ADVERTISEMENT

മൂവാറ്റുപുഴ∙ തലയിലൊരു ശവപ്പെട്ടിയുമായി 25 കിലോമീറ്റർ എം.ജെ.ഷാജി ഒറ്റയ്ക്കു നടന്നു. 8 മണിക്കൂർ നീണ്ട യാത്ര അവസാനിച്ചപ്പോഴേക്കും ഷാജിയുടെ കാൽ നീരു വന്നു വീർത്തിരുന്നു. എങ്കിലും ജനതയെ ഭിന്നിപ്പിക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള ആ ഒറ്റയാൾ പോരാട്ട വീര്യത്തിനൊട്ടും കുറവുണ്ടായില്ല. മൂവാറ്റുപുഴ കക്കടാശേരിയിൽ നിന്നു തൊടുപുഴ വരെ 25 കിലോമീറ്റർ ദൂരമാണ് ഇന്നലത്തെ പൊരിയുന്ന വേനലിൽ പ്രതീകാത്മകമായി തലയിൽ ശവപ്പെട്ടി ചുമന്ന് ഓട്ടോ ഡ്രൈവറായ എം.ജെ.ഷാജി പ്രതിഷേധിച്ചത്.രാവിലെ 10ന് കക്കടാശേരിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ നടത്തം വൈകിട്ട് 6നു തൊടുപുഴ ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്.

പോകുന്ന വഴിയിൽ ഷാജിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഒട്ടേറെ പേർ എത്തി. ഹാരങ്ങൾ അണിയിച്ചും വെള്ളം പകർന്നു നൽകിയും ഒപ്പം നിന്ന്     സെൽഫിയെടുത്തും അൽപ ദൂരം ഒപ്പം നടന്നും ഒട്ടേറെ പേർ ഷാജിയുടെ സമരത്തിന് പിന്തുണ അറിയിച്ചു. ധരിച്ചിരുന്ന റബർ ചെരിപ്പ് കടുത്ത വെയിലിൽ യാത്രയ്ക്കിടെ നശിച്ചു. പിന്നീട് നഗ്നപാദനായാണ് യാത്ര പൂർത്തിയാക്കിയത്. ചുട്ടുപൊള്ളുന്ന ടാർ റോഡിലൂടെയുള്ള യാത്രയിൽ കാൽപാദം രണ്ടിനും പൊള്ളലേറ്റിട്ടുണ്ട്. പൗരത്വ നിയമത്തിന്റെ പേരിൽ ഭരണഘടനയെ വികൃതമാക്കി മതനിരപേക്ഷതയെ ശവപ്പെട്ടിയിൽ അടച്ചതിന്റെ പ്രതിഷേധവുമായാണ് സമരം സംഘടിപ്പിച്ചതെന്നു ഷാജി പറഞ്ഞു. 

ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളിൽ ജനശ്രദ്ധയാകർഷിക്കുന്ന ഒട്ടേറെ ഒറ്റയാൾ സമരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളയാണ് മൂവാറ്റുപുഴ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ പെരുമറ്റം മുണ്ടയ്ക്കൽ എം.ജെ.ഷാജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com