയും ഷട്ടറുകൾ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. മേൽത്തട്ടിൽ നിന്നുള്ള ഒഴുക്കിന്റെ ശക്തി കുറവായതിനാൽ ഷട്ടറുകൾ തുറക്കാൻ കഴിയുന്നില്ലെന്നാണ് ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കുന്നത്. വേനൽക്കാലമായതോടെ പുഴയിലെ ജലനിരപ്പ് താഴുന്നത് പതിവാണ്. മുട്ടാർപുഴയിൽ ഒട്ടേറെ ശുദ്ധജല പമ്പിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിനാൽ പ്രശ്നം അതീവ ഗുരുതരമാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് പിസിബി ജലസേചന വകുപ്പിനും കളമശേരി നഗരസഭക്കും പലവട്ടം നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ നാളിതുവരേയും ഫലപ്രദമായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. തൂമ്പുങ്കൽ തോടുവഴി ഒഴുകി വരുന്ന മലിനജലം മഞ്ഞുമ്മൽ ഷട്ടറിനോട് ചേർന്ന് കെട്ടിക്കിടക്കുകയാണ്. പൊതുകാനകൾ വഴിയും വലിയ അളവിൽ മലിനജലം പെരിയാറിൽ എത്തിച്ചേരുന്നുണ്ട്. ജലത്തിന്റെ അളവ് കുറഞ്ഞതിനാൽ മലിനജലം കലർന്ന് ഓക്സിജന്റെ അളവ് വളരെ കുറവാണ്.

കഴിഞ്ഞ വർഷം വേനൽക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുകയും ജൈവമാലിന്യ പ്രഭാവം കൂടുതലാവുകയും ചെയ്തപ്പോൾആൽഗൽ ബ്ലൂം പ്രതിഭാസം ഉണ്ടായതാണ്. ഇതിന്റെ പരിശോധനക്കായി പ്രത്യേക സാംപിളുകൾ ശേഖരിച്ചിരുന്നു. കളമശേരി നഗരസ‌ഭക്ക് 2.47 കോടി രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം ചുമത്തി നോട്ടിസ് നൽകിയത് കഴിഞ്ഞ ദിവസമാണ്. ആലുവ നഗരസഭ സീവേജ് ട്രീറ്റ്മെന്റിനായി സ്ഥാപിച്ച പ്ലാന്റ് പ്രവർത്തനരഹിതമായി കിടക്കുന്നത് വർധിച്ച തോതിൽ സിവേജ് മാലിന്യം പെരിയാറിലേക്കൊഴുകാൻ കാരണമായിട്ടുണ്ട്.

നഷ്ടപരിഹാരം ചുമത്താതിരിക്കാൻ കാരണം ചോദിച്ചു കൊണ്ട് പിസിബി ആലുവ നഗരസഭക്കും നോട്ടിസ് നൽകിയിരിക്കുകയാണ്. ഓക്സിജൻ കുറയുന്നതും അതുവഴിയുണ്ടാകുന്ന മത്സ്യക്കുരുതിയും എല്ലാക്കാലത്തും സംഭവിക്കുന്നതിനാൽ ജലസേചന വകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഹിയറിങ് നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് പിസിബി അറിയിച്ചു. പുഴയിലെ മിനിമം ഒഴുക്ക് നിലനിർത്തുന്നതു സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നിലവിലുണ്ടെങ്കിലും നടപ്പിലാക്കുന്നില്ല. മുട്ടാർപുഴയെ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന സ്ഥാപനങ്ങൾ ബിപിസിഎൽ കൊച്ചിൻ റിഫൈനറി, ഫാക്ട്, അമൃത ആശുപത്രി, ടിസിസി, എച്ച്ഐഎൽ, കിൻഫ്ര, അപ്പോളോ ടയേഴ്സ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com