ADVERTISEMENT

കൊച്ചി ∙ കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിക്കു സ്ഥിരം സമിതി അധ്യക്ഷ പദവി. അമരാവതിയിൽ നിന്നുള്ള കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ പ്രിയ പ്രശാന്താണു നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കു വിജയിച്ചത്. 8 സ്ഥിരം സമിതികളിൽ എൽഡിഎഫിന് ആറും യുഡിഎഫിനും ബിജെപിക്കും ഒന്നു വീതവും അധ്യക്ഷ സ്ഥാനങ്ങൾ ലഭിച്ചു. ഡപ്യൂട്ടി മേയറാണു ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. ബിജെപിക്കു മുൻതൂക്കമുള്ള നികുതി അപ്പീൽ സമിതിയിൽ അധ്യക്ഷ സ്ഥാനത്തേക്കു ബിജെപിയും എൽഡിഎഫും യുഡിഎഫും മത്സരിച്ചു. ഒൻപത് അംഗങ്ങളുള്ള സമിതിയിൽ 4 വോട്ട് നേടി ബിജെപിയിലെ പ്രിയ പ്രശാന്ത് അധ്യക്ഷയായി.

യുഡിഎഫിലെ ശാന്താ വിജയന് 3 വോട്ടും എൽഡിഎഫിലെ ജഗദാംബിക സുദർശനന് 2 വോട്ടും ലഭിച്ചു. കൗൺസിലിൽ 5 അംഗങ്ങൾ മാത്രമുള്ള ബിജെപി സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തത് എൽഡിഎഫിനും യുഡിഎഫിനും തിരിച്ചടിയാണ്. കോൺഗ്രസിനു നിലവിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമില്ല. യുഡിഎഫിനു ലഭിച്ച മരാമത്ത് സ്ഥിരം സമിതിയിൽ ആർഎസ്പിയിലെ സുനിത ഡിക്സനാണ് അധ്യക്ഷ. അധ്യക്ഷ പദവി പിന്നീട് കോൺഗ്രസിലെ വി.കെ. മിനിമോൾ, സീന ഗോകുലൻ എന്നിവരുമായി പങ്കുവയ്ക്കുമെന്നാണു ധാരണ.

എൽഡിഎഫിനെ പിന്തുണച്ച സ്വതന്ത്ര കൗൺസിലർമാരായ ടി.കെ. അഷ്റഫ്, ജെ. സനിൽമോൻ എന്നിവർ യഥാക്രമം ആരോഗ്യം, നഗരാസൂത്രണം സ്ഥിരം സമിതി അധ്യക്ഷൻമാരായി. സിപിഎമ്മിലെ പി.ആർ. റെനീഷ് (വികസനകാര്യം), വി.എ. ശ്രീജിത്ത് (വിദ്യാഭ്യാസം– കായികം), ജെഡിഎസിലെ ഷീബ ലാൽ (ക്ഷേമകാര്യം) എന്നിവരാണു മറ്റു സ്ഥിരം സമിതി അധ്യക്ഷൻമാർ. വികസനകാര്യത്തിൽ 3 വർഷത്തിനു ശേഷം സിപിഐയിലെ സി.എ. ഷക്കീറും, ക്ഷേമകാര്യത്തിൽ 2  വർഷത്തിനു ശേഷം സിപിഎമ്മിലെ സി.ഡി. വത്സലകുമാരിയും അധ്യക്ഷരാകുമെന്നാണു ധാരണ.

 ബിജെപിയുടെ കൃത്യമായ ആസൂത്രണം

കൊച്ചി ∙ കോർപറേഷനിൽ 5 അംഗങ്ങൾ മാത്രമുള്ള ബിജെപി കൃത്യമായ ആസൂത്രണത്തോടെയും അടവു നയം പുറത്തെടുത്തുമാണു സ്ഥിരം സമിതി അധ്യക്ഷ പദവി പിടിച്ചത്. 12നു സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പു നടന്നപ്പോൾ തന്നെ ബിജെപി നികുതി അപ്പീൽ സ്ഥിരം സമിതിയിൽ മുൻതൂക്കം നേടിയിരുന്നു. 9 അംഗങ്ങളുള്ള സമിതിയിൽ 4 ബിജെപി കൗൺസിലർമാർ.4 ബിജെപി കൗൺസിലർമാർ ഒരുമിച്ച് ഒരു സ്ഥിരം സമിതിയിൽ വന്നതിനു പിന്നിൽ നടന്നതു കൃത്യമായ ആസൂത്രണവും ചരടുവലികളും.

8 സ്ഥിരം സമിതികളിലുമുള്ള ഓരോ വനിതാ സംവരണ അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. ഇതിൽ അഞ്ചെണ്ണത്തിലേക്കു കോൺഗ്രസ് ഒഴികെയുള്ള യുഡിഎഫ് ഘടക കക്ഷികളെ ബിജെപി പിന്തുണച്ചു.മുഴുവൻ വനിതാ സംവരണ സീറ്റുകളും വിജയം പ്രതീക്ഷിച്ചിരുന്ന എൽഡിഎഫിന് ഇതു പണിയായി. വോട്ട് നില 37– 37 എന്ന നിലയിലായി. മരാമത്ത് സമിതിയിൽ സിപിഎമ്മിലെ എം.എച്ച്.എം. അഷ്റഫിന്റെ വോട്ട് അസാധുവായതോടെ ഈ സമിതിയിൽ യുഡിഎഫിലെ സുനിത ഡിക്സൺ ജയിച്ചു. ഈ സമിതിയിൽ യുഡിഎഫിനു ഭൂരിപക്ഷവും കിട്ടി. മറ്റ് 4 സീറ്റുകളിൽ നറുക്കെടുപ്പിൽ എൽഡിഎഫിനു മൂന്നും യുഡിഎഫിന് ഒന്നും സീറ്റുകൾ കിട്ടി.

നികുതി അപ്പീൽ കമ്മിറ്റി യുഡിഎഫിനു നൽകി മറ്റ് 7 സമിതികളും നേടാൻ കഴിയുന്ന രീതിയിലായിരുന്നു എൽഡിഎഫ് വോട്ടിങ് ക്രമീകരിച്ചിരുന്നത്. 9 അംഗ നികുതി അപ്പീൽ കമ്മിറ്റിയിലേക്ക് മത്സരിപ്പിച്ചത് ഒരാളെ മാത്രം. എന്നാൽ, ഈ സമിതിയിൽ യുഡിഎഫ് ഭൂരിപക്ഷത്തിനു ശ്രമിച്ചില്ല. 2 പേരെ മാത്രം മത്സരിപ്പിച്ചു. എന്നാൽ 4 ബിജെപി കൗൺസിലർമാർ നാമനിർദേശം നൽകി. സ്വാഭാവികമായും തിരഞ്ഞെടുപ്പില്ലാതെ തന്നെ 4 ബിജെപി കൗൺസിലർമാരും സമിതി അംഗങ്ങളായി. എന്നിട്ടും 2 ഒഴിവുകൾ ഈ സമിതിയിലുണ്ടായിരുന്നു.

പിന്നീട് ഈ ഒഴിവുകളിലേക്കു തിരഞ്ഞെടുപ്പ് നടത്തിയപ്പോഴും ബിജെപി– 4, യുഡിഎഫ്– 3, എൽഡിഎഫ്– 2 എന്നതായി നില. ഇന്നലെ നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ നികുതി അപ്പീൽ സമിതിയിൽ ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ യുഡിഎഫും എൽഡിഎഫും ഒരുമിച്ചു നിൽക്കണമായിരുന്നു.എന്നാൽ, അതുണ്ടായില്ല. മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തിയതോടെ സമിതിക്കുള്ളിൽ കൂടുതൽ വോട്ടുകളുള്ള (4) ബിജെപി അധ്യക്ഷ പദവി നേടുകയും ചെയ്തു.

ബിജെപിക്ക് തുണയായത് എൽഡിഎഫ്: ആന്റണി കുരീത്തറ

കൊച്ചി ∙ കൂടുതൽ സ്ഥിരം സമിതികൾ നേടാനുള്ള എൽഡിഎഫ് ശ്രമമാണു ബിജെപി സ്ഥിരം സമിതി അധ്യക്ഷ പദവിയിൽ എത്താൻ കാരണമായതെന്നു കോർപറേഷനിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ആന്റണി കുരീത്തറ. സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു ചെയ്യുകയോ, അവരുടെ വോട്ടു സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com