ADVERTISEMENT

തൃപ്പൂണിത്തുറ∙ ആലുവ എടയാർ സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി ക്രൈംബ്രാഞ്ച് പിടിയിൽ. തൊടുപുഴ വെങ്ങാലൂർ സ്വദേശി ജമാലിനെയാണ് (40) തൊടുപുഴ ഭാഗത്തു വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂവാറ്റുപുഴ മടക്കത്താനം വെള്ളാപ്പള്ളി വീട്ടിൽ അജ്മൽ(37), ആലപ്പുഴ നരകത്തറ കാവാലം ചെങ്കളത്തിൽ വീട്ടിൽ ദീപക്(48) എന്നിവർക്കിടയിലെ കണ്ണിയാണ് ജമാൽ.ആദ്യഘട്ടത്തിൽ അഞ്ചു പ്രതികൾ പൊലീസ് പിടിയിലായ സമയത്ത് അജ്മലിന്റെ കൈയിൽ ആയിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.

ജമാൽ.

തുടർന്ന് ജമാലാണ് അജ്മലിന്റെ കൈയിൽനിന്ന് സ്വർണം എടുത്ത് ദീപക്കിനു നൽകിയത്. പൊടി രൂപത്തിലുള്ള സ്വർണം ദീപക് ചങ്ങനാശേരിയിലെ ഒരു സ്വർണപ്പണിക്കാരനെ കൊണ്ട് കട്ടയാക്കി മാറ്റിയ ശേഷം കോട്ടയത്തെ ജ്വല്ലറിക്കാർക്ക് വിറ്റു. സ്വർണം വിറ്റ പണവും ജമാൽ തന്നെയാണ് ദീപക്കിന്റെ അടുത്തു നിന്ന് വാങ്ങി അജ്മലിന് നൽകിയത് എന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. 4 കഞ്ചാവ് കേസിൽ പ്രതിയാണ് ജമാൽ. തൊടുപുഴയിൽ വച്ച് കാറിൽ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ക്രൈംബ്രാഞ്ച് സംഘം സഞ്ചരിച്ചിരുന്ന കാർ കുറുകെ ഇട്ടാണു പിടികൂടിയത്.

ദീപക്കിന്റെ അറസ്റ്റോടെ 2 കിലോഗ്രാം സ്വർണം കോട്ടയത്തെ ചില സ്വർണക്കടകളിൽ വിറ്റഴിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയ് 9 നാണ് എടയാർ വ്യവസായ മേഖലയിലെ ശുദ്ധീകരണ ശാലയിലേക്കു ശുദ്ധീകരിക്കാനായി കാറിൽ കൊണ്ടുവന്ന 20 കിലോഗ്രാം സ്വർണം ജീവനക്കാരെ ആക്രമിച്ച് പ്രതികൾ തട്ടിയെടുത്തത്. പ്രതികൾ പിടിയിലായെങ്കിലും കേസിലെ നിർണായക തൊണ്ടി മുതലായ സ്വർണം കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com