ADVERTISEMENT

കൊച്ചി ∙ കൊച്ചിക്കു പുതുവർഷ സമ്മാനമായി വാട്ടർ മെട്രോ എത്തുമോ എന്നതിൽ സംശയം. വാട്ടർ മെട്രോ ആദ്യഘട്ടം ജനുവരിയിൽ കമ്മിഷൻ ചെയ്യുമെന്നു സർക്കാരും, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും, ബോട്ട് നിർമിക്കുന്ന കൊച്ചി കപ്പൽശാലയും ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അതിനുള്ള വേഗം ഇപ്പോഴും പദ്ധതിക്ക് ഇല്ലെന്നതു യാഥാർഥ്യം. മാസങ്ങൾ കഴിയുന്തോറും കമ്മിഷനിങ് തീയതി ഓരോ മാസം വച്ചു നീട്ടുന്നുണ്ട്. ഡിസംബറിൽ നിന്നു ജനുവരിയിലേക്കു നീട്ടിയത് ഇൗ മാസമാണ്.

പദ്ധതി നിർമാണ ഉദ്ഘാടനം നടത്തിയ സമയത്തെ പ്രഖ്യാപനം അനുസരിച്ച് ഇതിനകം വാട്ടർ മെട്രോ സർവീസ് തുടങ്ങേണ്ടതായിരുന്നു. സർക്കാരിനും കെഎംആർഎല്ല‌ിനും പദ്ധതി ഏതുവിധേനയും സമയത്തു തീർക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും താഴേത്തട്ടിൽ വേഗം കുറവാണ്.  കൊച്ചി കപ്പൽശാലയിൽ ആദ്യ ബോട്ടിന്റെ നിർമാണം തുടങ്ങി. ഡിസംബറിൽ ആദ്യ ബോട്ട് കൈമാറുമെന്നും 4 ആഴ്ച ഇടവിട്ട് 5 ബോട്ടുകൾ വീതം കൈമാറുമെന്നും കപ്പൽശാല ഉറപ്പുനൽകി. ആദ്യ ഘട്ടത്തിലേക്കു വേണ്ടത് 23 ബോട്ടുകളാണ്. 

ഡിസംബറിൽ ബോട്ട് ലഭിച്ചാൽ ജനുവരി മുതൽ വൈറ്റില– ഇൻഫോപാർക്ക് റൂട്ടിൽ സർവീസ് തുടങ്ങി വാട്ടർ മെട്രോ കമ്മിഷൻ ചെയ്യാനും ഏതാനും മാസങ്ങൾക്കുള്ളിൽ ദ്വീപുകളിലേക്കു സർവീസ് ആരംഭിക്കാനുമാണു തീരുമാനം. എന്നാൽ ബോട്ടിന്റെ ചട്ടക്കൂട് മാത്രമേ കപ്പൽശാല നിർമിക്കുന്നുള്ളു. പ്രധാന ഘടകങ്ങളെല്ലാം വിദേശത്തുനിർമിച്ച് ഇറക്കുമതി ചെയ്തു ബോട്ടിൽ ഘടിപ്പിക്കണം . അതിനുള്ള കരാർ ഇതുവരെ ആയിട്ടില്ല. ബോട്ടിനെ ചലിപ്പിക്കുന്ന മോട്ടോർ, ജനറേറ്റർ, ബാറ്ററി എന്നിവ ചേർന്ന ഇന്റഗ്രേറ്റർ ഏതെന്നു നിശ്ചയിച്ചിട്ടില്ല. 

സാധാരണയേക്കാൾ നാലിരട്ടി വിലയും ഇരട്ടിയിലേറെ സുരക്ഷിതവും ഇൗടുമുള്ള ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് (എൽടിഒ) ബാറ്ററിയാണു വാട്ടർ മെട്രോ ബോട്ടിൽ. ഇതിനു ഓർഡർ കൊടുത്തു നിർമിക്കണം. ഇറക്കുമതി ചെയ്തു ബോട്ടിൽ ഘടിപ്പിക്കണം. ബോട്ടിന്റെ ഇന്റീരീയർ ടെൻഡറും പൂർത്തിയായിട്ടില്ല. 3 മാസം കൊണ്ട് ഇത്രയും ജോലികൾ പൂർത്തിയാക്കി ബോട്ട് കൈമാറുക അസാധ്യമാവും. 

കാര്യങ്ങൾ വേഗത്തിലെന്ന് കെഎംആർഎൽ 

ടെർമിനൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്നു കെഎംആർഎൽ അവകാശപ്പെടുന്നു. ഇന്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം കരാർ അവസാന ഘട്ടത്തിലാണ്. സർവീസ് നടത്തുന്ന ബോട്ടുകൾ കേടായാൽ അറ്റകുറ്റപ്പണിക്കു പോകേണ്ട വർക് ബോട്ടിന്റെ ടെൻഡർ അവസാന ഘട്ടത്തിലെത്തി. രണ്ടാം ഘട്ടത്തിലെ 22 ടെർമിനലുകൾക്കു വേണ്ട ഭൂമി ഏറ്റെടുക്കൽ തുടങ്ങി. ആദ്യഘട്ടത്തിൽ വരുന്ന 15 റൂട്ടിൽ 7 റൂട്ടിൽ ചെളി നീക്കൽ അടുത്തമാസം തുടങ്ങും. 

100 യാത്രക്കാർ, 50 സീറ്റ് 

ദ്വീപുകളിലേക്കുള്ള മെട്രോയാണു വാട്ടർ മെട്രോ. ഒരേ ടിക്കറ്റിൽ മെട്രോ ട്രെയിനിലും വാട്ടർ മെട്രോയിലും യാത്ര ചെയ്യാം. അതിനാൽത്തന്നെ മെട്രോ ട്രെയിനിന്റെ ഉൾവശവുമായി സാമ്യമുണ്ടാകും. സീറ്റുകൾക്കും മറ്റും അതേ മെറ്റീരിയൽ തന്നെ. രണ്ടു വരികളിലായി ബസിലേതു പോലെയാണു സീറ്റുകൾ. 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ 50 സീറ്റുണ്ട്. 50 പേർക്കു നിന്നും യാത്ര ചെയ്യാം. ബോട്ടിന്റെ ഉൾവശത്ത്, മുന്നിൽ വലിയ ഡിജിറ്റൽ സ്ക്രീൻ. അറിയിപ്പുകൾ, വിഡിയോകൾ, പരസ്യങ്ങൾ എന്നിവയുണ്ടാകും. എസി, വൈഫൈ സൗകര്യം, അത്യ‌ാധുനിക സുരക്ഷാ സംവിധാനം എല്ലാം ഉണ്ട്. വാട്ടർ മെട്രോ ബോട്ടുകൾ രാത്രിയും സർവീസ് നടത്താം. 

പദ്ധതി വൈകാൻ കാരണങ്ങളില്ല 

വാട്ടർ മെട്രോ വൈകേണ്ട ഒരു കാര്യവുമില്ല. സർക്കാർ അനുമതികൾ ആയി. പരിസ്ഥിതി അനുമതി കഴിഞ്ഞവർഷം ഒക്ടോബറിൽ ലഭിച്ചു. ജർമൻ വികസന ബാങ്കിന്റെ വായ്പ ലഭിച്ചു. സ്ഥലമെടുപ്പിനും തടസ്സമില്ല. ടെർമിനൽ നിർമാണത്തിനു ചിലർ സൗജന്യമായി സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ സ്ഥലം ഏറ്റെടുത്തു. ബാക്കിയുള്ളത് പുരോഗമിക്കുന്നു. 

അത്യാധുന‌ിക സംവിധാനങ്ങൾ 

ഇന്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം ആണു വാട്ടർ മെട്രോയിൽ ഉപയോഗിക്കുന്നത്. ഇതിന്റെ ടെൻഡർ തുറന്നു. ജർമൻ വികസന ബാങ്കിന്റെ പരിശോധനയിലാണ്. ജിപിആർഎസ് അധിഷ്ഠിതമായ സംവിധാനം സുരക്ഷ ഉറപ്പാക്കുന്നു. ഉള്ളിലെ നിരീക്ഷണ ക്യാമറ, വൈഫൈ, അകത്തും പുറത്തുമുള്ള ജിപിഎസ്, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, മാസ്റ്റർ ക്ലോക്ക്, അകത്തും പുറത്തും സിസിടിവി, ടിക്കറ്റ് കലക്‌ഷനു ഓട്ടമാറ്റിക് സംവിധാനം, കേന്ദ്രീകൃത ഓപ്പറേഷനൽ കൺട്രോൾ സെന്റർ എന്നിവയാണ് പ്രത്യേകതകൾ.  ഇന്റലിജന്റ് വിഡിയോ സംവിധാനമുള്ള ക്യാമറകൾ പ്രത്യേകതയാണ്. ഇടിച്ചു കയറ്റം, അവകാശികളില്ലാത്ത ബാഗുകൾ, തിരക്ക് നിയന്ത്രിക്കൽ, ലൈൻ പാലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മുന്നറിയിപ്പു തരുന്ന ക്യാമറകളാണിവ. 

വരാപ്പുഴ പള്ളി സൗജന്യമായി നൽകിയത് 8 സെന്റ് സ്ഥലം

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമിക്കാൻ വരാപ്പുഴ സെന്റ് ജോസഫ്സ് ആൻഡ് മൗണ്ട് കാർമൽ പള്ളി 8 സെന്റ് സ്ഥലം സൗജന്യമായി നൽകി. വിട്ടുകിട്ടിയ സ്ഥലത്തു വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണത്തിനുള്ള പ്രാഥമിക ജോലി കെഎംആർഎൽ ആരംഭിച്ചു. വരാപ്പുഴ ഭാഗത്തു നിന്നുള്ള സർവീസുകൾ ഇൗ ടെർമിനലിൽ നിന്നാണ്. വാട്ടർ മെട്രോയുടെ ആദ്യ റിപ്പോർട്ടിൽ വരാപ്പുഴയിൽ ടെർമിനൽ ഇല്ലായിരുന്നു. മഞ്ഞുമ്മൽ കർമലീത്ത സഭ പ്രൊവിൻഷ്യൽ, ജനകീയ ആവശ്യപ്രകാരം പള്ളിയുടെ സ്ഥലം സൗജന്യമായി വിട്ടു നൽകാൻ സമ്മതിച്ചു. അനുമതി പത്രം കെഎംആർഎല്ലിനു കൈമാറിയതോടെയാണു ടെർമിനൽ നിർമാണം അംഗീകരിച്ചത്. 

ജോലി ആരംഭിക്കാനുള്ള അനുമതിക്കായി കെഎംആർഎൽ വരാപ്പുഴ പഞ്ചായത്തിനു കത്ത് കൈമാറിയെന്നു പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോൺസൻ പുനത്തിൽ പറഞ്ഞു. പഞ്ചായത്തിലെ മണ്ണംതുരുത്ത് ഫെറി, ഡിപ്പോകടവ് എന്നിവിടങ്ങളിലേക്കു കൂടി വാട്ടർ മെട്രോ പദ്ധതി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് കമ്മറ്റി നിവേദനം നൽകിയിട്ടുണ്ട്. ഇൗ സ്ഥലങ്ങളുടെ സർവേയും കെഎംആർഎൽ നടത്തി. സാമ്പത്തിക പ്രതിസന്ധി മൂലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുമെന്നതിനാൽ ആദ്യഘട്ടത്തിൽ ചെട്ടിഭാഗം, മണ്ണംതുരുത്ത് ഭാഗങ്ങളിൽ ബോട്ട് ജെട്ടി നിർമാണത്തിനു സാധ്ത കുറവാണെന്ന് അധികൃതർ വ്യക്തമാക്കി. സൗജന്യമായി ലഭിച്ച 8 സെന്റിനു പുറമെ ഇവിടെ 20 സെന്റിലേറെ പുറമ്പോക്കു ഭൂമിയും ബോട്ട് ജെട്ടിക്കു പ്രയോജനപ്പെടുത്താനാകും

വാട്ടർ മെട്രോ 

 ∙ചെലവ് -747 കോടി 

 ∙ബോട്ടുകൾ -78 (100 േപർ യാത്രചെയ്യുന്ന 

∙23 ബോട്ടുകളും 50 പേർ യാത്രചെയ്യുന്ന 55 ബോട്ടുകളും ) 

ആദ്യ ഘട്ടം-23 ബോട്ടുകൾ 

  ∙ആകെ 38 ബോട്ട് ജെട്ടി ( ഇതിൽ 18 മെയിൻ ഹബ് ) 

 ∙ആകെ റൂട്ട് -76 കിലോമീറ്റർ 

 ∙റൂട്ട് -16 

 ∙വേഗം -8–11 നോട്ടിക്കൽ മൈൽ 

 ∙സർവീസ്-രാവിലെ 6 മുതൽ രാത്രി 10വരെ 

 ∙പ്രതീക്ഷിക്കുന്ന പ്രതിദിന യാത്രക്കാർ-1,00,000 

ആദ്യഘട്ടത്തിൽ 16 ബോട്ട് ജെട്ടികൾ

 ∙ഏലൂർ, 

∙ ചേരാനല്ലൂർ 

 ∙സൗത്ത് ചിറ്റൂർ 

 ∙പോർട്ട് ട്രസ്റ്റ് 

 ∙കുമ്പളം 

 ∙കടമക്കുടി 

 ∙മുളവുകാട് നോർത്ത് 

 ∙പാലിയം തുരുത്ത് 

 ∙വൈറ്റില 

 ∙ഏരൂർ 

 ∙കാക്കനാട് 

 ∙ഹൈക്കോർട് 

 ∙ഫോർട്ട്കൊച്ചി 

 ∙മട്ടാഞ്ചേരി 

 ∙വൈപ്പിൻ 

 ∙ബോൾഗാട്ടി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com