ADVERTISEMENT

ഫോർട്ട്കൊച്ചി∙ ജങ്കാർ ജെട്ടിക്ക് സമീപം കായലിലേക്ക് ചാടിയ യുവതിക്ക് പൊലീസുകാരനും ഓട്ടോ ഡ്രൈവറും രക്ഷകരായി. തുരുത്തി സ്വദേശിനിയായ യുവതിയാണ് വൈകിട്ട് മൂന്നരയോടെ ആളുകൾ നോക്കി നിൽക്കേ വെള്ളത്തിലേക്ക് ചാടിയത്. ജങ്കാർ ജെട്ടിയിലുള്ള കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത യുവതി ആളൊഴിഞ്ഞ ഭാഗത്തു കൂടെ കായലിനരികിലേക്ക് നീങ്ങുന്നത് കണ്ടപ്പോൾ ആളുകൾക്ക് സംശയം തോന്നി. പട്രോളിങ്ങിന്റെ ഭാഗമായി ഇൻസ്പെക്ടർ ജി.പി.മനുരാജും ഡ്രൈവർ എം.വി.ലെവനും ഈ സമയം അവിടെയുണ്ടായിരുന്നു.

യുവതി കായലിൽ ചാടാൻ പോകുന്നുവെന്ന് ആരോ പറഞ്ഞതായി ലെവൻ പറയുന്നു. ഇത് കേട്ടയുടൻ ഇൻസ്പെക്ടർ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുൻപ് യുവതി വെള്ളത്തിൽ ചാടി. നീന്തൽ അറിയാവുന്ന ലെവനും ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയിൽ പിടിച്ച്  മുകളിലേക്ക് എത്തിച്ചു.ഓട്ടോ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കൺട്രോൾ റൂം വാഹനത്തിൽ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.കായലിൽ നീന്തി പരിചയമുണ്ടെങ്കിലും ജങ്കാർ ജെട്ടി പോലെ ആഴവും അടിയൊഴുക്കും ഉള്ളിടത്ത് ചാടുന്നത് റിസ്ക് ആയിരുന്നുവെന്ന് ലെവൻ പറഞ്ഞു. ജീൻസും ടീ ഷർട്ടുമായിരുന്നു യുവതിയുടെ വേഷം. കുത്തിയതോട് സ്വദേശിയാണ് ലെവൻ. ലെവന്റെ മനഃസാന്നിധ്യത്തെ അഭിനന്ദിച്ച് ഇന്‍സ്പെക്ടർ മനുരാജ് സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com