ADVERTISEMENT

നെടുമ്പാശേരി ∙ പരീക്ഷാച്ചൂടിൽ വിയർത്ത് ഭായിമാർ. പലരും പരീക്ഷയെ നേരിടുന്നതുതന്നെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു.  കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയുടെ രണ്ടാം ഘട്ടം പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ പരീക്ഷ (മികവുത്സവം) യിലാണു ഭായിമാരിൽ പലരും ഉത്തരങ്ങൾ ‘എഴുതിയൊപ്പിച്ചത്’. പൊയ്ക്കാട്ടുശേരി ഗവ. എൽപി സ്കൂളിൽ പരീക്ഷയെഴുതിയ റിപ്പോൺ മണ്ഡാരി നാട്ടിൽ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കൊൽക്കത്ത സ്വദേശിയായ മണ്ഡാരിക്ക് ഇംഗ്ലിഷ് എഴുതാനും വായിക്കാനും അറിയാം. കൂട്ടത്തിൽ പലരും നാട്ടിലെ സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ പോയിട്ടുണ്ട്‌.

പക്ഷേ, പരീക്ഷയെ അഭിമുഖീകരിക്കുന്നതു പലരും ഇതാദ്യം. പേരും വീട്ടുപേരും രാജ്യവും സംസ്ഥാനവും മലയാളത്തിൽ എഴുതാൻ ചിലർക്കു ചെറിയ തടസം നേരിട്ടെങ്കിലും പിന്നീട് എഴുതിയൊപ്പിച്ചു. ഇതര സംസ്ഥാനക്കാരെ മലയാളത്തിൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ പദ്ധതിയിൽ 3 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയിൽ 105 പേർ പങ്കെടുത്തു. നേരത്തെ, പഠിതാക്കൾ താമസിക്കുന്ന ക്യാംപുകളിലും വായനശാലകളിലും എത്തി 4 ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ രാത്രി 7 മുതൽ ക്ലാസുകൾ നൽകിയിരുന്നു.പൊയ്ക്കാട്ടുശേരിക്കു പുറമേ മേയ്ക്കാട് അങ്കണവാടി, നെടുമ്പാശേരി വായനശാല എന്നിവിടങ്ങളും പരീക്ഷാകേന്ദ്രമായിരുന്നു. 

പരീക്ഷ വിജയിക്കുന്നവർക്കു സംസ്ഥാന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് നൽകും. മാതൃകാ പദ്ധതിയായി ആദ്യഘട്ടത്തിൽ പെരുമ്പാവൂർ നഗരസഭയിൽ ചങ്ങാതി പദ്ധതി നടപ്പാക്കിയിരുന്നു.പൊയ്ക്കാട്ടുശേരി സ്കൂളിൽ നടന്ന ചടങ്ങിൽ പരീക്ഷാർഥിക്കു ചോദ്യപ്പേപ്പർ നൽകി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ മികവുത്സവം ഉദ്ഘാടനം ചെയ്തു. കെ.എം. സുബൈദ കെ.സി. സ്നേഹലത, മാലതി മോഹൻ, സാക്ഷരതാ പ്രേരക് എ.വി. ഷൈനിമോൾ, പി.സി. സോമശേഖരൻ, അംഗം എൻ.വി. ബാബു തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com