ADVERTISEMENT

കൊച്ചി∙ ആശങ്ക സൃഷ്ടിച്ച് ജില്ലയിൽ സമ്പർക്കത്തിലൂടെ വീണ്ടും കോവിഡ് 19. എറണാകുളം മാർക്കറ്റ് ജംക്‌ഷനിലുള്ള ഇലക്ട്രിക്കൽ കടയിലെ 2 ജീവനക്കാർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് സ്വദേശി (31), പാലക്കാട് സ്വദേശി (42) എന്നിവർക്കാണു രോഗബാധ. കഴിഞ്ഞ ദിവസം കടയിലെ ഡ്രൈവറായ തൃശൂർ സ്വദേശിക്കു (20) രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതുവരെ മൊത്തം 23 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മാർക്കറ്റ് ജംക്‌ഷനിലുള്ള കടയിലെ ജീവനക്കാർ ആയതിനാൽ ഇവർ കൂടുതൽ പേരുമായി ഇടപഴകിയിരിക്കാം എന്നാണു കരുതുന്നത്. തുടർന്നു മാർക്കറ്റ് അടയ്ക്കാൻ അധികൃതർ തീരുമാനിച്ചു. തൃശൂർ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു സഹപ്രവർത്തകർ ക്വാറന്റീനിലായിരുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകൾ നിരീക്ഷണത്തിലാണ്. നിത്യേന ഒട്ടേറെയാളുകൾ എത്തുന്ന മാർക്കറ്റ് ആയതിനാൽ സമ്പർക്കം മുഴുവൻ കണ്ടെത്തുക എന്നതു ബുദ്ധിമുട്ടാണ്. മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാംപിളുകൾ ശേഖരിക്കും. കടകളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്തും. 

10 പേർക്കു കൂടി കോവിഡ്

മാർക്കറ്റിലെ കടയിലെ ജീവനക്കാർക്കു പുറമേ 10 പേർക്കു കൂടി ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 179 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. 7 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിലെ പ്രാഥമിക തല ചികിത്സാ കേന്ദ്രത്തിലാണ്– 124 പേർ. രോഗ ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആയവരെയാണ് ഇവിടെ ചികിത്സിക്കുന്നത്. കളമശേരി മെഡിക്കൽ കോളജ്– 51, ഐഎൻഎച്ച്എസ് സഞ്ജീവനി– 3, സ്വകാര്യ ആശുപത്രി– 1 എന്നിങ്ങനെയാണ് മറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവർ:

∙ 13ന് കുവൈത്തിൽ നിന്നെത്തിയ കുന്നുകര സ്വദേശി (27), മലയാറ്റൂർ നീലീശ്വരം സ്വദേശി (24)

∙ 14ന് കുവൈത്തിൽ നിന്നെത്തിയ ആലങ്ങാട് സ്വദേശി (31)

∙ 14 ന് ഷാർജയിൽ നിന്നെത്തിയ ചേന്ദമംഗലം സ്വദേശി (45) 

∙ 18 ന് ദുബായിൽ നിന്നെത്തിയ ഏലൂർ സ്വദേശി (41)

∙ 18ന് കുവൈത്തിൽ നിന്നെത്തിയ ആയവന സ്വദേശി (32)

∙ 19ന് മസ്കത്തിൽ നിന്നെത്തിയ വടവുകോട്– പുത്തൻകുരിശ് സ്വദേശിനി (60)

∙ 13ന് തമിഴ്നാട്ടിൽ നിന്നു റോഡ് മാർഗമെത്തിയ കോതമംഗലം സ്വദേശി (23)

∙ 27ന് മുംബൈ– കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി (35)

∙ 28ന് ചെന്നൈ– കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരനായ ആന്ധ്രപ്രദേശ് സ്വദേശി (38).

∙ ദുബായ്– കൊച്ചി വിമാനത്തിലെത്തി 29നു രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയും (47) ജില്ലയിൽ ചികിത്സയിലുണ്ട്.

രോഗമുക്തി നേടിയവർ:

മേയ് 24ന് കോവിഡ് സ്ഥിരീകരിച്ച പെരുമ്പാവൂർ സ്വദേശി(41), മേയ് 26ന് സ്ഥിരീകരിച്ച തുറവൂർ സ്വദേശി (36), കഴിഞ്ഞ 13ന് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി (23), 15ന് സ്ഥിരീകരിച്ച ഏലൂർ സ്വദേശി (31), 16ന് സ്ഥിരീകരിച്ച എളമക്കര സ്വദേശി (26), 16ന് സ്ഥിരീകരിച്ച ആലുവ സ്വദേശി  (38), 20ന് സ്ഥിരീകരിച്ച എളമക്കര സ്വദേശി (22).

∙ ജില്ലയിൽ ആകെ നിരീക്ഷണത്തിൽ– 13,646.

∙കൺട്രോൾ റൂം നമ്പർ: 0484 2368802, 2368902

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com