ADVERTISEMENT

ആലുവ∙ 2 വർഷം മുൻപു കാണാതായ സഹോദരനെ തേടി ഫൗസിയയും സുനിതയും ഷെമീമയും എത്താത്ത ഒരു റെയിൽവേ സ്റ്റേഷനും കേരള‌ത്തിലില്ല. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ മാറിമാറി സഞ്ചരിച്ച്, സഹോദരൻ നൗഷാദിന്റെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഭിത്തികളിൽ പതിച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മൂവരും. കണ്ണൂർ നാറാത്ത് ഹർഷ വില്ലയിൽ പരേതനായ മുഹമ്മദാലിയുടെ 5 മക്കളിൽ മൂത്തയാളാണ് നൗഷാദ് (43). ഒരുപാടു വായിക്കുകയും എഴുതുകയും ചെയ്യുന്ന നൗഷാദിന്റെ ലക്ഷ്യം തിരക്കഥാകൃത്താകുക എന്നതായിരുന്നു.

സിനിമയിൽ അവസരം തേടി പോയാൽ എട്ടൊൻപതു മാസം കഴിഞ്ഞാണു വീട്ടിൽ മടങ്ങിയെത്താറ്. അതിനാൽ 2017 ഓഗസ്റ്റിൽ കൊച്ചിയിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ നൗഷാദ് തിരിച്ചെത്താൻ വൈകിയിട്ടും വീട്ടുകാർ അന്വേഷിച്ചില്ല. കുറച്ചു ദിവസം കഴിഞ്ഞു നൗഷാദിന്റെ ഡയറിയും മൊബൈൽ ഫോണും പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപം കണ്ടതായി നൗഷാദിന്റെ സുഹൃത്തിനെ ഒരാൾ ഫോണിൽ അറിയിച്ചു. നൗഷാദിന്റെ തന്നെ മൊബൈലിൽ നിന്നാണ് വിളിച്ചത്. സുഹൃത്ത് ഇതു വീട്ടുകാരോടു പറഞ്ഞതു 2 മാസം മുൻപ്. ഇപ്പോൾ ആ ഫോൺ സ്വിച്ച്ഓഫാണ്. ഇതിനിടെ ഡിസംബർ 13നു മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ശുചിമുറിക്കു സമീപം നൗഷാദിനോടു സാമ്യമുള്ള ഒരാൾ അവശനിലയിൽ കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

അതു പോസ്റ്റ് ചെയ്തയാളെ കണ്ടെത്തി വീട്ടുകാർ നൗഷാദിന്റെ പഴയ ചിത്രങ്ങൾ കാണിച്ചപ്പോൾ ട്രെയിനിൽ കണ്ടതു നൗഷാദ് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തുടർന്നു മുഖ്യമന്ത്രിയെ നേരിൽ കണ്ടു പരാതി നൽകി. കായംകുളത്തും ഷൊർണൂരിലും ഇതിനിടെ നൗഷാദിനെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഉമ്മയും ബാപ്പയും ചെറുപ്പത്തിലേ മരിച്ചു. സഹോദരിമാരിൽ ഒരാൾ ഭിന്നശേഷിക്കാരിയാണ്. സ്വന്തം ജോലിയും ബിസിനസുമൊക്കെ ഉപേക്ഷിച്ചാണ് സഹോദരിമാർ നൗഷാദിനെ തേടി ഇറങ്ങിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസിലാണ് കാണാതായതിനു കേസ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com