ADVERTISEMENT

കൊച്ചി ∙ മെട്രോ തൂണുകൾക്കു മുകളിൽ നിന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി ‘മെട്രോ മിക്കി’യെ ദത്തെടുക്കാൻ തയാറായി എട്ടു പേർ; അതേ സമയം, മിക്കി തന്റെ വളർത്തു പൂച്ചയാണെന്ന അവകാശവാദവുമായി ആലുവ സ്വദേശിനിയും രംഗത്തെത്തി. പനമ്പിള്ളി നഗർ പെറ്റ് ഹോസ്പിറ്റലിൽ മൃഗസ്നേഹികളുടെ അരുമയായി കഴിയുകയാണ് ഇപ്പോൾ ‘മെട്രോ മിക്കി’.പൂച്ചക്കുട്ടിയെ നല്ലപോലെ നോക്കി വളർത്താൻ കഴിയുമെന്ന് ഉറപ്പുള്ളവർക്കു നടപടിക്രമം പൂർത്തിയാക്കി പൂച്ചയെ കൈമാറുമെന്ന് എസ്പിസിഎ എറണാകുളം ഭാരവാഹി ടി.കെ. സജീവ് പറഞ്ഞു. മെട്രോ തൂണിൽ കയറിയതോടെ മിക്കി ഇപ്പോൾ ഒരു ‘സെലിബ്രിറ്റി പൂച്ചക്കുട്ടി’യായി മാറിയിട്ടുണ്ട്. മിക്കിയെ വളർത്താനായി കുട്ടികളും അച്ഛനമ്മമാർ മുഖേന രംഗത്തു വന്നിട്ടുണ്ട്.

മധുര സ്മരണ: കൊച്ചി മെട്രോ റെയിലിന്റെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ച ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ അനുമോദിക്കാൻ കടവന്ത്ര ഫയർ സ്റ്റേഷനിൽ ലഡുവുമായെത്തിയ  ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ ചിത്രം പകർത്തുന്ന ഉദ്യോഗസ്ഥൻ.       ചിത്രം. മനോരമ.
മധുര സ്മരണ: കൊച്ചി മെട്രോ റെയിലിന്റെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ച ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ അനുമോദിക്കാൻ കടവന്ത്ര ഫയർ സ്റ്റേഷനിൽ ലഡുവുമായെത്തിയ ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ ചിത്രം പകർത്തുന്ന ഉദ്യോഗസ്ഥൻ. ചിത്രം. മനോരമ.

തന്റെ വീട്ടിൽ വളർത്തുന്ന പൂച്ചയെ സഹോദരൻ കൊണ്ടു പോയി കളഞ്ഞതാണെന്ന വാദവുമായാണ് ആലുവ സ്വദേശിനി എസ്പിസിഎയെ സമീപിച്ചത്. എന്നാൽ, പൂച്ചക്കുട്ടിയുടെ ഫോട്ടോയോ മറ്റോ എസ്പിസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും കൈമാറിയിട്ടില്ല. വളർത്തു പൂച്ചകളെ നഷ്ടപ്പെട്ട മറ്റു ചിലരും മിക്കിയെ ദത്തെടുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു രംഗത്തു വന്നിട്ടുണ്ട്.എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് ഉചിതരായവരെ ഇന്നു കണ്ടെത്തും. ദത്തെടുക്കുന്നവർ പൂച്ചക്കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് എസ്പിസിഎയ്ക്ക് സത്യവാങ്മൂലം നൽകണം. തുടർന്ന് ഒരു ചടങ്ങിൽ വച്ചു മിക്കിയെ ഔപചാരികമായി കൈമാറും. പൂച്ചക്കുട്ടിയെ മെട്രോ തൂണിനു മുകളിൽ നിന്നു രക്ഷിച്ച അഗ്നിരക്ഷാ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിക്കുമെന്നു ടി.കെ. സജീവ് പറഞ്ഞു.

പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഗാന്ധി നഗറിലെ ഫയർഫോഴ്സ് ഓഫിസിലെത്തി മധുരം നൽകി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അഭിനന്ദിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ നിർവഹിച്ചതു ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ജീവൻ പോലും പണയപ്പെടുത്തിയാണ് അവർ പൂച്ചക്കുട്ടിയെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ നിർദേശ പ്രകാരമാണ് അഗ്നിരക്ഷാ സേന പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താനായി രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com