ADVERTISEMENT

കളമശേരി ∙ മുട്ടാർപുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു മുകളിൽ പുലർച്ചെ 4 മുതൽ 10.30വരെ മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടഞ്ഞു. കരളലിയിക്കുന്ന കാഴ്ച കാണാൻ പാലത്തിൽ ജനങ്ങൾ നിറഞ്ഞതോടെ മഞ്ഞുമ്മൽ പാലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടു. കരിമീൻ, പിലോപ്പി, ചെമ്പല്ലി, വാള, കുറുവ, കോലാൻ തുടങ്ങിയ മത്സ്യങ്ങൾ പുഴയുടെ ഉപരിതലത്തിൽ മരണവെപ്രാളം കാണിക്കുന്നത് ദയനീയ കാഴ്ചയായിരുന്നു. 10.30ഓടെ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഒരു ഷട്ടർ ഉയർത്തി മലിനജലം ഒഴുക്കിക്കളഞ്ഞതോടെയാണ് മത്സ്യക്കുരുതിക്ക് ശമനം വന്നത്.

പിസിബി ഓഫിസ് ഉപരോധിച്ചു

ഏലൂർ ∙  മുട്ടാർപുഴയിലെ മലിനീകരണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്ഥിരം സമിതി അധ്യക്ഷൻമാരടക്കമുള്ള പ്രതിപക്ഷ കൗൺസിലർമാർ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏലൂരിലെ സർവീലൻസ് സെന്റർ ഉപരോധിച്ചു. സ്ഥലത്തെത്തിയ സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി (എൻജിടി) ചെയർമാൻ ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള, പിസിബി എൻവയൺമെന്റൽ ചീഫ് എൻജിനീയർ എം.എ.ബൈജു എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചത്. നഗരസഭാധ്യക്ഷ സി.പി.ഉഷ, കൗൺസിലർമാരായ സിജി ബാബു, എ.ഡി.സുജിൽ, കാർത്തികേയൻ,ലീല ബാബു, എ.കെ.നവാസ്, ടിഷ വേണു, ചന്ദ്രമതി കുഞ്ഞപ്പൻ, മെറ്റിൽഡ ജെയിംസ്, വി.എ.ജെസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഉന്തിത്തോട്ടിലും മത്സ്യക്കുരുതി

ഏലൂർ ∙ മുട്ടാർപുഴക്കു പുറമേ ഏലൂരിൽ ഉന്തിത്തോട്ടിലും വെള്ളത്തിനു നിറം മാറ്റവും മത്സ്യക്കുരുതിയും നടന്നു. ഇവിടെ ചെമ്മീനുകളാണ് ചത്തൊടുങ്ങിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com