ADVERTISEMENT

കൊച്ചി ∙ അഞ്ചു വയസ്സുള്ള മകൾക്കൊപ്പം കഴിഞ്ഞ ഒറ്റമുറി വീട്ടിൽ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി ഗുരുതരാവസ്ഥയിലേക്കു നീങ്ങിയ അസം സ്വദേശിനി മണിരാൻ നെസെക്ക് (23) കേരളത്തിന്റെ കരുതലിൽ പുനർജന്മം. ആദ്യം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും യഥാസമയം എത്തിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.

അഞ്ചുവയസ്സുകാരി മകൾക്കൊപ്പം കഴിയുന്ന വാടകവീട്ടിൽ 26ന് പുലർച്ചെയാണ് മണിരാൻ ആൺകുഞ്ഞിനെ പ്രസവിച്ചത്. വിവരമറിഞ്ഞെത്തിയ വീട്ടുടമസ്ഥനും അയൽവാസികളും മണിരാനെയും മകളെയും ചോരക്കുഞ്ഞിനെയും ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പ്രസവത്തിന്റെ ബാക്കി കാര്യങ്ങളെല്ലാം പൂർത്തിയാക്കിയെങ്കിലും രക്തംവാർന്നു യുവതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങി. ഗ്രാമപഞ്ചായത്ത് അംഗം സനിത റഹീം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾക്കായി നിർദേശം നൽകി.

വിവരം വി.പി. സജീന്ദ്രൻ എംഎൽഎയെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന യുവതിക്ക് അടിയന്തരമായി രക്തം നൽകേണ്ടി വരുമെന്നും എറണാകുളം ജനറൽ ആശുപ്രത്രിയിലേക്ക് മാറ്റണമെന്നും താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെത്തുടർന്ന് എംഎൽഎ ഇടപെട്ട് പെട്ടെന്നുതന്നെ ആംബുലൻസിൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും യുവതിയുടെ നില ഗുരുതരമായെങ്കിലും ആശുപത്രി അധിക‍ൃതരുടെ പരിചരണം യുവതിയെ രക്ഷിച്ചു.

മരണം വഴിമാറിയത് തലനാരിഴയ്ക്കാണെന്ന് ഡോ. പി.ജെ. സിറിയക് പറയുന്നു. ആശുപത്രിയിൽ ഇവരുടെ ചെലവുകൾക്കും ഭക്ഷണത്തിനുമെല്ലാം കന്റീൻ നടത്തിപ്പുകാരൻ സെയ്തും ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തുന്ന പീറ്ററും നേതൃത്വം നൽകി. ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാനൊരുങ്ങുമ്പോഴേക്കും യുവതിക്ക് വാഴക്കുളം ഗ്രാമപഞ്ചായത്തിലെ മാവിൻചുവടിൽ പുതിയ കിടപ്പാടമൊരുങ്ങി. അതിഥി തൊഴിലാളികൾക്ക് ഒരുക്കിയ ഭക്ഷണവും മറ്റും ഇവർക്ക് എത്തിക്കാനും എംഎൽഎയുടെ ഇടപെടലിൽ സൗകര്യമൊരുക്കി. അ‍ഞ്ചുവയസുകാരിക്ക് സമീപത്തെ അങ്കണവാടിയിൽ നിന്നും ഭക്ഷണവും ഏർപ്പാടാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com