ADVERTISEMENT

കൊച്ചി∙ ഒടുവിൽ ലക്ഷദ്വീപ് അധികൃതർ കനിഞ്ഞു. അപകടത്തെത്തുടർന്നു കിടക്കയിൽ തളച്ചിടപ്പെട്ട ലക്ഷദ്വീപ് അമിനി സ്വദേശി ബീഫാത്തുമ്മയ്ക്ക് വീട്ടു ക്വാറന്റീൻ അനുവദിച്ചു. മകന്റെ പനമ്പിള്ളിനഗറിലെ ക്വാർട്ടേഴ്സിൽ ക്വാറന്റീനിലിരുന്ന ശേഷം നാട്ടിലേക്കു മടങ്ങാനുള്ള അനുമതിയാണു ലഭിച്ചത്.

ഗുരുതരാവസ്ഥയിലുള്ള ബീഫാത്തുമ്മയുടെ ദുരിതം മനോരമയിൽ വാർത്തയായതോടെയാണ് അധികൃതരുടെ ഇടപെടൽ. ക്വാറന്റീൻ കാലയളവിൽ നിരീക്ഷണത്തിനുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷിച്ചിട്ടും ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിലെ പൊതു ക്വാറന്റീൻ സൗകര്യമേ അനുവദിക്കാനാവൂ എന്ന കടുംപിടിത്തത്തിലായിരുന്നു അധികൃതർ.

ഒരാൾക്ക് ഈ സൗകര്യം അനുവദിച്ചാൽ മറ്റുള്ളവർക്കും നൽകേണ്ടി വരുമെന്ന മുട്ടാപ്പോക്കു പറഞ്ഞായിരുന്നു അധികൃതരുടെ പ്രതിരോധം. എന്നാൽ, മനോരമ വാർത്തയെത്തുടർന്നു ബീഫാത്തുമ്മയുടെ രോഗാവസ്ഥ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഡോക്ടർമാരുൾപ്പെടെയുള്ള സംഘത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (എഒ) നിയോഗിച്ചു.

ഇവരുടെ അനുകൂല റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണു ബീഫാത്തുമ്മയ്ക്കും മക്കളായ മുഹമ്മദ് റഫീഖ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർക്കും വീട്ടു ക്വാറന്റീൻ അനുവദിച്ച് എഒ ഉത്തരവിറക്കിയത്.  4 മാസത്തിനു ശേഷമാണു ബീഫാത്തുമ്മയ്ക്കു ദ്വീപിലെ സ്വന്തം വീട്ടിലേക്കു മടങ്ങാൻ അവസരമൊരുങ്ങിയത്.

അമിനി ദ്വീപിലെ വീട്ടിൽ വീണ് ഇടുപ്പെല്ലൊടിഞ്ഞതിനെത്തുടർന്നാണ് അടിയന്തര ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗിയായിട്ടും ഹെലികോപ്റ്റർ സൗകര്യം അനുവദിക്കാൻ അധികൃതർ 3 ദിവസം വൈകിയതു വിവാദമായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഈ സംഭവത്തിൽ കേസെടുത്തിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com