ADVERTISEMENT

തൃപ്പൂണിത്തുറ ∙ ആവശ്യമായ ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നില്ലെന്ന് ആരോപിച്ചു ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് ആയവരുടെ പ്രതിഷേധം. ആവശ്യത്തിനു ശുചിമുറി ഇല്ല, ശുദ്ധജലം ലഭിക്കുന്നില്ല, രോഗികൾക്ക് അർഹമായ പരിചരണം ലഭിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.  എം.കെ ദയാനന്ദന്റെ നേതൃത്വത്തിൽ വാർഡിന്റെ ഒരു വശത്തു കൂടി നിന്ന് മുദ്രാവാക്യം വിളികളോടെയാണ് ഇവർ പ്രതിഷേധം നടത്തിയത്.

ഒന്നാം നിലയിൽ ജനറൽ വിഭാഗത്തിൽ ചികിത്സയിലുള്ള 65 പേർക്കാണു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചത്. മറ്റു അസുഖങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെല്ലാവരും ഇവിടെ എത്തിയത്. അതിനു ശേഷമാണ് ഇവർക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം ആർഎംഒ ഉൾപ്പെടെ 10 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം ഒരാൾക്കു പനി ബാധിച്ചു. 

ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയി. അതിനു ശേഷമാണു വാർഡിലെ മറ്റുള്ളവർക്കും പരിശോധന നടത്തിയത്. തുടക്കത്തിൽ പനി വന്നയാൾക്കു മികച്ച പരിചരണം ലഭിക്കാത്തതിനാലാണു കൂടുതൽ പേരിലേക്കു കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണമായതെന്നു പ്രതിഷേധിച്ചവർ ആരോപിക്കുന്നു. ആശുപത്രി അധികൃതർ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണു പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്നലെ പോസിറ്റീവ് ആയത് 24 പേർ

ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ ഇന്നലെ നടന്ന ആന്റിജൻ ടെസ്റ്റിൽ മറ്റു അസുഖങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന 14 പേർക്കും, 10 ജീവനക്കാർക്കും കൂടി കോവിഡ് പോസിറ്റീവ് ആയി. 112 പേർക്കാണ് ഇന്നലെ ടെസ്റ്റ് നടത്തിയത്.  ഇതോടെ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി. ഇന്ന് ആയുർവേദ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. ആശുപത്രി പരിസരം കണ്ടെയ്ൻമെന്റ് സോൺ ആക്കി മാറ്റിയിട്ടുണ്ട്. ആശുപത്രിയിൽ രോഗികളുടെ പഞ്ചകർമ ചികിത്സ, കിടത്തിച്ചികിത്സ, ഒപി തുടങ്ങിയവ തൽക്കാലത്തേക്കു നിർത്തിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com