ADVERTISEMENT

കൊച്ചി∙ 12 മണിക്കൂർ തുടർച്ചായി മഴ പെയ്തപ്പോൾ വീട്ടിൽ അരയ്ക്കൊപ്പം വെള്ളം, വീട്ടിലെ ഫർണിച്ചറുകളും കിടക്കകളും വരെ വെള്ളത്തിലായി, മഴയെക്കുറിച്ചുള്ള പ്രവചനങ്ങൾ അറിഞ്ഞ് ബന്ധു വീടുകളെ അഭയം പ്രാപിക്കേണ്ടി വന്ന സാഹചര്യം – ഏതെങ്കിലും പുഴയോരത്ത് താമസിക്കുന്ന സാധാരണക്കാരുടെ അനുഭവമല്ല ഇത് എന്നറിയണം. കൊച്ചി നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത്, കലൂർ സ്റ്റേഡിയത്തിന് എതിർവശത്ത് വസന്ത് നഗർ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടർ കുടുംബത്തിന്റെ അവസ്ഥയാണിത്. ഫ്ലാറ്റിന്റെ താഴത്തെ നിലയിൽ താമസം തുടങ്ങിയിട്ട് 25 വർഷമായി. ഹൗസിങ് ബോർഡ് ഉണ്ടാക്കിയ ഫ്ലാറ്റാണ്. എപ്പോൾ വെള്ളക്കെട്ടുണ്ടായാലും വീടു വിട്ടു പോകേണ്ട സാഹചര്യമാണെന്ന് മെഡിക്കൽ വിദ്യാർഥിയായ ജോർജ് ജേക്കബ് പറയുന്നു.

 

കഴിഞ്ഞ ദിവസം കൊച്ചിയെ വെള്ളക്കെട്ടിലാക്കിയ മഴയിൽ ഓപ്പറേഷൻ ബ്രേക്ത്രൂവിന്റെ ഫലമായി കലൂരിൽ വെള്ളപ്പൊക്കം ഉണ്ടായില്ലെന്നാണ് കലക്ടർ പറഞ്ഞത്. പക്ഷെ തന്റെ വീട്ടിൽ മുട്ടിനു മുകളിൽ വെള്ളമായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. സമീപ പ്രദേശത്തുള്ള നിരവധി വീടുകളിലും ഇതു തന്നെയാണ് അവസ്ഥ. മെട്രോയും വന്ന് റോഡ് ഉയർന്നതോടെ താഴ്ന്ന സ്ഥലത്തുള്ള വസന്ത് നഗർ ഫ്ലാറ്റിന്റെ ഗ്രൗണ്ട് ഫ്ലോർ വെള്ളത്തിലാകുന്നതാണ് ഇപ്പോൾ പതിവ്. മരം കൊണ്ടുള്ള ഒരു ഫർണിച്ചറും വീട്ടിൽ പറ്റില്ലെന്ന സാഹചര്യം. വാഷിങ് മെഷീനിലും വെള്ളം കയറി. കിടക്കകളെല്ലാം നാശമായി. ഒരാഴ്ചയായി ആലപ്പുഴയിലുള്ള ബന്ധുവീട്ടിലേയ്ക്ക് താമസം മാറ്റേണ്ടി വന്നിരിക്കുകയാണ്.

 

വീട്ടിൽ പ്രായമായ വല്യമ്മയുണ്ട്. ഓറഞ്ച് അലേർട് വന്നതോടെ വീണ്ടും പേടിയിലാണ്. അതുകൊണ്ടു തന്നെ എല്ലാവരും മാറി താമസിക്കുകയാണ്. ഇപ്പോൾ വെള്ളം ഇറങ്ങിയെങ്കിലും വീട് താമസയോഗ്യമായിട്ടില്ല. അടുക്കളയിൽ വെള്ളക്കെട്ടുണ്ട്. സമീപവാസികൾ വീടു മാറിയെങ്കിലും ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്. ഫ്ലാറ്റിൽ തന്നെ താഴത്തെ നിലയിൽ ആരും വാടകയ്ക്ക് പോലും വരുന്നില്ല. ഉടമകൾ വീടുമാറിയാണ് താമസിക്കുന്നത്. വീട്ടിൽ വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അധികൃതർ കണ്ണു തുറന്നില്ലെങ്കിൽ തങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും ജോർജ് ജേക്കബ് പറഞ്ഞു. 

 

കഴിഞ്ഞ ദിവസം കൊച്ചിയെ മൊത്തം വെള്ളത്തിലാക്കിയ പെരുമഴയിൽ മാമംഗലം പൊറ്റക്കുഴി റോഡ്, കലൂർ കത്രിക്കടവ് റോഡ്, ആസാദ് റോഡ്, ഷേണായീസ് റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. കലൂർ സബ്സ്റ്റേഷനിലും വെള്ളം കയറി. പനമ്പള്ളിനഗർ, നോർത്ത്, പരമാര റോഡ്, എംജി റോഡിൽ നിന്നുള്ള ദൊരൈസാമി റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ഓരോ വർഷവും വെള്ളക്കെട്ടുകളുണ്ടാകുമ്പോൾ പദ്ധതികൾ പ്രഖ്യാപിക്കുകയും കോടതി ഉൾപ്പടെ ഇടപെടുകയും ചെയ്തെങ്കിലും വെള്ളം കായലിലേയ്ക്ക് ഒഴുക്കി വിടാൻ ശാശ്വത പരിഹാരം കണ്ടെത്താത്തതിന്റെ ആശങ്കയിലാണ് കൊച്ചി നിവാസികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com