ADVERTISEMENT

കൊച്ചി ∙ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്ചയെന്നു പരാതി. സോൺ പ്രഖ്യാപനത്തിൽ തെറ്റുകൾ കടന്നു കൂടുന്നതും പതിവായി. കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ കൂടുതൽ ഏകോപനം വേണമെന്നും ആവശ്യമുയരുന്നു.ജില്ലാ മെഡിക്കൽ ഓഫിസറുമായി കൂടിയാലോചിച്ചു കലക്ടർ ഓരോ ദിവസവും രാത്രി 12നു മുൻപായി കണ്ടെയ്ൻമെന്റ് സോണാക്കാനുള്ള ശുപാർശ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു (കെഎസ്ഡിഎംഎ) നൽകണം.

ആരോഗ്യ വിഭാഗം ജില്ല സർവൈലൻസ് ഓഫിസറുടെ ശുപാർശ പ്രകാരം ഇൻസിഡന്റ് കമാൻഡറായ സബ് കലക്ടറാണു നിലവിൽ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഓരോ ഭാഗത്തെയും കോവിഡ് വ്യാപന സാധ്യതകളും ഭീഷണിയും വിലയിരുത്തിയാണു പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കുന്നത്. നേരത്തെ അതതു ദിവസം രാത്രി തന്നെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലുൾപ്പെടെ ഇതു പ്രസിദ്ധീകരിച്ചിരുന്നു. ഏതൊക്കെ ഭാഗങ്ങളാണു കണ്ടെയ്ൻമെന്റ് സോണാക്കുന്നതെന്നു രാത്രി തന്നെ ഇതു മൂലം അറിയാമായിരുന്നു.

എന്നാൽ, ഇപ്പോൾ സോണിനുള്ളിലുള്ളവർ പോലും ഇതറിയുന്നത് എല്ലാം അടച്ചു പൂട്ടിയ ശേഷം മാത്രം.കെഎസ്ഡിഎംഎ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ പലപ്പോഴും പിശകുകളും കടന്നു കൂടുന്നു. ഐക്കരനാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും 30ന് കണ്ടെയ്ൻമെന്റ് സോണുകളാക്കി കെഎസ്ഡിഎംഎ അറിയിച്ചു. എന്നാൽ, പിറ്റേന്നു തന്നെ ഇതു പിൻവലിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കേണ്ട പല വാർഡുകളും പുതിയതായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വാർഡുകളുടെ പട്ടികയിലുൾപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി.

കണ്ടെയ്ൻമെന്റ് സോൺ ആകുന്നത് എങ്ങനെ?

∙പ്രാദേശിക സമ്പർക്കത്തിലൂടെ ഒരാൾ കോവിഡ് പോസിറ്റീവായാൽ ആ വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കും.
∙ഒരു വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 2 പേർ പോസിറ്റീവായാൽ ആ വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കും.
∙ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 10 പേർ ഒരു വാർഡിൽ ഉണ്ടെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കും.
∙ദ്വിതീയ സമ്പർക്ക പട്ടികയിലെ 25 പേർ ഒരു വാർഡിൽ ഉണ്ടെങ്കിലും കണ്ടെയ്ൻമെന്റ് സോണാക്കും.

∙മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സ്ട്രീറ്റുകൾ, താമസ മേഖലകൾ എന്നിവിടങ്ങളിൽ കോവിഡ് വ്യാപന സാധ്യതകളുണ്ടെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കാം.
∙കുറഞ്ഞത് 7 ദിവസത്തേയ്ക്കാണു കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനം. മേൽപറഞ്ഞ കാര്യങ്ങളിൽ മാറ്റമുണ്ടായാൽ 7 ദിവസത്തിനു ശേഷം നിയന്ത്രണങ്ങൾ പിൻവലിക്കും. മാറ്റമുണ്ടായില്ലെങ്കിൽ തുടരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com