ADVERTISEMENT

എളങ്കുന്നപ്പുഴ∙  കാഴ്ച പരിമിതർക്കു കണ്ണായി മാറാൻ വിവോവൈ 12 സ്മാർട് ഫോൺ. ഇ- സ്പീക്ക്, മണി റീഡർ, ടാപ്-ടാപ് സീ, ടോക്ക് ബാക്ക് തുടങ്ങിയ സോഫറ്റ് വെയറുകൾ ചേർത്തു കാഴ്ചപരിമിതർക്കായി വികലാംഗ കോർപറേഷൻ പ്രത്യേകം തയാറാക്കിയ സ്മാർട് ഫോൺ  ഇനി അവരുടെ ജീവിതത്തിനു വഴികാട്ടിയാകും. രാജ്യത്ത് ആദ്യമായാണ് ഈ  പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടെ പരിചയമില്ലാത്ത ഒരിടത്ത് എത്തിയാൽ ലൊക്കേഷൻ അറിയാനാകും.

അവിടെയുള്ള സുഹൃത്തുക്കളുടെ പേരു മുൻകൂട്ടി ഫോണിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവരെ വിളിക്കാൻ ഫോണിനോടു പറഞ്ഞാൽ മതി; അടുത്ത നിമിഷം വിളിച്ചു തരും. ഈ രീതിയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഫോൺ സഹായിക്കും. 3 ജി, 4 ജി സൗകര്യമുള്ള ഫോണിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തകവായന, വാർത്തകൾ, വിനോദങ്ങൾ, ഓൺലൈൻ പർചേസ്, ബില്ലടയ്ക്കൽ, ബാങ്കിങ് ഇടപാടുകൾ, മത്സരപ്പരീക്ഷാപരിശീലനം, പഠനം തുടങ്ങിയവയ്ക്കെല്ലാമുള്ള സംവിധാനം ഫോണിലുണ്ട്.

സംസാരിക്കുന്ന റൂട്ട്മാപ്പിലൂടെ പരാശ്രയമില്ലാതെ നിൽക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശ മനസ്സിലാക്കാനും സാധിക്കും. മണി റീഡർ സംവിധാനമുപയോഗിച്ചു പണം തിരിച്ചറിയാനും സാധിക്കും. കാഴ്ചയുള്ള ഒരാൾ ഫോൺ ഉപയോഗിക്കുന്നതുപോലെ തന്നെ കയ്യുടെയും ചെവിയുടെയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാൻ പറ്റുംവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകൾ ഇതിൽ  ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഫോൺ ഉപയോഗിക്കുന്നതിനു ദ്വിദിന പരിശീലനവും നൽകി.

ജില്ലയിൽ 90 പേർക്കു സ്മാർട്ട്  ഫോൺ വിതരണം ചെയ്തു. കാഴ്ചപദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എസ്. ശർമ എംഎൽഎ നിർവഹിച്ചു. പരിമിതികളെ അതിജീവിക്കാനുള്ള ശാസ്ത്ര സാങ്കേതിക സഹായമാണ് ഈ പദ്ധതിയുടെ ഹൃദയമെന്ന് അദ്ദേഹം പറഞ്ഞു. കേൾവി വൈകല്യമുള്ള 50 പേർക്കു ശ്രവണ സഹായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി വിതരണം ചെയ്തു. ഹസ്തദാനം  പദ്ധതിയിൽ ഗുരുതര ഭിന്നശേഷിക്കാരായ 12 വയസ്സ് വരെയുളള 30 പേർക്കു  നൽകിയ 30,000 രൂപ വീതമുള്ള സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്  നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു കൈമാറി.

വികലാംഗ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി അധ്യക്ഷത വഹിച്ചു. മനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, മുൻ മാനേജിങ് ഡയറക്ടർ ജാക്‌സൺ പെരേര, റീജനൽ ഓഫിസർ ഇൻ ചാർജ് ഉണ്ണികൃഷ്ണൻ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, വികലാംഗ കോർപറേഷൻ മുൻ എം.ഡി ഫിലിപ് ജാക്‌സൻ ബ്രവേര, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംസ്ഥാന  സെക്രട്ടറി സി.സജീവ് എന്നിവർ പ്രസംഗിച്ചു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com