ADVERTISEMENT

കുറുപ്പംപടി ∙ കോടതി ഉത്തരവനുസരിച്ച് ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് കൈമാറുന്നതിനായി എത്തിയ പൊലീസ് യാക്കോബായ സഭക്കാരുടെ 12 മണിക്കൂർ നീണ്ട  പ്രതിരോധത്തെ തുടർന്നു പിൻവാങ്ങി. ക്രമസമാധാന പ്രശ്നമുണ്ടാക്കി പള്ളിയേറ്റെടുക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു. രാവിലെ 7ന് തുടങ്ങിയ സംഘാർ‌ഷവസ്ഥയ്ക്ക് പൊലീസ് പിൻവാങ്ങിയതോടെ രാത്രി എട്ടോടെയാണ് അയവുണ്ടായത്. വൈകിട്ടോടെ കോതമംഗലത്തുനിന്നും മറ്റുമായി കൂടുതൽ വിശ്വാസികൾ എത്തിയതോടെയാണ് സംഘർഷ സാധ്യത കണക്കിലെടുത്താണ് പൊലീസ് പിൻവാങ്ങിയത്. മുൻകരുതലായി 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കുറുപ്പംപടി സിഐ കെ.ആർ.മനോജിന് എറണാകുളം ജില്ലാ കോടതി ഉത്തരവ് നൽകിയിരുന്നു. തുടർന്ന് രാവിലെ 7ന് പൊലീസെത്തി. ഗേറ്റ് അടച്ച് യാക്കോബായ സഭക്കാർ പ്രതിരോധം തീർത്തു. ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഗേറ്റ് മുറിച്ചാണ് പൊലീസ് സംഘം അകത്തു കടന്നത്. പൊലീസിനെ പ്രതിരോധിക്കുന്നതിനിടയിൽ വൈദികരെയും വിശ്വാസികളെയും പൊലീസ് കയ്യേറ്റം ചെയ്തതായി യാക്കോബായ സഭ ആരോപിച്ചു. പള്ളിക്കു മുന്നിൽ കുത്തിയിരുന്നായിരുന്നു തുടർന്നുള്ള പ്രതിഷേധം. ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ അന്തീമോസ്, വികാരി ഫാ.വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. വിവിധ ഇടവകകളിൽ നിന്നുള്ള  വൈദികരുമെത്തി. 

ഉച്ചയോടെ വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രവേശിച്ച് പ്രാർഥനാ യജ്ഞം തുടങ്ങി. ഇതിനിടയിൽ പള്ളി മുറ്റത്തു നിന്നും പരിസരത്തു നിന്നും പൊലീസ് 9 പേരെ കസ്റ്റഡിയിലെടുത്തു. പ്രാർഥന യജ്ഞത്തിനിടയിൽ‌ നിന്ന് ശുചിമുറിയിൽ പോയി തിരികെയെത്തിയ 5 സ്ത്രീകളെ പള്ളിക്കകത്ത് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. പെരുമ്പാവൂർ ഡിവൈഎസ്പി കെ.ബിജുമോൻ, സ്പെഷൽ തഹസിൽദാർ മുസ്തഫ കമാൽ, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ് എന്നിവർ യാക്കോബായ സഭ വൈദികരും പളളി ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും അവർ പള്ളിയുടെ താക്കോൽ കൈമാറില്ലെന്ന നിലപാടെടുത്തു.

രാത്രി ഏഴോടെ കൂടുതൽ വിശ്വാസികൾ പള്ളി പരിസരത്തെത്തി. പൊലീസ് അടച്ച ഗേറ്റുകൾ വഴിയാണ് ഇവർ പള്ളിമുറ്റത്തേക്ക് എത്തിയത്. പൊലീസ് പിൻമാറണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് പിൻമാറുകയായിരുന്നു. വിശ്വാസികൾ രാത്രിയും പള്ളിയിൽ തന്നെ തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com