ADVERTISEMENT

ആലുവ∙ നാണയങ്ങൾ വിഴുങ്ങി അപകടനിലയിലായ 3 വയസ്സുകാരൻ പൃഥിരാജിനെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം ജീവിത ദുരിതങ്ങൾ മറന്നു രംഗത്തിറങ്ങിയ ഓട്ടോ ഡ്രൈവർ ബാബു വർഗീസിനു മലയാള മനോരമ വാർത്തയെ തുടർന്നു സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നു സഹായഹസ്തം. ബാബുവിനെ സാമ്പത്തികമായി സഹായിക്കാൻ ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ ഫെയ്സ്ബുക് കുറിപ്പിൽ ആഹ്വാനം ചെയ്തു. 

ബാബുവിന്റെ മകൻ, അപകടത്തിൽ പരുക്കേറ്റ് അരയ്ക്കു താഴെ തളർന്നു കിടക്കുന്ന സെബിന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയ പോസ്റ്റിൽ കുമ്മനം ഇങ്ങനെ കുറിച്ചു: ‘ബാബു വർഗീസ്, നിങ്ങളാണു നാടിന്റെ മാതൃക. മകനെ ചികിത്സിക്കാൻ കടമെടുത്തു നട്ടംതിരിയുമ്പോഴും അങ്ങയുടെ മനഃസാക്ഷി മരവിച്ചില്ല. 

തിരുവല്ലയിൽ വണ്ടിയിടിച്ചു മാരകമായ പരുക്കുകളോടെ രക്തം വാർന്നൊലിച്ചു കിടന്ന ബൈക്ക് യാത്രികനെ സഹായിക്കാൻ കൂട്ടംകൂടി നിന്നവരാരും തയാറായില്ലെന്ന വാർത്ത കേട്ടു തരിച്ചുനിന്ന പ്രബുദ്ധ കേരളം ഇന്ന് അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു’. സെബിനു സൗജന്യ ഫിസിയോതെറപ്പി സൗകര്യം നൽകാമെന്നു കോതമംഗലം പീസ്‌വാലി അധികൃതർ അറിയിച്ചു. രോഗിയുടെയും കൂട്ടിരിപ്പുകാരന്റെയും താമസം, ഭക്ഷണം, ചികിത്സ എന്നിവയും വഹിക്കും.

ഡോക്ടറുടെ നിർദേശപ്രകാരം 3 ആഴ്ച മുതൽ 3 മാസം വരെയാണു ചികിത്സ നൽകുക. സാമ്പത്തിക ബുദ്ധിമുട്ടു മൂലം സെബിന്റെ ഫിസിയോതെറപ്പി നിർത്തിവച്ച കാര്യം വാർത്തയിൽ പറ​ഞ്ഞിരുന്നു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ബാബുവിന്റെ നാലംഗ കുടുംബം ചൂർണിക്കര പഞ്ചായത്തിൽ വാടകയ്ക്കു താമസിക്കുകയാണ്. കൊച്ചിൻ ക്യൂൻ സിറ്റി റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ആർ. അവിനാഷ് ഓട്ടോ സ്റ്റാൻഡിലെത്തി ബാബുവിനു 10,000 രൂപയും ഉപഹാരവും നൽകി.

ക്ലബ് ഭാരവാഹികളായ ബേബി തോമസ്, സുധീർ മേനോൻ എന്നിവർ പങ്കെടുത്തു. ബാബു വർഗീസിനെ തായിക്കാട്ടുകര സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു.  പ്രസിഡന്റ് മുനീർ ഖാൻ പാരിതോഷികം കൈമാറി. ഭാരവാഹികളായ അമീർ അഫ്സൽ, അബ്ദുൽ ഹമീദ്, ചെറിയാൻ, അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു. വേറെയും വ്യക്തികളും സംഘടനകളും സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com