ADVERTISEMENT

കൊച്ചിയുടെ വികസനക്കുതിപ്പിന് ആക്കംകൂട്ടി മെട്രോ വന്നതോടൊപ്പം 5 മേൽപാലങ്ങൾകൂടി തലയുയർത്തി. മെട്രോയുടെയും മേൽപാലങ്ങളുടെയും നിർമാണത്തിനു മേൽനോട്ടം വഹിച്ച ഡിഎംആർസി ജൂൺ അവസാനത്തോടെ കൊച്ചിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്...

കൊച്ചി ∙ നമ്മുടെ മനസ്സിൽ പതിഞ്ഞ 4 അക്ഷരങ്ങൾ നഗരത്തോടു വിടപറയുന്നു. മെട്രോ പേട്ടയിൽ വരെ എത്തിച്ചു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ജൂൺ അവസാനത്തോടെ കൊച്ചിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. ഡിഎംആർസി– വിശ്വാസമുള്ള പേരാണു കൊച്ചിക്ക്. ഇ. ശ്രീധരനെന്ന ഉറപ്പിൻമേലുള്ള വിശ്വാസം. അതു രണ്ടും ഒന്നുകൂടി ഉറപ്പിച്ചാണു ഡിഎംആർസിയുടെ മടക്കം. കൊച്ചിക്കു മെട്രോ നിർമിച്ചു നൽകി എന്നു മാത്രമല്ല, അതിനൊപ്പം 5 പാലങ്ങൾകൂടി പണിതു എന്നതും പ്രധാനമാണ്. നമ്മൾ പണിയിച്ചാൽ, എത്ര വ‍ർഷം വേണ്ടിവരുമായിരുന്നു ഇൗ പാലങ്ങൾ പൂർത്തിയാകാൻ...?

പേട്ടവരെ എത്തുമ്പോൾ മെട്രോ ഒന്നാം ഘട്ടം തീരും. ഡിഎംആർസിയെ ഏൽപ്പിച്ച പണി അത്രയുമാണ്. മാർച്ച് അവസാന ആഴ്ച അതിന്റെ കമ്മിഷനിങ്. പകുതിയോടെ സുരക്ഷാ കമ്മിഷണറുടെ പരിശോധന. 90 % ജോലികൾ പൂർത്തിയായി. സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കൻ കവാടത്തിലെ കെട്ടിടത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന ഓഫിസ് ഒഴിയുകയാണെന്നു ഡിഎംആർസി നോട്ടിസ് നൽകി. ഒരു ഘട്ടത്തിൽ 300 എൻജിനീയർമാർ വരെ ജോലിചെയ്ത ഓഫിസിൽ ശേഷിക്കുന്ന ജീവനക്കാരുടെ എണ്ണം 60.

ഉടമയ്ക്കൊപ്പം മേൽനോട്ടക്കാരനും മേൽവിലാസം കിട്ടുന്നപോലെയാണു ഡിഎംആർസി ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്. മിടിപ്പുള്ള ഹൃദയത്തിൽ, അനസ്തീഷ്യയില്ലാതെ നടത്തിയ ശസ്ത്രക്രിയപോലെ വർഷങ്ങൾ നീണ്ട നിർമാണം. വാഹനത്തിരക്കിനും ഗതാഗതക്കുരുക്കിനും കുപ്രസിദ്ധി നേടിയ കൊച്ചി നഗരത്തിൽ ഗതാഗതം അലോസരപ്പെടുത്താതെ, റോഡിന്റെ പകുതിയോളം അടച്ചു കെട്ടിയാണു മെട്രോ നിർമിച്ചത്. അതിനായി, സാധ്യമായ സ്ഥലങ്ങളിൽ റോഡ് വീതികൂട്ടി. പുതിയ മേൽപാലങ്ങൾ പണിതു. ആ പണിയുടെ നടത്തിപ്പിലൂടെയാണു ഡിഎംആർസി കൊച്ചിയുടെ മനസ്സിൽ ഇടം നേടിയത്. മെട്രോ പൂർത്തിയായ ഇടങ്ങളിൽ റോഡിന് ഇരട്ടി വീതിയായി.

ഡിഎംആർസിയുടെ മാസ് എൻട്രി

മെട്രോ നിർമാണം ഡിഎംആർസിയെ ഏൽപിക്കില്ലെന്നു ധാരണ പരന്നപ്പോൾ ജനവികാരം ഉണർന്നു. ഡിഎംആർസിക്കു വേണ്ടി കൊച്ചിയിൽ മനുഷ്യച്ചങ്ങല കോർത്തു. 2004 ഡിസംബർ 22 നു കൊച്ചി മെട്രോയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ സർക്കാർ ഡിഎംആർസിയെ ഏൽപ്പിച്ചു. 2006 ൽ പണി തുടങ്ങി 2010 ൽ പൂർത്തിയാക്കാനായിരുന്നു ആലോചന. 2012മാർച്ച് 22 നു കേന്ദ്രാനുമതി ലഭിച്ചു. അതിനു മുൻപുതന്നെ ഒരുക്കങ്ങൾ തുടങ്ങാമെന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനോടു പറഞ്ഞു.

നോർത്ത് മേൽപാലം, സലീം രാജൻ പാലം, ബാനർജി റോഡ് വീതികൂട്ടൽ, എംജി റോഡ് വീതികൂട്ടൽ എന്നിങ്ങനെ ഡിഎംആർസി കൊച്ചിയിൽ പണിതുടങ്ങി. കൊച്ചി ഓഫിസ് തുടങ്ങിയത് 2009 ഫെബ്രുവരി 25 ന്. മെട്രോയുടെ കുറച്ചു പണികൾ കൂടി ബാക്കിയുണ്ട്. അതിൽ പ്രധാനം ചമ്പക്കരപ്പാലം. ജൂലൈയിൽ തീരും. സൗത്ത് സ്റ്റേഷനിലും മുട്ടം യാഡിലും കുറച്ചുജോലികൾ തീർക്കണം. തൈക്കൂടം– പേട്ട ലൈനിൽ വളരെക്കുറച്ചു ജോലികൾ കൂടി. അതു കഴിഞ്ഞാൽ മടക്കം.പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്നു നൽകിയ വാക്കു മാറ്റിയിട്ടില്ല. സർക്കാരിന് ആവശ്യമുണ്ടെങ്കിൽ ഡിഎംആർസി റെഡി.

നോർത്ത് മേൽപാലം

നോർത്ത് മേൽപാലം.

രണ്ടുവരിപ്പാതയും ഇരുവശത്തും ചെറുവാഹനങ്ങൾ കടന്നുപോകുന്ന രണ്ടു ചെറു ‘ചായ്പ്പു’ കളും– നോർത്ത് മേൽപാലം അങ്ങനെയായിരുന്നു. ഇൗ പാലം എന്നെങ്കിലും പൊളിച്ചു പണിയാനാവുമെന്നു സ്വപ്നം കണ്ടിട്ടുപോലുമില്ല. തിരക്കുള്ള റെയിൽവേ ട്രാക്ക്. ഹൈ ടെൻഷൻ പവർ ലൈൻ. ഓരോ മിനിറ്റിലും നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന പാലം. വീതികുറവ്. അസംഖ്യം കേബിളുകൾ, വാട്ടർ ലൈൻ... ഇവിടെയാണു റോഡിലും റെയിലിലും ഗതാഗതം ഒരു മണിക്കൂർ പോലും തടസ്സപ്പെടുത്താതെ, ഇലപോലും അറിയാത്ത രീതിയിൽ നാലുവരിപ്പാലവും അതിനു നടുവിൽ മെട്രോ പാളത്തിനു തൂണും പണിതത്.

ആകെ ചെലവ് 80 കോടി. പഴയ പാലത്തിന്റെ ഇരുവശത്തുമുള്ള ചെറു പാലങ്ങൾ ആദ്യമേ പൊളിച്ചുമാറ്റി പുതിയതു പണിതു. അതിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. നടുവിലെ പ്രധാന പാലം പൊളിച്ചു.  റെയിൽ ഗതാഗതം 1 മണിക്കൂർ പോലും തടസ്സപ്പെടുത്താതെ, 6 ദിവസം 30 മണിക്കൂറെടുത്താണ് 35 ടൺ ഭാരമുള്ള 6 സ്പാനുകൾ അറുത്തുമാറ്റിയത്. പഴയ പാലത്തിന്റെ സ്ഥാനത്തു നടുവിൽ മെട്രോ തൂണും ഇരുവശത്തും പാലവും പണിത്, ഇടക്കാലത്തു പണിത പാലവുമായി കൂട്ടിച്ചേർത്തപ്പോൾ ഇന്നുള്ള 4 വരി നോർത്ത് മേൽപാലമായി.

പച്ചാളം മേൽപാലം

പച്ചാളം മേൽപാലം.

പച്ചാളത്തു ഗതാഗതക്കുരുക്കു പരിഹരിക്കാൻ മേൽപാലം വേണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു. സർക്കാർ അംഗീകരിച്ചു. കെഎംആർഎൽ പണം നൽകി. ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ പാലം പണിതു. സ്ഥലമെടുപ്പിനും നിർമാണത്തിനും നേരിടേണ്ടി വന്ന വലിയ എതിർപ്പുകളെ മറികടന്നത് ഇ. ശ്രീധരനെന്ന പേരിന്റെ പിൻബലത്തിലാണ്.

ചമ്പക്കര മേൽപാലം

ചമ്പക്കരപ്പാലം.

ചമ്പക്കരയിൽ പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച പാലത്തിനു പകരം പുതിയതൊന്ന് അടുത്തകാലത്തെങ്ങും സ്വപ്നം കണ്ടിരുന്നില്ല. കുത്തൊഴുക്കുളള, ദേശീയ ജലപാതയായ ചമ്പക്കര കനാലിനു കുറുകെയാണു പാലം. താഴെ  ഭാരം കയറ്റി ബാർജുകളുടെ സഞ്ചാരം. നിലവിലുള്ള പാലത്തിന്റെ കിഴക്കുഭാഗത്തു പുതിയ പാലം പൂർത്തിയായി. മെട്രോ പാലവും. പഴയ പാലം പൊളിച്ചുമാറ്റി പുതിയതു പണിയുന്ന ജോലികൾ നടക്കുന്നു. ജൂലൈയിൽ ഇതു പൂർത്തിയാവും.

ഇടപ്പള്ളി മേൽപാലം

ഇടപ്പള്ളി മേൽപാലം

മെട്രോ നിർമാണത്തിന്റെ ഭാഗമായാണ് ഇടപ്പള്ളി മേൽപ്പാലം നിർമാണം. രണ്ടു ദേശീയപാതകൾ കൂട്ടിമുട്ടുന്ന ജംക്‌ഷൻ. കൊച്ചിയുടെ ഏറ്റവും തിരക്കുള്ള സ്ഥലം. ഇവിടെ 4 വരി മേൽപാലവും അതിനു നടുവിൽ മെട്രോ പാലവും ഡിഎംആർസിയുടെ നിർവഹണശേഷിയുടെ മികച്ച ഉദാഹരണമാണ് ഇടപ്പള്ളി േമൽപാലം നിർമാണം. ഡിഎംആർസി ഇല്ലായിരുന്നെങ്കിൽ വൈറ്റില, കുണ്ടന്നൂർ, പാലാരിവട്ടം പാലങ്ങളുടെ ലിസ്റ്റിൽ ഇടപ്പള്ളിയും ഉണ്ടാകുമായിരുന്നു.

എ.എൽ. ജേക്കബ് മേൽപാലം

എ.എൽ. ജേക്കബ് മേൽപാലം.

മെട്രോ പണിയുന്ന കാലത്തു ഗതാഗതം തിരിച്ചുവിടാൻ നിർമിച്ചതാണു സലിം രാജൻ മേൽപാലം. പിന്നീട് ഇതിന്റെ പേര് എ. എൽ. ജേക്കബ് പാലം എന്നായി. 340 മീറ്റർ നീളം. 37.42 കോടി ചെലവ്. കടവന്ത്ര, ഗാന്ധിനഗർ, റെയിൽവേ സ്റ്റേഷൻ കിഴക്കൻകവാടം എന്നിവിടങ്ങളിൽ നിന്നു നഗര കേന്ദ്രത്തിലേക്കെത്താൻ ഇൗ മേൽപാലം ഉപകരിക്കും. 30 വർഷത്തിലേറെയായി നഗരാസൂത്രണ വിദഗ്ധർ നിർദേശിക്കുന്ന പദ്ധതിയാണെങ്കിലും അതു യാഥാർഥ്യമാക്കാൻ ഡിഎംആർസി വേണ്ടിവന്നു.

പുതിയ നിർമാണ സംസ്കാരം

കേരളം സന്തോഷകരമായ അനുഭവമായിരുന്നു– ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറയുന്നു. മെട്രോയുടെ നിർമാണച്ചുമതലയുമായി വരുമ്പോൾ ആശങ്കയുണ്ടായിരുന്നു. കേരളത്തെക്കുറിച്ച് അങ്ങനെയൊക്കെയാണല്ലോ പുറം കേൾവി. മെട്രോ നിർമാണത്തിന്റെ ഇതുവരെയുള്ള സമയത്തു പ്രതികൂലമായി ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ നിർമിക്കാൻ ഡിഎംആർസി വേണോ എന്നൊരു തർക്കം തുടക്കത്തിൽ ഉണ്ടായിരുന്നു. പുതിയൊരു നിർമാണ സംസ്കാരം കേരളത്തിൽ അവതരിപ്പിച്ചു എന്നതാണു ഡിഎംആർസി കൊണ്ടുവന്ന മാറ്റം.

നിശ്ചിത സമയത്തുതന്നെ, തീരുമാനിച്ച പ്രകാരം, അധികച്ചെലവില്ലാതെ എങ്ങനെ പ്രോജക്ട് പൂർത്തിയാക്കാമെന്ന സംസ്കാരം. കേരളത്തിൽ ഇതു പതിവില്ലാത്തതിനാലാണു ഡിഎംആർസിയോടു ജനത്തിന് ഇത്രയധികം ഇഷ്ടം തോന്നിയത്. എന്തു പണി ചെയ്താലും നാട്ടുകാരുടെ അസൗകര്യം പരമാവധി കുറച്ചു വേണം ചെയ്യാൻ. ഞങ്ങൾ അതാണു ചെയ്തത്. അധികച്ചെലവുണ്ടാക്കിയില്ല, ചിലവു കുറച്ചു. നിർമാണ സ്ഥലം ബാരിക്കേഡ് കെട്ടി തിരിച്ചു. അതിനു രണ്ടുണ്ടു ഗുണം– തടസ്സമില്ലാതെ ജോലിചെയ്യാം. ഞങ്ങൾ മൂലം മറ്റാർക്കും തടസ്സമില്ല. അസൗകര്യങ്ങളെക്കുറിച്ചു ജനത്തിനു മുന്നറിയിപ്പു നൽകും. സൈൻബോർഡുകൾ സ്ഥാപിക്കുന്നതു പോലും അതിപ്രധാനമാണ്. നോർത്ത് മേൽപാലത്തിന്റെ നിർമാണം ജനങ്ങളുടെ വിശ്വാസമാർജിക്കാൻ ലഭിച്ച വലിയൊരു അവസരമായിരുന്നു.

മെട്രോയുടെ ഇനിയുള്ള നിർമാണത്തിനു കെഎംആർഎൽ പര്യാപ്തമാണ്. അവർ എല്ലാം പഠിച്ചു. ഒന്നാം ഘട്ടം ഞങ്ങൾ ചെയ്യാമെന്നായിരുന്നു വാഗ്ദാനം. അതു പൂർത്തിയാക്കി.– സന്തോഷത്തോടെയാണു കൊച്ചിയിലെ ദൗത്യം ഇ. ശ്രീധരൻ പൂർത്തിയാക്കുന്നത്. ഡിഎംആർസി എംഡിയുടെ ചുമതലയൊഴിഞ്ഞു വിശ്രമ ജീവിതമാഗ്രഹിച്ച ശ്രീധരനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണു കേരളത്തിലേക്കു ക്ഷണിച്ചത്. ഹൈസ്പീഡ് റെയിൽ, കൊച്ചി മെട്രോ, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ എന്നിവയുടെ ചുമതല ഏൽക്കാൻ നിർബന്ധിച്ചു. അതിൽ കൊച്ചി മെട്രോ മാത്രം പൂർത്തിയായി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com