ADVERTISEMENT

ആലുവ∙ 19 വർഷമായി മുടങ്ങാത്ത ആ പതിവ് മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ തെറ്റിച്ചു. വിവാഹ വാർഷികത്തിനു ഭാര്യ രേഖയ്ക്കു സാരി സമ്മാനിക്കുന്ന പതിവ്. ഇവരുടെ 20–ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. പക്ഷേ, ഇരു സ്ഥലങ്ങളിലായിരുന്നു ഇരുവരും.

മന്ത്രി ആലുവ പാലസിൽ. അഭിഭാഷകയായ രേഖ തൃശൂർ അന്തിക്കാട്ടെ വീട്ടിൽ. ഒപ്പമില്ലാത്തതിന്റെ പരിഭവമകറ്റാനും സന്തോഷം പങ്കിടാനുമായി മന്ത്രി രാവിലെ തന്നെ ഭാര്യയെ വിളിച്ചു. ‘കോവിഡ് മൂലം കൊടുങ്ങല്ലൂരിലെ കാവുതീണ്ടൽ വരെ മാറ്റി. അതിലും വലുതല്ലല്ലോ നമ്മുടെ വിവാഹ വാർഷികം?’ ഭക്തയായ ഭാര്യയെ അദ്ദേഹം ആശ്വസിപ്പിച്ചതു വിശ്വാസത്തെ കൂട്ടുപിടിച്ച്.

‘രേഖയും മകൻ നിരഞ്ജനും ഒറ്റയ്ക്കല്ല വീട്ടിൽ. പഴയ കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. ഇത്തരം സന്ദർഭങ്ങളിൽ അതൊരാശ്വാസമാണ്‌’. മന്ത്രി പറഞ്ഞു. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല മന്ത്രിക്കാണ്. അതിനു വേണ്ടി മാർച്ച് 19 മുതൽ ആലുവ പാലസിൽ താമസിക്കുന്ന അദ്ദേഹം ഇടയ്ക്ക് ഒരു ദിവസമേ വീട്ടിൽ പോയുള്ളൂ.

22നു ജനതാ കർഫ്യൂ നാളിൽ. ഇനി ലോക്ഡൗൺ കഴിഞ്ഞേ മടങ്ങൂ. മന്ത്രിക്ക് ഇന്നലെയും തിരക്കിനു കുറവുണ്ടായില്ല. പ്രഭാത ഭക്ഷണം കഴിഞ്ഞു പാലസിൽ നിന്നിറങ്ങിയ അദ്ദേഹം മൂവാറ്റുപുഴ, അങ്കമാലി, കാക്കനാട്, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ പോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com