ADVERTISEMENT

കളമശേരി ∙ മാതൃവാത്സല്യം അണപൊട്ടിയ നിമിഷങ്ങൾ. കോവിഡ് ക്വാറന്റീൻ തീർത്ത വിലക്കുകൾ അവസാനിച്ച പുതുവർഷപ്പുലരിയിൽ ആമിയെ (മാഗ്ദലിൻ മരിയ) അഞ്ജു വാരിപ്പുണർന്നു. അമ്മച്ചൂട് അറിഞ്ഞപ്പോൾ ആമി വിതുമ്പിക്കരഞ്ഞു. സന്തോഷം അടക്കിനിർത്താനാവാതെ അഞ്ജുവും കരഞ്ഞു. 

25 ദിവസം മുൻപു തനിക്കു പിറന്ന കുഞ്ഞിനെ ഇന്നലെ രാവിലെയാണ് അഞ്‍ജു ആദ്യമായി തൊട്ടത്.  അമ്മയുടെയും കു‍ഞ്ഞിന്റെയും ആദ്യ സമാഗമത്തിനു സാക്ഷിയായതു ഭർത്താവ് മിഥുനും ബന്ധുക്കളും മാത്രം. കൊഞ്ചിച്ചു കൊതി മാറുന്നതിനു മുൻപേ പതിവു പരിശോധനകൾക്കായി അമ്മയും ആമിയും ആശുപത്രിയിലേക്ക്. 

മൂവാറ്റുപുഴ തൃക്കളത്തൂർ മുണ്ടയ്ക്കൽ മിഥുൻ ജോർജും ഭാര്യ അഞ്ജുവും 8 വർഷമായി കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഏറെ നാളത്തെ ചികിത്സക്കൊ‌ടുവിൽ അഞ്ജു ഗർഭിണിയായി. എഴരമാസം ഗർഭിണിയായിരിക്കെ കോവിഡ് അഞ്ജുവിനെയും ഭർത്താവ് മിഥുനെയും പിടികൂടി. അഞ്ജുവിനെ ആശുപത്രിയിലാക്കി. മിഥുൻ ഹോംക്വാറന്റീനിലും.

പരീക്ഷണങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീട്. ഡിസംബർ ഏഴിന് മൊബൈൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ച അഞ്ജുവിന്റെയും ഉദരത്തിലുള്ള കുഞ്ഞിന്റെയും ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തി. 

32 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞ് ആമി എൻഐസിയു വെന്റിലേറ്ററിൽ തുടർന്നു. ഗുരുതരാവസ്ഥയിൽ തുടർന്ന അഞ്ജുവിനെ ബന്ധുക്കളുടെ പ്രാർഥനയും ഡോക്ടർമാരുടെ ചികിത്സയും ജീവിതത്തിലേക്കു തിരിച്ചു നടത്തി.

കോവിഡിനെയും അതു സൃഷ്ടിച്ച അപകടസാധ്യതകളെയും അതിജീവിച്ച് അഞ്ജുവും ആമിയും ജീവിതത്തിലേക്കു പിടിച്ചുകയറി. അഞ്ജുവിനെ  26നും ആമിയെ 28നും ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയെങ്കിലും ക്വാറന്റീൻ കാലാവധി മൂലം അഞ്ജുവിന് ആമിയെ തൊടാൻ പിന്നെയും 7 ദിവസം കാത്തിരിക്കേണ്ടിവന്നു.

മിഥുൻ മകളെ കൊഞ്ചിക്കുന്നതു ദൂരെ നിന്നു  കണ്ട അഞ്ജുവിന്റെ കാത്തിരിപ്പിനു പുതുവർഷപ്പുലരിയിലാണു വിരാമമായത്. ചൊവ്വാഴ്ച ഡോക്ടറെ കണ്ട ശേഷം മിഥുനും അഞ്ജുവും കുഞ്ഞ് ആമിയും മിഥുന്റെ സഹോദരിയുടെ കളമശേരിയിലെ വീട്ടിൽ നിന്നു തൃക്കളത്തൂരിലെ സ്വന്തം വീട്ടിലേക്കു പോകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com