ADVERTISEMENT

കൊച്ചി∙ നഗരം വെള്ളക്കെട്ടിലായ സംഭവത്തിൽ നഗരസഭയും ജില്ലാ ഭരണകൂടവും പരസ്പരം പഴിചാരിയിട്ടു കാര്യമില്ലെന്നു ഹൈക്കോടതി. അനുഭവത്തിൽ നിന്നു പാഠമുൾക്കൊള്ളാനും ദുർബല മേഖലകൾ കണ്ടെത്താനുമുള്ള അവസരമായി ഇതിനെ കാണണം. കോവിഡ് ഭീതിക്കിടെ ഒരു പ്രളയം കൂടി ജനത്തിനു താങ്ങാനാവില്ലെന്നു കോടതി മുന്നറിയിപ്പു നൽകി.    പ്രളയമുണ്ടായാൽ സാമൂഹിക അകലം പാലിച്ചുള്ള പുനരധിവാസവും മാറ്റിപ്പാർപ്പിക്കലും ഒക്കെ പ്രതിസന്ധിയാകും.കനത്ത മഴയിലും മുങ്ങാത്തവിധം നഗരത്തെ മാറ്റിയെടുക്കാൻ ഒന്നിച്ചു മുന്നേറണം. പഴിചാരൽ കൊണ്ട് ആർക്കും ഗുണമില്ല.

എല്ലാം സഹിക്കേണ്ടതു ജനങ്ങളാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.കലക്ടർ ചൂണ്ടിക്കാട്ടുന്ന മൂന്നോ നാലോ  അടിയന്തര ജോലികൾ ചെയ്യാൻ അഞ്ചു കോടി രൂപയും 50 ദിവസവും വേണമെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. നഗരസഭ പണം അനുവദിച്ചാൽ ‘ഓപ്പറേഷൻ ബ്രേക് ത്രൂ’ ടീം ഇതു ചെയ്യാൻ തയ്യാറാണ്.  കലക്ടറുടെയും നഗരസഭയുടെയും റിപ്പോർട്ടുകളിൽ വിരുദ്ധ നിലപാടുകളുണ്ടെന്നും റിപ്പോർട്ടുകൾക്ക് ഇരുവരും മറുപടി കൂടി നൽകണമെന്നും കോടതി പറഞ്ഞു. വെള്ളക്കെട്ടു വഷളാക്കിയതിൽ ഓപ്പറേഷൻ ബ്രേക് ത്രൂ ടീമിനെയും അവരുടെ ചില ജോലികളെയും നഗരസഭ പഴിക്കുന്നുണ്ട്.

ഒന്നര വർഷമായി കോടതി ഇടപെടലിനെ തുടർന്നു ചെയ്ത ചില ജോലികൾ കുറച്ചു മെച്ചമുണ്ടാക്കിയിട്ടുണ്ടെന്നും ചില പ്രദേശങ്ങൾ മാത്രമാണു മുങ്ങിയതെന്നും കോടതി പറഞ്ഞു. തനതു ഫണ്ടിലും അമൃത് പദ്ധതിയിലും ചെയ്ത ജോലികൾ നഗരസഭാ സെക്രട്ടറി വിശദീകരിച്ചു. കഴിഞ്ഞ മഴയിൽ വെള്ളക്കെട്ടിലായ പ്രദേശങ്ങളെക്കുറിച്ചു നഗരസഭാ സൂപ്രണ്ടിങ് എൻജിനീയറും വ്യക്തമാക്കി. കമ്മട്ടിപ്പാടം ഭാഗത്തുള്ള റെയിൽവേ കലുങ്ക് പുനർനിർമിക്കുന്ന കാര്യത്തിൽ ദക്ഷിണറെയിൽവേ നിലപാട് അറിയിക്കണമെന്നു കോടതി നിർദേശിച്ചു. കെഎംആർഎൽ പണിത പൈപ്പ് കൾവർട്ട് ചങ്ങാടംപോക്ക് കനാലിലേക്കു ബന്ധിപ്പിച്ചിട്ടില്ലെന്ന പരാതിയിൽ കെഎംആർഎൽ നിലപാട് അറിയിക്കണം. 

പി ആൻഡ് ടി കോളനി

കോളനിക്കാരുടെ പുനരധിവാസ പദ്ധതിക്കു സാങ്കേതികാനുമതി നൽകിയെന്നു സർക്കാർ അറിയിച്ചു. ജിസിഡിഎ ഒരു മാസത്തിനകം ഇതിനുള്ള പണി തുടങ്ങുമെന്നു സർക്കാർ അറിയിച്ചതു രേഖപ്പെടുത്തി. ഇനി കേസെടുക്കുമ്പോൾ പുരോഗതി അറിയിക്കണം.

ഉടൻ ചെയ്യണമെന്നു കലക്ടർ പറയുന്നത്:    

1.മുല്ലശേരി കനാലിന്റെ ചെരിവു പരിഹരിക്കൽ
2. പേരണ്ടൂർ കനാൽ തേവര കായലിലും ചിറ്റൂർ കായലിലും ചേരുന്ന ഭാഗങ്ങളുടെ ശുചീകരണം
3. അറ്റ്ലാന്റിസിനും വടുതലയ്ക്കും മധ്യേ ചിറ്റൂർ റോഡിനും എംജി റോഡിനും കുറുകെയുള്ള 12 മഴവെള്ളച്ചാലുകളുടെ നവീകരണം.

നഗരസഭ കോടതിയെ അറിയിക്കേണ്ടത്:  

1അമൃത് പദ്ധതിയിൽ അനുവദിച്ച തുക, കിട്ടിയ തുക, ചെലവിട്ട തുക
2 വെള്ളക്കെട്ടു ലഘൂകരണത്തിനും മഴവെള്ളച്ചാൽ നവീകരണത്തിനും തനതു ഫണ്ട് വിനിയോഗിച്ചതിന്റെ കണക്ക്
(അടിയന്തര ജോലികൾക്ക് എജി ചൂണ്ടിക്കാട്ടിയ 5 കോടി രൂപ നഗരസഭ ചെലവിടുമോ എന്നു തീരുമാനിക്കാനാണ് കണക്ക് തേടുന്നതെന്നു കോടതി) .
3. പേരണ്ടുർ കനാലിൽ നിന്നു നീക്കിയ ചെളിയിട്ടത് എവിടെ? ഈയാവശ്യത്തിന് എത്ര തുക ചെലവിട്ടു?
(നഗരസഭ തേവര–പേരണ്ടൂർ കനാൽ ശുചീകരണം ശരിയായി നടത്തിയില്ലെന്നു ഓപ്പറേഷൻ ബ്രേക് ത്രൂ ടീമും ഹർജിക്കാരും പറഞ്ഞതോടെയാണു കോടതി ഈ വിവരം തേടിയത്.)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com