ADVERTISEMENT

വൈപ്പിൻ∙ കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ  ഉടലെടുത്ത പ്രതിസന്ധി  കേരളത്തിലെ  ഞണ്ടുവിപണിയിൽ പ്രതിഫലിച്ചു തുടങ്ങി. ചൈനീസ് വിപണിയിൽ  വൻപ്രിയമുള്ള  ഞണ്ട് ഇനമായ ആർ എഫ് (റെഡ് ഫീമെയിൽ) എടുക്കുന്നതു  മൊത്തക്കച്ചവടക്കാർ  ഇന്നലെ മുതൽ  നിർത്തി. ഇതോടെ പ്രാദേശികവിപണിയിൽ ഞണ്ട് കെട്ടിക്കിടക്കുന്ന  അവസ്ഥയായി. സിംഗപ്പൂർ, മലേഷ്യതുടങ്ങിയ രാജ്യങ്ങളിൽ ഡിമാൻഡുള്ള  മറ്റിനം  ഞണ്ടുകൾ  എടുക്കുന്ന കാര്യത്തിലും മൊത്തക്കച്ചവടക്കാർ ഉറപ്പു  പറയുന്നില്ലെന്നു  പ്രദേശികമായി  ഞണ്ടു ശേഖരിക്കുന്നവർ പറയുന്നു.   ഈ സ്ഥിതി  തുടർന്നാൽ ഈയിനം ‍ ഞണ്ടും കെട്ടിക്കിടക്കുമെന്നാണ്  കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും  ആശങ്ക.

മറ്റിനം ഞണ്ടുകളും ഇന്ത്യയിൽ നിന്നു  കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും നാട്ടിൽ  ‘ചുവപ്പുകാലൻ’  എന്നറിയപ്പെടുന്ന റെഡ് ഫീമെയിൽ  ഞണ്ടുകൾക്കു ചൈനയിൽ വലിയ പ്രിയമാണ്.  മറ്റു ഞണ്ടുകൾ ഭക്ഷ്യ ആവശ്യങ്ങൾക്കാണു കൂടുതൽ ഉപയോഗിക്കുന്നതെങ്കിൽ ഇത്തരം ഞണ്ടുകൾ  ചൈനയിൽ പ്രജനനത്തിനായാണു കൂടുതൽ ഉപയോഗിക്കുന്നത്. ‘പൊന്ന്’ എന്നു നാട്ടിൻപുറങ്ങളിൽ  അറിയപ്പെടുന്ന മുട്ടയുടെ   സാന്നിധ്യം ഇത്തരം ഞണ്ടുകളിൽ  കൂടുതലായതിനാൽ വൻതോതിൽ  കുഞ്ഞുങ്ങളെ  ഉൽപാദിപ്പിക്കാൻ  കഴിയും. മാംസസമ്പന്നമായ വിവിധ വിഭാഗം മഡ്  ഞണ്ടുകൾക്കു  സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലാണു പ്രിയം.

ഈ വിപണികളിൽ ഇപ്പോൾ  പ്രശ്നങ്ങളൊന്നുമില്ലെങ്കിലും  രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ സ്വീകരിച്ചേക്കാവുന്ന മുൻകരുതലുകൾ തിരിച്ചടിയാവുമോയെന്ന ആശങ്ക ശക്തമാണ്. മറ്റു മത്സ്യവിഭവങ്ങളിൽനിന്നു വ്യത്യസ്തമായി ജീവനോടെ  കയറ്റുമതി ചെയ്യുന്നവയാണു ഞണ്ടുകളെന്നതിനാൽ  രോഗബാധയുമായി  ബന്ധപ്പെട്ട  പരിശോധനകളും  നിബന്ധനകളും കൂടുതൽ കർശനമാകാനുള്ള സാധ്യതയുമുണ്ട്. വിപണിയിൽ അനിശ്ചിതത്വത്തിനുള്ള  സാധ്യതകളെക്കുറിച്ചു  മൊത്തവ്യാപാരികൾ 2 ദിവസം മുൻപേ പ്രാദേശികകച്ചവടക്കാർക്കു സൂചന നൽകിയിരുന്നു. എന്നാൽ  ഇന്നലെ രാവിലെയാണു  ഞണ്ട്  എടുക്കുന്നില്ലെന്നുള്ള  അറിയിപ്പു പല വ്യാപാരികൾക്കും  ലഭിച്ചത്.

അതിനിടയിൽ  തൊഴിലാളികളിൽനിന്നും ചെമ്മീൻകെട്ടുകൾ, ഞണ്ടു വളർത്തൽ  കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുമെത്തിയ ഞണ്ട് പല വ്യാപാരികളും  സംഭരിച്ചിരുന്നു. ഈ സ്റ്റോക്ക് എന്തുചെയ്യുമെന്നറിയാത്ത   പ്രതിസന്ധിയിലാണ് ഇവർ. കയറ്റിപ്പോകില്ലെന്നു  വ്യക്തമായതോടെ  ഇന്നലെ ആർ എഫ് ഞണ്ടുകൾ  കുറഞ്ഞതോതിലാണെങ്കിലും പ്രാദേശിക വിപണിയിൽ വിൽപനയ്ക്കെത്തി. ഞണ്ടിനു  വില  ഏറ്റവും ഉയർന്നുനിൽക്കുന്ന സമയത്തു തന്നെയാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തതെന്നതു സംരംഭകർക്കു വൻ തിരിച്ചടിയായി. കത്തിക്കയറി നിന്ന വിപണി ഒറ്റ ദിവസം കൊണ്ടാണു വീണത്.

ആർഎഫിന്  കഴിഞ്ഞ ദിവസത്തെ വില കിലോഗ്രാമിന് 1200 രൂപയായിരുന്നു. മഡ് ഞണ്ടിനു കിലോഗ്രാമിന് 2200രൂപ. മത്സ്യത്തൊഴിലാളികൾക്കു  പുറമേ,  ചെമ്മീൻകെട്ടുടമകൾക്കും  ‍ഞണ്ടുകൾ വഴി ലഭിച്ചിരുന്ന വരുമാനം വലിയ ആശ്വാസമായിരുന്നു.   കെട്ടുമകളും ഫാം നടത്തിപ്പുകാരും  വൻതോതിലാണു ഞണ്ടിൻകുഞ്ഞുങ്ങളെ   നിക്ഷേപിച്ചിരുന്നത്. ചൂടു കൂടിയാൽ  ഞണ്ടു  ചത്തുപോവാനുള്ള സാധ്യതയുള്ളതിനാൽ  വ്യാപകമായി വിളവെടുപ്പു നടക്കുന്ന സമയം കൂടിയാണിത്. ഇതിനിടെ  വില കൂടുകയും  ചെയ്തതോടെ  ഞണ്ടു വിപണി ഒന്നുകൂടി ഉഷാറായിരുന്നു. അതിനിടയിലാണു തികച്ചും അപ്രതീക്ഷിതമായി പ്രതിസന്ധി ഉടലെടുത്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com