ADVERTISEMENT

പെരുമ്പാവൂർ ∙ പെരുമ്പാവൂരിൽ ബൈക്ക് യാത്രികന്റെ കഥകളി കണ്ടപ്പോൾ പൊലീസിനു പോലും ചിരിപൊട്ടിപ്പോയി. മാസ്ക് ധരിക്കാതിരുന്ന ഇയാൾ, കൈകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയതിനു ശകാരിച്ചു വിട്ടയച്ചു.  പുത്തൻവേലിക്കരയിൽ കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരനെ പൊലീസ് പിടികൂടി. സഹോദരി പ്രസവിച്ചു കിടക്കുകയാണെന്നും അവരുടെ അടുത്തേക്കു പോകുകയാണെന്നും പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ പെങ്ങളുടെ ഫോൺ നമ്പർ ചോദിച്ചു.

യാത്രക്കാരൻ കുറച്ചുനേരം ഫോണിൽ പരതി നിന്നെങ്കിലും നമ്പർ നോക്കിയിട്ടു കിട്ടുന്നില്ലെന്നായിരുന്നു മറുപടി. എന്നാൽ, അളിയന്റെ നമ്പർ തരൂ എന്നായി പൊലീസ്. ആ നമ്പറും കൈവശമില്ലെന്നു പറഞ്ഞു. യാത്രക്കാരന്റേതു ‘വെറും നമ്പറുകളാ’ണെന്നു തിരിച്ചറിഞ്ഞ പൊലീസ്, ഫോൺ നമ്പർ നൽകാതെ വിടില്ലെന്നു പറഞ്ഞു. ഒടുവിൽ ഒരു നമ്പർ ഇയാൾ കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഡയൽ ചെയ്തു നോക്കിയെങ്കിലും നമ്പർ കിട്ടുന്നില്ല. ഒന്നുകൂടി കടുപ്പിച്ചു കാര്യം തിരക്കിയപ്പോൾ സ്വന്തം പെങ്ങളല്ല കൂട്ടുകാരന്റെ പെങ്ങളാണെന്നായി. അക്കാര്യം കൂട്ടുകാരൻ നോക്കിക്കോളും നിങ്ങൾ വീട്ടിലേക്കു പോകണമെന്നു പറഞ്ഞ് ഇയാളെ പൊലീസ് തിരിച്ചയച്ചു.

പാലാരിവട്ടത്തും സമാന സംഭവമുണ്ടായി. കൂട്ടുകാരന്റെ ഭാര്യ ശുചിമുറിയിൽ കാൽവഴുതി വീണ് ആശുപത്രിയിലാണെന്നും സന്ദർശിച്ചു മടങ്ങുന്നതാണെന്നും പറഞ്ഞ വിദ്വാനെയും ഫോൺ നമ്പർ വാങ്ങിയാണു പൊലീസ് കുടുക്കിയത്. ഭാര്യ കാൽവഴുതി വീണിട്ടില്ലെന്നും തന്റെ അടുത്തുണ്ടെന്നും കൂട്ടുകാരൻ പറഞ്ഞു. കേസെടുത്ത ശേഷമാണ് ആളെ വിട്ടയച്ചത്. േതവരയിൽ, ബൈക്ക് യാത്രികരായ ദമ്പതികളെ മാറ്റി നിർത്തി എവിടേക്കെന്നു ചോദിച്ചപ്പോൾ രണ്ടു പേരും പറഞ്ഞത് 2 സ്ഥലങ്ങൾ. ഇതോടെ, പൊലീസ് ഇവരെ തിരിച്ചയച്ചു.

അച്ഛനെ കാണാൻ അർധരാത്രിയിൽ; നേരം വെളുത്തിട്ട് കാണാമെന്ന് പൊലീസ്


പെരുമ്പാവൂർ ∙ അച്ഛനെ കാണാൻ അർധരാത്രിയിൽ. കഴിഞ്ഞദിവസം രാത്രി 2ന് പെരുമ്പാവൂർ എഎം റോഡിൽ പൊലീസിനു മുന്നിൽപെട്ട യുവാവിന്റെ വിശദീകരണം കേട്ട് പൊലീസുകാർ ഞെട്ടി. എവിടെപ്പോകുന്നു എന്നു ചോദിച്ചപ്പോൾ വീട്ടിൽ അച്ഛൻ ഒറ്റയ്ക്കാണെന്നും കാണണമെന്നുമായിരുന്നു മറുപടി. നേര്യമംഗലത്തു നിന്നു ആലുവയിലേക്കാണു യാത്ര. അർധരാത്രിയിൽ തന്നെ കാണണോയെന്ന ചോദ്യത്തിനു  യുവാവിന് ഉത്തരമില്ല. അച്ഛനെ നേരം വെളുത്തിട്ടു കാണാമെന്നു പറഞ്ഞു നേര്യമംഗലത്തേക്കു പൊലീസ് തിരിച്ചയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com