ADVERTISEMENT

കൊച്ചി∙ ‘വീട്ടുജോലി’യെന്ന മലയാള വാക്കിന്റെ അർഥവും മാനവും മാറ്റുകയാണു കോവിഡ്–19. ‘വർക് ഫ്രം ഹോം’ പുതിയ സംസ്കാരവും ജീവിത മാർഗവുമാകുമ്പോൾ അതു കംപ്യൂട്ടറിലും ലാപ്ടോപ്പിലും ജോലി ചെയ്യുന്നവരുടെ മാത്രം കാര്യമാണെന്നു തെറ്റിദ്ധരിക്കേണ്ട.ഇംഗ്ലണ്ടിൽ 1590 ലെ പകർച്ചപ്പനിക്കാലത്തു നാടകശാലകൾ പൂട്ടിയ ഘട്ടത്തിലാണു വില്യം ഷേക്സ്പിയർ ലോകോത്തര കവിതകൾ രചിച്ചത്. ഈ കവിതകൾ പഠിപ്പിക്കാത്ത ഒരു സർവകലാശാലയും ഇന്നു ലോകത്തില്ല. 

1950കൾക്കു ശേഷം 3 തവണ കോളറ പടർന്നു പിടിച്ചതിന്റെ അനന്തരഫലമാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും. പ്രളയകാലത്തെ ചേക്കുട്ടിപ്പാവകളും നമ്മുടെ അതിജീവനത്തിന്റെ പ്രതീകമായി മുന്നിലുണ്ട്. 

വീട്ടിൽ എവിടെയിരുന്ന് ജോലി ചെയ്യും?

പഠനകാലത്തു താമസിച്ചിരുന്ന അതേ വീട്ടിലാണോ ഇപ്പോഴും താമസം? എങ്കിൽ സംശയം വേണ്ട അന്നു മണിക്കൂറുകളോളം കുത്തിയിരുന്നു പഠിച്ച അതേ മുറി, അതേ ഇടം അതു വീണ്ടെടുക്കുക.പുതിയ വീട്ടിലേക്കോ ഫ്ലാറ്റിലേക്കോ താമസം മാറിയെങ്കിൽ കുട്ടികൾ ഇപ്പോൾ പഠിക്കാൻ ഇരിക്കുന്ന സ്ഥലം കുറച്ചു ദിവസത്തേക്കു കടം വാങ്ങുക. അവരതു സന്തോഷത്തോടെ കൈമാറും. പഠനത്തിനും വായനയ്ക്കും വീടിന്റെ ടെറസും മുറ്റത്തെ മരത്തണലും ഉപയോഗിച്ചിരുന്നവർ ഭാഗ്യം ചെയ്തവർ, ജോലി ചെയ്യാൻ ഇപ്പോഴത്തെ ഉഷ്ണം അവർക്കൊരു പ്രശ്നമാകില്ല. വീട്ടിലിരുന്നു ജോലി ചെയ്യാൻ ഒന്നിലധികം സ്ഥലങ്ങൾ കണ്ടുവയ്ക്കുന്നതും നല്ലതാണ്, ഒട്ടും മടുപ്പു തോന്നില്ല.

കോവിഡിന്റെ ആദ്യ ദിവസങ്ങളിൽ ചൈനയിൽ വീട്ടിലിരുന്നു ജോലി ചെയ്യാൻ തുടങ്ങിയവരോടു കമ്പനികൾ നിർബന്ധപൂർവം പറഞ്ഞത് ആദ്യ രണ്ടാഴ്ച ദിവസം 5 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യരുതെന്നാണ്. പക്ഷെ ഓഫിസുകളിലേക്കു വരുമ്പോഴുണ്ടായിരുന്ന ദിനചര്യകളിൽ മാറ്റം വരുത്തരുത്. അതേ സമയത്ത് ഉണരണം. വീടിനുള്ളിൽ വ്യായാമം ചെയ്യണം. യാത്രയ്ക്കു വേണ്ടി ഉപയോഗിച്ചിരുന്ന സമയം അന്നന്നത്തെ വാർത്തകൾ അറിയാനും സർക്കാർ അറിയിപ്പുകൾ മനസ്സിലാക്കി പ്രവർത്തിക്കാനും ഉപയോഗപ്പെടുത്തണം. യാത്ര ഒഴിവാക്കുന്നതുവഴി ലാഭിക്കുന്ന തുകയ്ക്കു പത്രങ്ങളും മാസികകളും പുതിയ പുസ്തകങ്ങളും ഓൺലൈനിൽ വാങ്ങി വായിക്കണം. നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയാതിരിക്കുമ്പോഴാണു മനുഷ്യർക്ക് ഒറ്റപ്പെടൽ തോന്നുന്നത്. അതൊഴിവാക്കാനുള്ള ഏക വഴി വാർത്തകൾ അറിയുകയെന്നതാണ്.

കൃഷി ബെസ്റ്റാ !

പുറംലോകം കാണാതെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണാതെ നീണ്ടകാലം വീട്ടിലിരിക്കുമ്പോൾ ആദ്യം തോന്നുന്ന മടുപ്പും വിഷാദവും മാറ്റാൻ ആവശ്യം സന്തോഷവും പ്രതീക്ഷയുമാണെന്നു പ്രമുഖ മനഃശാസ്ത്ര വിദഗ്ധൻ ഡോ.രാജൻ മത്തായി പറയുന്നു. അതിനുള്ള ഏറ്റവും മികച്ച മാർഗം കൃഷിയും പൂന്തോട്ട പരിപാലനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതുകാലത്തും മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹജീവികളും മരങ്ങളും ചെടികളുമാണ്. 

കോവിഡ് കാലത്തു നമ്മൾക്ക് ഏറ്റവും അത്യാവശ്യം നല്ല ആരോഗ്യവും രോഗപ്രതിരോധ ശേഷിയുമാണ്. അതിനു നാടൻ സസ്യാഹാരത്തോളം മികച്ചതു മറ്റൊന്നില്ല. നിലവിലെ സാഹചര്യത്തിൽ ഓരോരുത്തരും കഴിയുന്ന രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സ്വയം രക്ഷിക്കൽ കൂടിയാണ്.

ഇപ്പോൾ നടുന്ന ഓരോ വിത്തും നാളത്തെ നമ്മുടെ പ്രതീക്ഷയാണ്. അതിന്റെ വളർച്ചയും തളിരും പൂവും ഓരോ ദിവസവും നമ്മളുടെ മനസ്സിനെ ഉത്തേജിപ്പിക്കും. അതിനു നൽകുന്ന പരിചരണത്തിന്റെ ഫലം അപ്പപ്പോൾ കിട്ടും. രാവിലെ ഉറക്കം ഉണരുമ്പോൾ നേരെ പോയി നോക്കാനും പരിപാലിക്കാനും സമയം ചെലവിടുന്നതു കോവിഡ് നാളുകളെ ആരോഗ്യത്തോടെ തരണം ചെയ്യാൻ സഹായിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com