sections
MORE

വരവറിയിച്ച് കാലവർഷം; മുന്നറിയിപ്പ് വിവരങ്ങൾ ഫെയ്സ്ബുക്കിൽ

Monsoon
SHARE

കൊച്ചി∙ ജില്ലയിൽ കാലവർഷം ആരംഭിച്ചെങ്കിലും കിഴക്കൻ മേഖലകളിലുൾപ്പെടെ മഴ ശക്തമായില്ല. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നലെ രാവിലെ വരെ മഴ പെയ്തതോടെ ഇടപ്പള്ളി സിഗ്നൽ ഭാഗത്ത് ചെറിയ തോതിൽ വെള്ളക്കെട്ടുണ്ടായി. മൂവാറ്റുപുഴയാർ, പെരിയാർ എന്നീ നദികളിലെ ജലനിരപ്പ് ഇപ്പോൾ സാധാരണ നിലയിലാണ്. മൂവാറ്റുപുഴയാറിലേക്കു ജലമെത്തുന്ന മലങ്കര അണക്കെട്ടിലെയും പെരിയാറിലെ ഭൂതത്താൻകെട്ട് ബാരേജിലെയും ഷട്ടറുകൾ തുറന്നു ജലനിരപ്പു ക്രമീകരിച്ചിട്ടുണ്ട്.

ഓരോ മണിക്കൂറിലും പുഴകളിലെയും പ്രധാന കൈവഴികളിലെയും ജലനിരപ്പ് നിരീക്ഷിച്ചു രേഖപ്പെടുത്താനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്. ഇടമലയാർ അണക്കെട്ടിൽ സംഭരണശേഷിയുടെ കാൽഭാഗത്തോളം മാത്രമാണ് നിലവിൽ വെള്ളമുള്ളത്. ജലനിരപ്പിൽ കാര്യമായ വ്യതിയാനം വരാത്തിടത്തോളം പെരിയാറിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മൂലമറ്റം വൈദ്യുതനിലയത്തിൻ നിന്നുള്ള ജലമെത്തുന്ന മലങ്കര അണക്കെട്ടിലെ സ്ഥിതിയും നിരീക്ഷണത്തിലാണ്. പുറപ്പിള്ളിക്കാവിലും മഞ്ഞുമ്മലിലും റഗുലേറ്റർ കം ബ്രി‍ജിന്റെ ഷട്ടറുകൾ തുറന്നു വെള്ളമൊഴുക്കുന്നുണ്ട്.

മഴ മുന്നറിയിപ്പ് വിവരങ്ങൾ ഫെയ്സ്ബുക്കിൽ

കലക്ടറുടെ facebook.com/dcekm, ജില്ലാ ഇൻഫർമേഷൻ ഓഫിസറുടെ facebook.com/dioekm എന്നീ ഫെയ്സ്ബുക് പേജുകളിൽ കാലാവസ്ഥാ വിവരങ്ങൾ, അണക്കെട്ടുകളിലെ ജലനിരപ്പ്, മുന്നറിയിപ്പുകൾ എന്നിവയും ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന അറിയിപ്പുകളും ഈ പേജുകളിൽ ലഭിക്കും.

കലക്ടറേറ്റിൽ കൺട്രോൾ റൂം

∙ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ കൺട്രോൾ റൂം സജീവമായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത് .

∙ അടിയന്തര വിവരങ്ങൾ പൊലീസിനു കൈമാറാനും പൊലീസിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാനും വയർലെസ് സെറ്റിന്റെ സേവനം പ്രയോജനപ്പെടുത്തും.

∙ ആശയ വിനിമയത്തിന് ഹോട്‌ലൈൻ നമ്പറുകളും സജ്ജീകരിച്ചു. സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടായാൽ നേരിടാൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്.

∙ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എസ്.സുഹാസിന്റെ മേൽനോട്ടത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ടോൾ ഫ്രീ നമ്പറായ 1077ൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാം.

∙ ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ ഭരണകൂടത്തിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറുന്നതിനായി ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ  കൺട്രോൾ റൂമിൽ ചുമതലയേറ്റു.

കാലവർഷം: ദുരിതാശ്വാസ ക്യാംപിനായി 560 കെട്ടിടം

കാക്കനാട്∙ കാലവർഷം ശക്തി പ്രാപിച്ചാൽ ദുരിതബാധിതരെ പാർപ്പിക്കാൻ ജില്ലയിൽ 560 കെട്ടിടങ്ങൾ കണ്ടെത്തി.കോവിഡ് കൂടി പരിഗണിച്ചാണ് ഇക്കൊല്ലം ക്യാംപ് നടത്തിപ്പിനുള്ള മാർഗനിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്. അടിയന്തിര ഘട്ടത്തിൽ നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുക. ഇതിനുള്ള കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. പൊതുവായ ദുരിതാശ്വാസ ക്യാംപുകൾക്കു പുറമേ 60 വയസിന് മുകളിലുള്ളവർക്കും കോവിഡ് രോഗലക്ഷണമുള്ളവർക്കും ഇതര രോഗങ്ങളുള്ളവർക്കുമായി പ്രത്യേക ക്യാംപുകളുണ്ടാകും.

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്യാംപുകളിലെ മുറിയോട് ചേർന്ന് ശുചിമുറി സൗകര്യമുണ്ടാകും. ഹോം ക്വാറൻറീനിൽ കഴിയുന്നവരെ കാലവർഷ ദുരിതത്തിന്റെ പേരിൽ മാറ്റേണ്ടി വന്നാലും പ്രത്യേക ക്യാംപ് ഒരുക്കും. ക്യാംപുകളുടെ നടത്തിപ്പ് ചുമതല റവന്യൂ, തദ്ദേശ സ്ഥാപന വകുപ്പുകൾക്കാണ്. ചുമതലക്കാരായി മൂന്ന് ഉദ്യോഗസ്ഥരും മുഴുവൻ ക്യാംപുകളിലും ഉണ്ടാകും. എട്ട് ക്യാംപുകൾക്കായി ഒരു സെക്ടർ ഓഫിസറുമുണ്ടാകും. എല്ലാ ക്യാംപുകളിലും വാർഡ് അംഗം, ചുമതലയുള്ള ഉദ്യോഗസ്ഥൻ, വനിതാ പ്രതിനിധി, പുരുഷ പ്രതിനിധി എന്നിവരടങ്ങിയ പരിപാലന കമ്മിറ്റി രൂപീകരിക്കും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ ദിവസവും ക്യാംപിലുള്ളവരെ നിരീക്ഷിക്കും. കൗൺസലിങ്ങ് സംവിധാനവും ഒരുക്കും. ദുരിതാശ്വാസ ക്യാംപുകളിലെ താമസക്കാർക്ക് മാസ്ക്ക് നിർബന്ധമാണ്. സന്ദർശകരെ അനുവദിക്കില്ല. സാധനങ്ങളും വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പരസ്പരം പങ്കിടാൻ അനുവദിക്കില്ല.

ദുരന്ത നിവാരണം സജ്ജം

കാക്കനാട്∙ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരമുള്ള ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം (ഐആർഎസ്) ജില്ലയിൽ സജ്ജമായി. ദുരന്തങ്ങളുണ്ടാകുമ്പോൾ നേരിടാനും ലഘൂകരിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കാനുമാണ് ഐആർഎസ് സംവിധാനം. കമാൻഡ്, ഓപ്പറേഷൻസ്, പ്ലാനിങ്ങ്, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

താലൂക്ക് തലത്തിലെ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എസ്. സുഹാസിനാണ് കമാൻഡ് നേതൃത്വം.  ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർക്കാണ് ഇൻസിഡന്റ് കമാൻഡറുടെ ചുമതല. അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ ആണ് ഡപ്യൂട്ടി ഇൻസിഡന്റ് കമാൻഡർ. ജില്ല ഇൻഫർമനേഷൻ ഓഫിസർ മീഡിയ ഓഫിസറും ഹസാർഡ് ഓഫിസറുമായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA