ADVERTISEMENT

കൊച്ചി∙ ‘റിലീസ്’ ആയിട്ടും ഹിറ്റ് ആകാതെ ലക്ഷദ്വീപിന്റെ ‘മാസ്’. ദ്വീപിന്റെ പ്രധാന വിഭവസമ്പത്തായ ചൂര (ട്യൂണ) പ്രത്യേക രീതിയിൽ ഉണക്കിയെടുത്തു തയാറാക്കുന്ന മാസ് (മാസ്മിൻ) കടൽ കടന്നാൽ വൻ വിപണി ഉറപ്പുള്ളപ്പോഴാണു ഈ ദുർഗതി. 2 വർഷം മുൻപു വരെ ദ്വീപിലെ മത്സ്യത്തൊഴിലാളികൾക്കും മൊത്തക്കച്ചവടക്കാർക്കും ലക്ഷക്കണക്കിനു രൂപ ലാഭം നൽകിയിരുന്ന ഉൽപന്നമാണിത്. എന്നാൽ, ഇന്നു ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളുടെയും തീരത്തു കൂന കൂട്ടിയിട്ടിരിക്കുന്ന മാസ് ആണു പതിവു കാഴ്ച. വിപണി കണ്ടെത്തുന്നതിലുള്ള അധികൃതരുടെ വീഴ്ചയും ഇടനിലക്കാരുടെ ചൂഷണവുമാണു മാസ് ഉൽപാദകരായ  മത്സ്യത്തൊഴിലാളികൾക്കു കണ്ണീർ മാത്രം സമ്മാനിക്കുന്നത്.     

എന്താണു മാസ് ?

ലക്ഷദ്വീപിലെ കവരത്തിയിൽ കടൽത്തീരത്തു കൂട്ടിയിട്ടിരിക്കുന്ന മാസ്.

ലക്ഷദ്വീപ് തീരത്തു യഥേഷ്ടം കാണപ്പെടുന്ന പ്രത്യേകയിനം ചൂര (സ്കിപ്ജാക് ട്യൂണ) ഉണക്കിയുണ്ടാക്കുന്നതാണു മാസ്. ശ്രീലങ്ക, മാലി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനു വൻ ഡിമാൻഡുണ്ട്. ലക്ഷദ്വീപിൽ പ്രാദേശികമായും വൻ തോതിൽ ഉപയോഗിക്കുന്നുണ്ട്.

മാസ് തയാറാക്കൽ

വലിയ ചൂരമീനുകളെ നടുവിലൂടെ പിളർന്നു തലയും കുടലും മുള്ളും നീക്കിയെടുക്കുകയാണ് ആദ്യ ഘട്ടം. ഇതിനു ശേഷം പ്രത്യേക അനുപാതത്തിൽ കടൽ ജലവും ശുദ്ധജലവും ചേർത്തു തിളപ്പിച്ചു മീൻ പുഴുങ്ങിയെടുക്കും. തുടർന്നു 4–5 മണിക്കൂർ വരെ പുക കൊള്ളിച്ച ശേഷം രണ്ടായി മുറിച്ച് ഒരാഴ്ചയിലേറെ വെയിലത്ത് ഉണക്കും. ഇരുണ്ട തവിട്ടു നിറമുള്ള തടിയെന്നു തോന്നുന്നത്ര ഉണങ്ങുന്നതോടെ മാസ് ഉപയോഗയോഗ്യമാകും. ദ്വീപിൽ മാസ് നിർമാണം കുടിൽ വ്യവസായമാണ്.

നാടൻ ചൂരപിടിത്തം

ജീവനുള്ള ചാ‌ളയെ ചൂണ്ടയിൽ കോർത്തിട്ടാണു ദ്വീപുകാർ ചൂര പിടിക്കുക. ഈ രീതിയിൽ മാത്രമേ ചൂര പിടിക്കാവൂ എന്നതു നിർബന്ധമാണ്. വലയിൽ ചൂര തട്ടിയാൽ പിന്നെ ആ ഭാഗത്ത് മീനുണ്ടാകില്ല എന്നാണു തലമുറകൾ കൈമാറിയെത്തിയ വിശ്വാസം. കയറ്റുമതിയുടെ വഴികൾ ശ്രീലങ്ക, മാലി, സിംഗപ്പൂർ, തയ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണു മാസ് കയറ്റി അയയ്ക്കുന്നത്. മംഗളൂരുവിലുള്ള  ഏജന്റുമാരുടെ നേതൃത്വത്തിലാണു മാസ് സംഭരണം. ദ്വീപുവാസികളിൽ നിന്നു മൊത്തത്തിൽ വിലപറഞ്ഞെടുക്കുന്നതാണു രീതി. ദ്വീപിൽ നിന്നു മഞ്ചിൽ (വലിയ കേവുവള്ളം) കയറ്റി കോഴിക്കോട് ബേപ്പൂർ വഴിയോ നേരിട്ടോ മംഗലാപുരത്തെത്തിക്കും. 

25 വർഷമായി മാസ് ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇത്രയും പ്രതിസന്ധി മുൻപുണ്ടായിട്ടില്ല.  ഇപ്പോൾ എല്ലാ ദ്വീപുകളിലും ധാരാളം ചൂര കിട്ടുന്നുണ്ട്. മാസ് തയാറാക്കുന്നുമുണ്ട്. എന്നാൽ വിപണിയില്ല.’’ എം.സി. ഷർഷാദ് ഖാൻ, മത്സ്യത്തൊഴിലാളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com