ADVERTISEMENT

മൂവാറ്റുപുഴ∙ മാരുതിയുടെ മുതൽ ബെൻസിന്റെ വരെ എക്സ്ക്ലൂസീവ് യൂസ്ഡ് കാർ ഷോറൂമുകൾ, വിപണിയിലിറങ്ങിയ ഏറ്റവും പുതിയ വാഹനങ്ങളുടെ ഇൻഡിക്കേറ്റർ മുതൽ എൻജിൻ ഭാഗങ്ങൾ വരെ, വാഹനങ്ങളുടെ കാര്യത്തിൽ സെക്കൻഡ് ഹാൻഡ് വിപണിയുടെ ജില്ലയിലെ ആസ്ഥാനമാണ് മൂവാറ്റുപുഴ.

കോവിഡ് കാലത്ത് സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷ ചെറുവാഹനങ്ങളുടെ വിൽപനയിൽ യാഥാർഥ്യമായതിന്റെ ആശ്വാസത്തിലാണ് വിപണിയെങ്കിലും ഗുഡ്സ് വാഹനങ്ങളുടെ കാര്യത്തിൽ വലിയ തിരിച്ചടിയാണ്.

4000 വണ്ടികൾ

മൂവാറ്റുപുഴയിൽ വാളകം മുതൽ മണ്ണൂർ വരെ എംസി റോഡിനും കൊച്ചി – ധനുഷ്കോടി ദേശീയപാതയ്ക്കും അരികിലായി നാൽപതിലേറെ സെക്കൻഡ് ഹാൻഡ് വാഹന ഷോറൂമുകളുണ്ട്. ഇവിടെ നാലായിരത്തിലേറെ വാഹനങ്ങൾ വിൽപനയ്ക്കുണ്ട്. സംസ്ഥാനത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവർ  സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ ഇവിടെയെത്തുന്നു. ഈ രംഗത്തെ ഒട്ടേറെ ഏജന്റുമാരും ഇവിടെയുണ്ട്.

ചെറുകാർ ഉഷാർ

സെക്കൻഡ് ഹാൻഡ് കാറുകൾക്ക് ആവശ്യക്കാരേറെ. കോവിഡ് കാലത്തിനു മുൻപത്തെ വിലയെക്കാൾ 10,000 മുതൽ 20,000 രൂപ വരെ കൂടുതലിനാണു വിൽപന. ചെറു, ഇടത്തരം കാറുകൾക്കാണു പ്രിയം. ആഡംബര കാറുകളുടെ വിൽപന കുറഞ്ഞു.

കാർ വിൽക്കാനുള്ളവർ വാഹനം ഷോറൂമിലെത്തിക്കും.വാങ്ങുന്നവരുമായി ആദ്യ ഇടപെടൽ നടത്തുക ഷോറൂം അധികൃതരാണ്. തുടർന്നു കാറിന്റെ യഥാർഥ ഉടമയുമായി സംസാരിച്ചു കച്ചവടം ഉറപ്പിക്കും. വാഹനം സൂക്ഷിക്കുന്നതിന്റെ വാടകയും കമ്മിഷനുമാണ് ഷോറൂം ഉടമയ്ക്കു ലഭിക്കുക. 

ഗുഡ്സ് വിപണി തളർച്ചയിൽ

സെക്കൻഡ് ഹാൻഡ് ഗുഡ്സ് വാഹനങ്ങളുടെ വിൽപനയിൽ വലിയ ഇടിവുണ്ട്. 85% കുറഞ്ഞുവെന്നു വ്യാപാരികൾ പറയുന്നു.  3 മുതൽ 5 ലക്ഷം വരെ രൂപ നഷ്ടത്തിലാണു വിൽപന നടത്തിയതെന്നും പറയുന്നു. വിൽക്കാൻ വാങ്ങിയിട്ട സ്കൂൾ ബസുകളും വാനുകളും ഒന്നുപോലും വിറ്റുപോയില്ല.

വാഹനങ്ങൾ വെറുതേ കിടന്നാലും വലിയ നഷ്ടമാണ് ഷോറൂം ഉടമകൾക്ക്. ഇവയുടെ ഇൻഷുറൻസ്, ക്ഷേമനിധി, ടാക്സ്, പെർമിറ്റ്, വിവിധ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കായി വലിയ തുക വിൽക്കുമ്പോൾ അടയ്ക്കേണ്ടിവരും. 

സ്പെയർ പാർട്സ്

കാർ, ബൈക്ക്, ലോറി തുടങ്ങിയവയുടെ നട്ടും ബോൾട്ടും മുതൽ ബോഡി ഭാഗങ്ങൾ വരെ വിൽക്കുന്ന സെക്കൻഡ് ഹാൻഡ് സ്പെയർ പാർട്ടുകളുടെ വിപണിയെയും മാന്ദ്യം ബാധിച്ചു. സർവീസ് സെന്ററുകളിൽ നിന്നു വാങ്ങുന്നതിന്റെ മൂന്നിലൊന്നു വില കൊടുത്താൽ ഏതു വാഹനത്തിന്റെയും സ്പെയർ പാർട്ടുകൾ ഇവിടെ ലഭിക്കും. നഗരത്തിലെ മുപ്പതോളം കടകളിലായി ദിനംപ്രതി ലക്ഷങ്ങളുടെ സ്പെയർ പാർട്സ് വിൽപന കോവിഡ‍് കാലത്തിനു മുൻപു നടന്നിരുന്നു. ഈ കടകളിൽ പലതും ഇപ്പോൾ തുറക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com