ADVERTISEMENT

മൂവാറ്റുപുഴ∙ ഇതര സംസ്ഥാനത്തു കുടുങ്ങിയ മലയാളികളുമായി എത്തിയ ബസിലെ യാത്രക്കാർ പൊലീസിനെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കാതെ ബസ് സ്റ്റോപ്പിൽ ഇറങ്ങി ഷോപ്പിങ് നടത്തിയ ശേഷം വീടുകളിലേക്കു പോയി. നാട്ടുകാർ പറഞ്ഞ് വിവരമറിഞ്ഞ പൊലീസ് പിന്നീട് ഇവരെ കണ്ടെത്തി. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിലെത്തിയ യാത്രക്കാർ കയറിയ ബേക്കറി പൊലീസ് അടച്ചുപൂട്ടി. ബേക്കറിയിലെ ജീവനക്കാരോടും ഉടമയോടും ക്വാറന്റീനിൽ കഴിയാൻ നിർദേശം നൽകി.

യാത്രക്കാരിൽ ഒരാൾ വീട്ടിലേക്കു പോയത് ഓട്ടോറിക്ഷയിലാണ്. ഓട്ടോഡ്രൈവറോടും ക്വാറന്റീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ 11നാണ് സംഭവം. മംഗളൂരുവിൽ നിന്ന് മലയാളികളുമായെത്തിയ ബസാണ് പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിക്കാതെ നെഹ്റു പാർക്കിനു സമീപം നിർത്തി  2 യാത്രക്കാരെ ഇറക്കിയത്. ഒരാൾ പുളിന്താനം സ്വദേശിയും മറ്റേയാൾ കുരുവിനാംപാറ സ്വദേശിയുമാണ്. പുളിന്താനം സ്വദേശിയുടെ ബന്ധുക്കൾ കാറുമായെത്തി ഇയാളെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുരുവിനാംപാറ സ്വദേശി ഓട്ടോറിക്ഷയിലാണ് വീട്ടിലേക്കു മടങ്ങിയത്.

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും നഗരം വിട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. മൂവാറ്റുപുഴയിൽ ഇപ്പോൾ ക്വാറന്റീൻ സെന്ററുകൾ പ്രവർത്തിക്കാത്തതിനാലാണ് നേരെ വീടുകളിലേക്കു പോയതെന്നാണ് ഇവരുടെ വിശദീകരണം. കാലടിയിലും യാത്രക്കാരിറങ്ങിയതായി കണ്ടെത്തി. മംഗളൂരുവിൽ നിന്നെത്തിയ ബസ് പത്തനംതിട്ടയിലേക്കാണു പോയതെന്നും മൂവാറ്റുപുഴ വിടുമ്പോൾ അതിലുണ്ടായിരുന്ന 15 യാത്രക്കാർ എവിടെയൊക്കെ ഇറങ്ങിയെന്നുമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com