ADVERTISEMENT

കൊച്ചി∙ കേരളത്തിലുള്ള ജർമൻ പൗരൻമാരെ തിരികെക്കൊണ്ടുപോകാനായി സജ്ജീകരിച്ച പ്രത്യേക വിമാനം പോയെങ്കിലും നാട്ടിലേക്കു മടങ്ങാനാകാതെ ജർമൻ ദമ്പതികൾ. പീറ്റർ മുള്ളറും മലയാളിയായ ഭാര്യ ഏലിയാമ്മ മുള്ളറുമിപ്പോൾ വൈറ്റിലയിലെ ഫ്ലാറ്റിലാണ്. ഗുരുതര ശ്വാസകോശരോഗമായ സിഒപിഡി ഉള്ളതിനാൽ പ്രത്യേക ഓക്സിജൻ സൗകര്യമുള്ള വിമാനത്തിൽ മാത്രമേ പീറ്ററിനു സഞ്ചരിക്കാനാകൂ. അധികൃതരെ പീറ്ററും ഏലിയാമ്മയും ഇക്കാര്യം നേരത്തെ അറിയിച്ച ശേഷമാണ് പ്രത്യേക വിമാനത്തിൽ മടങ്ങാനായി തിരുവനന്തപുരത്തേയ്ക്കു പോയത്.

പക്ഷേ, ഓക്സിജൻ സൗകര്യമില്ലാത്തതിനാൽ ഇരുവർക്കും പോകാനാവില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ഇന്നലെ പുലർച്ചെ ഇവർ വൈറ്റിലയിലെ ഫ്ലാറ്റിലെത്തി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ജർമനിയിലേക്കു തിരിച്ചുപോകണമെന്നാണ് ഏലിയാമ്മയുടെയും പീറ്ററിന്റെയും ആഗ്രഹം. രോഗാതുരനായ പീറ്ററുമൊത്ത് തിരുവനന്തപുരത്തേക്കു വീണ്ടുമൊരു യാത്രയെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ല, അവർക്ക്. 2000 മുതൽ എല്ലാ വർഷവും ഈ ദമ്പതികൾ കേരളത്തിലെത്താറുണ്ട്. ഒക്ടോബർ അവസാനം മുതൽ മാർച്ച് വരെയാണ് കേരളത്തിൽ തങ്ങുന്നത്. ജർമനിയിലെ തണുപ്പുകാലം കഴിഞ്ഞാണ് മടക്കം.

പിറവം സ്വദേശിയായ ഏലിയാമ്മ 50 വർഷം മുൻപാണ് ജർമനിയിലെത്തിയത്. നഴ്സായിരുന്നു. 2002ലാണ് ഇവർ വിവാഹിതരായി. വൈറ്റിലയിലെ സ്വന്തം ഫ്ലാറ്റിൽ കഴിയുന്ന അറുപത്തൊൻപതുകാരനായ പീറ്ററിനും എൺപതുകാരിയായ ഏലിയാമ്മയ്ക്കും എയർ ഇന്ത്യയ്ക്ക് തങ്ങളെ സഹായിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. അല്ലെങ്കിൽ കോവിഡ് ഭീഷണി അവസാനിച്ച് വ്യോമഗതാഗതം പൂർവസ്ഥിതിയിലാകുന്നതുവരെ കാത്തിരിക്കണം. 220 ജർമൻ പൗരൻമാരെയും 30 യൂറോപ്യൻ പൗരൻമാരെയുംകൊണ്ട് 31നാണ് തിരുവനന്തപുരത്തുനിന്ന് പ്രത്യേകവിമാനം പുറപ്പെട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com