ADVERTISEMENT

കൊച്ചി ∙ കോവിഡ് 19 ബാധിച്ചു  ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പൗരൻ ബ്രയാൻ നീൽ (57) രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. എച്ച്ഐവി ചികിത്സയിൽ ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നുകളായ റിത്തൊനവിർ, ലോപിനവിർ എന്നീ മരുന്നുകൾ ഇദ്ദേഹത്തിന്റെ ചികിത്സയിൽ പ്രയോജനപ്പെടുത്തിയിരുന്നു. മൂന്നാറിലെ ഹോട്ടലിൽ നിന്നു മുങ്ങി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി വിദേശത്തേക്കു മടങ്ങാൻ ശ്രമിക്കവേ വിമാനത്തിൽ നിന്നു തിരിച്ചിറക്കിയാണു 15ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ഭാര്യ ജെയ്ൻ ലോക്‌വു‍ഡും ഇവിടെ നിരീക്ഷണത്തിലായിരുന്നെങ്കിലും രോഗമില്ലാത്തതിനാൽ നേരത്തേ ആശുപത്രി വിട്ടു. മൂന്നാർ സംഘത്തിലുണ്ടായിരുന്ന 4 പേരെ മെഡിക്കൽ കോളജിൽ നിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആന്റി വൈറൽ മരുന്നുകൾ നൽകി തുടങ്ങി 3 ദിവസത്തിനകം ബ്രയാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും പനി തുടർന്നു. ഇടതു ശ്വാസകോശത്തിൽ പൂർണമായും വലതു ശ്വാസകോശത്തിൽ ഭാഗികമായും ന്യുമോണിയ ബാധയുണ്ടായിരുന്നു.

ആന്റി വൈറൽ ചികിത്സ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പനി ശമിക്കുകയും ന്യുമോണിയ കുറഞ്ഞു തുടങ്ങുകയും ചെയ്തു. തുടർന്ന് കോവിഡ് 19 പരിശോധന ഫലവും നെഗറ്റീവായി. എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ഡോ. എ. ഫത്തഹുദ്ദീൻ, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ. ഗീത നായർ, ഡോ. വിധുകുമാർ, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോൾ എന്നിവരടങ്ങുന്ന സംഘമാണു ചികിത്സിച്ചത്.

നഴ്സിങ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ, സ്റ്റാഫ് നഴ്സുമാരായ നിർമല, വിദ്യ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ടി. രതീഷ് തുടങ്ങിയവരടങ്ങിയ സംഘം മികച്ച പരിചരണമാണു നൽകിയതെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. കേരളത്തെയും ഇന്ത്യയെയും സ്നേഹിക്കുന്നുവെന്ന് ബ്രയാൻ നീൽ പറഞ്ഞു. ജില്ലാ ഭരണകൂടം പുറത്തുവിട്ട വിഡിയോയിൽ കേരള സർക്കാരിനും ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കും ജില്ലാ ഭരണകൂടത്തിനും കലക്ടർക്കും കളമശേരി മെഡിക്കൽ കോളജിൽ തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ബ്രയാൻ നീൽ നന്ദി പറഞ്ഞു. മികച്ച ചികിത്സയാണു തനിക്കു ലഭിച്ചതെന്നും ബ്രയാൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com