ADVERTISEMENT

കൊച്ചി∙ പേരിടുന്ന പണി പണ്ടേ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു പറഞ്ഞിട്ടുളളതല്ല. മുൻപു കുട്ടിയാനയ്ക്കു പേരു ചോദിച്ചു വടി പിടിച്ച കെഎംആർഎൽ ഇത്തവണ സ്റ്റേഷന്റെ പേരു മാറ്റിയാണു കുടുങ്ങിയിരിക്കുന്നത്. ലിസി മെട്രോ സ്റ്റേഷന്റെ പേര് ടൗൺ ഹാൾ സ്റ്റേഷനെന്നു മാറ്റിയതോടെ കൊച്ചി മെട്രോയുടെ ഫെയ്സ് ബുക്ക് പേജിൽ പ്രതിഷേധ പൊങ്കാലയാണ്. നോർത്ത് മേൽപ്പാലത്തിന്റെ  മറുവശത്തുളള ടൗൺ ഹാളിന്റെ പേര് എങ്ങനെയാണു സ്റ്റേഷനു നൽകാനാകുക എന്നാണു പ്രധാന ചോദ്യം. എറണാകുളം നോർത്ത് മെട്രോ സ്റ്റേഷൻ എന്ന് പേരു മാറ്റണമെന്നാണു  സമൂഹ മാധ്യമങ്ങളിലെ പ്രധാന നിർദേശം. ആശയകുഴപ്പം  ഒഴിവാക്കാൻ ഇതാണു ഏറ്റവും നല്ലതെന്നും യാത്രക്കാർ പറയുന്നു. 

 കൊച്ചി മെട്രോയുടെ എഫ്ബി പേജിലെ  പ്രതികരണങ്ങൾ
കൊച്ചി മെട്രോയുടെ എഫ്ബി പേജിലെ പ്രതികരണങ്ങൾ

ഒരു പ്രദേശം മുഴുവൻ നോർത്ത് എന്ന് അറിയപ്പെടുമ്പോൾ ടൗൺ ഹാൾ സ്റ്റേഷൻ എന്നു പേരിടുന്നതിലെ യുക്തിയാണു ചോദ്യം ചെയ്യപ്പെടുന്നത്. റെയിൽവേ സ്റ്റേഷന്റെ പേര് തന്നെ എറണാകുളം ടൗൺ എന്നതു മാറ്റി എറണാകുളം  നോർത്ത് ആക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണു  മെട്രോ  സ്റ്റേഷന് അധികൃതർ  ടൗൺ ഹാളെന്നു പേരിട്ടിരിക്കുന്നത്. ഇതേ മാതൃകയിൽ സൗത്ത് മെട്രോ സ്റ്റേഷന്റെ പേര് ഗേൾസ് സ്കൂൾ എന്നാക്കുമോയെന്നും ചിലർ ചോദിക്കുന്നു. തീരുമാനത്തെ ആന മണ്ടത്തരമെന്നു വിശേഷിപ്പിച്ചവരും ധാരാളം. ലിസി മെട്രോ സ്റ്റേഷന്റെ പേരു മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി കെഎംആർഎൽ മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി. കലൂർ സ്റ്റേഡിയത്തിലെ മെട്രോ സ്റ്റേഷന്റെ പേര്‌ ജെ.എൽ.എൻ. സ്റ്റേഡിയം എന്ന് മാറ്റി ജവാഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയം എന്ന് ആക്കണമെന്നും  എംപി ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com