ADVERTISEMENT

കുണ്ടന്നൂർ ∙ ‘ഒരു വശത്തു കോൺക്രീറ്റ് പൊടിക്കൽ, മറുവശത്തു പൊടിക്കെതിരെ സമരം... നാടകീയ രംഗങ്ങളായിരുന്നു മരടിൽ. പൊടിശല്യത്തിനു പരിഹാരം തേടി വീട്ടമ്മമാർ നഗരസഭാധ്യക്ഷയെയും വൈസ് ചെയർമായെയും ഉപരോധിക്കുമ്പോൾ ഹോളിഫെയ്ത് എച്ച്2ഒയിൽ കോൺക്രീറ്റ് അവശിഷ്ടം പൊടിക്കുന്ന തിരക്കായിരുന്നു. അതേസമയംതന്നെയാണു നഗരസഭാധികൃതർ വിളിച്ചുപറഞ്ഞ് ഒരു ടാങ്കർ വെള്ളം എത്തിയത്. ഫ്ലാറ്റിനു നേരെ എതിർവശത്തെ കാട്ടിത്തറ മേരി മേബിളിന്റെ വീടിന്റെ മുകളിലേക്കു ഹോസ് വലിച്ചു വെള്ളം ചീറ്റിച്ചു പരിസരത്തെ പൊടിയെല്ലാം കഴുകുന്നിതിനിടെയായിരുന്നു ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കരാർ കമ്പനി പൊടിച്ചുതുടങ്ങിയത്.

സമരം, കഴുകൽ, പൊടിക്കൽ... അങ്ങനെ ഉഷാറായി മുന്നേറുമ്പോഴാണു പരിസരവാസിയായ നെടുംപറമ്പിൽ ജോസഫ് പ്രായത്തെ അവഗണിച്ചു സൈക്കിളിൽ എത്തിയത്. യന്ത്രം ഉപയോഗിച്ചു പൊടിക്കുന്നതിനാൽ പൊടിശല്യം രൂക്ഷമാണെന്നും നിർത്തണമെന്നുമായിരുന്നു ആവശ്യം. ഇത് അവഗണിച്ചു പണിക്കാർ പൊടിക്കൽ തുടർന്നു. ഇതോടെ ജോസഫ് സൈക്കിളിൽ നിന്നിറങ്ങി കല്ലെടുത്തു. ‘‘നിർത്തിയില്ലെങ്കിൽ എറിഞ്ഞു താഴെയിടും, ഇതിന്റെ പേരിൽ ജയിലിൽ പോകാനും മടിയില്ല’’ എന്നായി കക്ഷി.  പൊലീസുകാർ എത്തി സമാധാനിപ്പിച്ചതോടെ ജോസഫ് കല്ല് താഴെയിട്ടു. പണി നിർത്താൻ പൊലീസുകാർ നിർദേശം നൽകി.

സംഭവം അറിഞ്ഞു നഗരസഭാധ്യക്ഷ സ്ഥലത്തെത്തി. ഉപരോധക്കാരുടെ വലയത്തിലായിരുന്നു അപ്പോഴും നഗരസഭാധ്യക്ഷ. മോട്ടർ പമ്പ് ഉപയോഗിച്ച് വെള്ളം നനച്ചു പൊടിക്കൽ തുടരാൻ നാട്ടുകാരും നഗരസഭാധികൃതരും കരാറുകാരോടു പറഞ്ഞെങ്കിലും അവരുടെ പക്കൽ ഉണ്ടായിരുന്നതു ചെറിയ പമ്പായിരുന്നു. 2 നില ഉയരത്തിൽ  കിടക്കുന്ന കോൺക്രീറ്റ് മാലിന്യത്തിൽ ചെറിയ പമ്പിൽ വെള്ളം ചീറ്റിച്ചെങ്കിലും ഒന്നുമായില്ല. ഇതോടെ നാട്ടുകാർ കൂടുതൽ ക്ഷുഭിതരായി.

കൂടുതൽ മോട്ടറുകൾ എത്തിച്ചു വെള്ളം നനച്ചതിനു ശേഷം മാത്രമേ പൊടിക്കൽ തുടരുകയുള്ളു എന്നു കരാറുകാർ ഉറപ്പു നൽകിയതോടെ എല്ലാവരും ഫ്ലാറ്റ് പരിസരത്തുനിന്നു പിരിഞ്ഞു. എന്നാൽ  നഗരസഭയിൽ സമരം തുടർന്നു. വൈകിട്ട് 4നു സബ് കലക്ടർ എത്തി ഡിവിഷൻ കൗൺസിലർ സുനീല സിബി, സമരത്തിൽ പങ്കെടുത്ത നെടുംപിള്ളിൽ ജെമി ബാബു എന്നിവരുമായി നടത്തിയ ചർച്ചയിൽ ഫയർ എൻജിൻ ഉപയോഗിച്ചു പൊടി കഴുകുന്നതിന് ഏർപ്പാടുണ്ടാക്കാമെന്ന ഉറപ്പിലാണു സമരം അവസാനിച്ചത്. ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്നതിനു നഗരസഭയും നടപടിയെടുക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com