ADVERTISEMENT

കൊച്ചി∙എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷന്റെ 118–ാം വാർഷികം ആഘോഷങ്ങളൊന്നുമില്ലാതെ കടന്നു പോയി. 1902 ജൂലൈ 16നാണു സ്റ്റേഷനിൽ നിന്നു യാത്രാ ട്രെയിനുകൾ സർവീസ് തുടങ്ങിയത്. കൊച്ചിയിലേക്കു റെയിൽപാത വേണമെന്ന കൊച്ചി മഹാരാജാവ് രാമ വർമയുടെ ആവശ്യം ബ്രിട്ടിഷുകാർ തളളിയതോടെ രാജാവ് ആ വെല്ലുവിളി സ്വയം ഏറ്റെടുക്കുകയായിരുന്നു. വാർഷിക ബജറ്റിൽ 2 ലക്ഷം രൂപ മാത്രം നീക്കിയിരിപ്പുണ്ടായിരുന്ന കൊച്ചി രാജ്യമാണു 44 ലക്ഷം രൂപയുടെ പദ്ധതി ഏറ്റെടുത്തത്.

പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റാണു രാജാവ് പണം കണ്ടെത്തിയത്. ബ്രിട്ടിഷുകാർ പദ്ധതി തകിടം മറിക്കാൻ ശ്രമിച്ചപ്പോൾ അതിനെ ദൃഢനിശ്ചയം കൊണ്ടു മറികടന്നാണു രാജാവ് സ്വപ്ന പദ്ധതി പൂർത്തിയാക്കിയത്. 1902 ജൂണിൽ ആദ്യ ആവി എൻജിൻ കൊച്ചിയെ തൊട്ടു. ജൂലൈ 16നു നടന്ന ആദ്യ സർവീസിൽ രാജാവും പത്നിയുമായിരുന്നു ആദ്യ യാത്രക്കാർ. കൊച്ചിയുടെ തലവര മാറ്റി വരച്ച റോബർട്ട് ബ്രിസ്റ്റോയും വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയും ആദ്യം ട്രെയിനിറങ്ങിയതും ഇവിടെ തന്നെ.

വ്യവസായ നഗരമായി മാറിയ കൊച്ചിയുടെ വളർച്ചയിൽ ചാലക ശക്തിയായി വർത്തിച്ച സ്റ്റേഷന് ഐലൻഡിലും സൗത്തിലും സ്റ്റേഷനുകൾ വന്നതോടെ പ്രാധാന്യം നഷ്ടപ്പെട്ടു. പഴയ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കാൻ ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി ഒട്ടേറെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. റെയിൽവേ മന്ത്രിമാർ താൽപര്യമെടുത്തെങ്കിലും സ്റ്റേഷന്റെ 40 ഏക്കർ ഭൂമി ചുളുവിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചിലർ പദ്ധതിക്കു തടസ്സം സൃഷ്ടിച്ചുവെന്നു സമിതി കൺവീനർ കെ.പി.ഹരിഹരകുമാർ പറയുന്നു.

സ്റ്റേഷന്റെ ചരിത്ര പ്രാധാന്യം അറിയാത്ത ജനപ്രതിനിധികളുടെ നിലപാടുകളും പദ്ധതിയെ ബാധിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. മരങ്ങൾ വളർന്നതിനാൽ സ്റ്റേഷനെ മംഗള വനത്തിന്റെ ബഫർ സോണായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ചില സംഘടനകളും രംഗത്തെത്തി. സ്റ്റേഷനിലേക്കുളള പാത നവീകരിക്കാൻ റെയിൽവേ ഒന്നര കോടി രൂപ ചെലവാക്കിയെങ്കിലും പ്ലാറ്റ്ഫോം നവീകരിച്ചു ട്രെയിനോടിക്കാൻ ഇനിയും നടപടിയുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com