ADVERTISEMENT

കൊച്ചി∙ ‘സീക്യൂ, സീക്യൂ... വിയു7 ഇബിഎക്സ് അബൂബക്കർ!’ ഹാം റേഡിയോ ലോകം കാതോർക്കുകയാണു ലക്ഷദ്വീപിൽ നിന്നുള്ള ഈ ശബ്ദ സന്ദേശത്തിനായി. കവരത്തിയിൽ സ്ഥാപിക്കപ്പെടുന്ന ആദ്യ ഹൈ ഫ്രീക്വൻസി(എച്ച്എഫ്) ഹാം റേഡിയോ സ്റ്റേഷനിൽ നിന്ന് ഈ സന്ദേശമുയരാൻ ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. അതിവിശാലമായ ഹാം ലോകത്ത് ഈ ചെറുദ്വീപിനെ ആദ്യമായി അടയാളപ്പെടുത്തുന്നതു കവരത്തി സ്വദേശിയും മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമായ അബൂബക്കറാണ്. 

‘റേഡിയോ രാജ്യം’

ഹാമുകൾക്കു ലക്ഷദ്വീപ് പ്രത്യേക ‘റേഡിയോ രാജ്യം’(റേഡിയോ കൺട്രി) ആണ്. വൻകരയിൽ നിന്നെത്തുന്നവരും വിദേശികളും മാത്രമാണു താൽക്കാലികാനുമതി വാങ്ങി ദ്വീപിൽ ഹാം റേഡിയോ ഉപയോഗിച്ചിരുന്നത്. ലക്ഷദ്വീപുകാരനായ ഒരാൾക്കു സ്ഥിരം ലൈസൻസ് ലഭിക്കുന്നത് ഇതാദ്യം. പരിശീലനത്തിനോ ലൈസൻസിനുള്ള പരീക്ഷ എഴുതാനോ ദ്വീപിൽ സൗകര്യമുണ്ടായിരുന്നില്ല.

അബൂബക്കറിന് എച്ച്എഫ് ഉപകരണങ്ങൾ സൗജന്യമായി നൽകിയ യുഎസ് സ്വദേശി അലൻ.

കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമച്വർ റേഡിയോ ഇൻ കേരള ഡയറക്ടർ സുബുവുമായുള്ള കണ്ടുമുട്ടൽ ഹാം ലോകത്തേക്കുള്ള വാതിൽ അബൂബക്കറിനു മുന്നിൽ തുറന്നു. ആദ്യ പരീക്ഷയിൽ ലൈസൻസ് സ്വന്തം.  സുബുവിനൊപ്പം സഹ ഹാമുകളായ സജീവ് സുകുമാർ, ബാലൻ എന്നിവർ കവരത്തിയിലെത്തി അബൂബക്കറിന്റെ വീട്ടിൽ വിഎച്ച്എഫ് റേഡിയോ സ്റ്റേഷനും സ്ഥാപിച്ചു. 

എന്നാൽ, ഹ്രസ്വദൂര ആശയവിനിമയം മാത്രമേ വിഎച്ച്എഫ് ട്രാൻസ്മിറ്ററിൽ സാധ്യമാകൂ എന്നതിനാൽ ലോകമെങ്ങും സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന എച്ച്എഫ് സ്റ്റേഷൻ എന്ന സ്വപ്നം അപ്പോഴും ബാക്കിയായി.

സഹായം യുഎസിൽ നിന്ന്

ചില യുഎസ് പ്രസിദ്ധീകരണങ്ങളിൽ അബൂബക്കറിന്റെ ദ്വീപ് റേഡിയോ സ്റ്റേഷൻ ഫീച്ചറായതോടെ ആഗോള ഹാമുകളുടെ ശ്രദ്ധയിൽ ലക്ഷദ്വീപ് പതിഞ്ഞു. അപൂർവ സ്റ്റേഷനെക്കുറിച്ചറിഞ്ഞ യുഎസിലെ റോഡ് ഐലൻഡ് സ്വദേശി അലൻ എച്ച്എഫ് സ്റ്റേഷനു വേണ്ട ലക്ഷങ്ങൾ വിലമതിക്കുന്ന  ട്രാൻസീവർ, ആന്റിന, ട്യൂണർ എന്നിവ സൗജന്യമായി അയച്ചു കൊടുത്തു.

ഇവ ഘടിപ്പിക്കാനുള്ള സാങ്കേതിക സഹായം മാത്രമേ ഇനി വേണ്ടൂ. വിഡിയോകോൾ മുഖേന അബൂബക്കറിനെക്കൊണ്ടു തന്നെ സ്റ്റേഷൻ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണു സുഹൃത്തുക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com