ADVERTISEMENT

കോവിഡ് കാലത്ത് ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ചികിത്സ കിട്ടുന്നില്ലെന്ന പരാതികൾ പതിവാകുകയാണ്. കൊച്ചിയിൽ ഓൺലൈൻ ടാക്സി ഓടിക്കുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശി റഫീക്ക് പഴശ്ശിക്ക് സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവം ഇതു ശരിവയ്ക്കുന്നു. രോഗികളുടെ ആധിക്യവും ചട്ടങ്ങളുടെ സാങ്കേതിക കുരുക്കുകളുമൊക്കെ ഒട്ടേറെപ്പേരെ വേദനയിലാഴ്ത്തുന്നു......

‘‘ആരോഗ്യരംഗത്ത് ഏറെ പുരോഗമിച്ചു എന്നു പറയുമ്പോഴും നമ്മുടെ സർക്കാർ ആശുപത്രിയിൽ നിന്ന് എനിക്കുണ്ടായത് ദുരനുഭവമാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് അറിയണം. 28ന് രാത്രി 7 മണിക്കാണ് ഓട്ടം കഴിഞ്ഞു വാഴക്കാല ചെമ്പുമുക്കിലെ വീട്ടിലെത്തിയത്. നല്ല തളർച്ചയുണ്ടായിരുന്നു. അധികം വൈകാതെ ശ്വാസമെടുക്കാൻ പ്രയാസമനുഭവപ്പെട്ടു തുടങ്ങി. സമയം കഴിയും തോറും അതു കൂടി വന്നു.അതോടെ, സുഹൃത്തിനെ വിളിച്ച‌്, ഉടൻ ആശുപത്രിയിൽ പോകണമെന്നും വാഹനവുമായി എത്താനും ആവശ്യപ്പെട്ടു.

കോവിഡ് കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യുന്നതിനാൽ കോവിഡ് സെന്റർ പ്രവർത്തിക്കുന്ന ആശുപത്രിയിലേക്കു തന്നെ പോകാമെന്നു പറഞ്ഞതു സുഹൃത്താണ്. ശ്വാസതടസ്സം കോവിഡിന്റെ ലക്ഷണമാണെന്ന തിരിച്ചറിവും അവിടേക്കു പോകാൻ പ്രേരണയായി. ‘‘രാത്രി എട്ടിന് കാഷ്വൽറ്റിയിലെത്തി. എന്നെ അവിടെ ഇറക്കി സുഹൃത്തു മടങ്ങുകയും ചെയ്തു. ശ്വാസം കിട്ടാതെ വലയുന്നതിനിടെ കാഷ്വൽറ്റിയിൽ ഒരു തരത്തിൽ കാര്യം പറഞ്ഞപ്പോൾ കോവിഡ് സെന്ററിലേക്കു പോകണമെന്നു പറഞ്ഞ് അവിടേക്കു വിട്ടു.

അവിടെ എത്തിയപ്പോഴാകട്ടെ കൺട്രോൾ റൂമിലേക്കു വിളിക്കാനും വിവരം പറയാനുമായിരുന്നു മറുപടി. കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ മറ്റൊരു നമ്പർ തന്നു. ആ നമ്പരിൽ ഒരു ഡോക്ടർ ആണ് എടുത്തത്. കാര്യം പറഞ്ഞപ്പോൾ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടാനായിരുന്നു മറുപടി. അപ്പോഴേക്കും ആശുപത്രിയിലെത്തി അര മണിക്കൂർ കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയപ്പോൾ കനത്ത മഴ. ഒരു വിധത്തിൽ ഗേറ്റിനു സമീപം വരെ എത്തിയപ്പോഴേയ്ക്കും ഉമിനീർ വറ്റി തൊണ്ട വരണ്ടു. ശ്വാസമാണെങ്കിൽ കിട്ടുന്നേയില്ല.

കുഴഞ്ഞു വീഴുമെന്നു തോന്നിയപ്പോൾ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയോടു അവശനാണെന്നും കുടിക്കാൻ അൽപം വെള്ളം തരുമോ എന്നും ചോദിച്ചു. എന്നാൽ ഇല്ലെന്നായിരുന്നു മറുപടി. കുപ്പിയിൽ വെള്ളമിരിക്കുന്നതു കണ്ടെന്നു മനസ്സിലായിട്ടും വെള്ളം കിട്ടിയില്ല. ‘‘ഇതോടെ വീണ്ടും സുഹൃത്തിനെ വിളിച്ചു. വരുമ്പോൾ അൽപം വെള്ളം കൂടി കരുതാനും ആവശ്യപ്പെട്ടു.

സുഹ‍ൃത്തെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രാത്രി 10.30. അവിടെ നിന്ന് കുത്തിവയ്പും മരുന്നും ലഭിച്ചതോടെയാണു മരണവെപ്രാളത്തിന് അവസാനമായത്. പിന്നീടു നാട്ടിൽ എത്തി നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആവുകയും ചെയ്തു.സാധാരണക്കാരന്റെ അവസാന ആശ്രയമാണു സർക്കാർ ആശുപത്രികൾ. അവിടെ ഇത്തരമൊരു പ്രശ്നവുമായി എത്തുന്ന ഒരാൾക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധയും താൽപര്യവും വേണം. ’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com