ADVERTISEMENT

അരൂർ ∙ അന്ധകാരനഴി അഴിമുഖത്തെ മണൽത്തിട്ട നീക്കിയതോടെ മത്സ്യബന്ധന വള്ളങ്ങൾ എത്തിത്തുടങ്ങി. വർഷാവർഷങ്ങളിൽ അഴിമുഖത്തു മണൽത്തിട്ട രൂപപ്പെടുന്നതു മൂലം അഴി അടയുകയും വള്ളങ്ങൾ കടലിൽ ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്  നിലവിലുള്ളത്.  ഇത്തവണ യന്ത്ര സഹായത്തോടെ ഒരു മാസത്തെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് മണ്ണു നീക്കം ചെയ്ത് അഴി തുറന്നത്.

അഴി അടഞ്ഞു കിടന്നതു മൂലം രണ്ടാഴ്ചയായി മത്സ്യ ബന്ധനത്തിനു പോകാൻ കഴിയാതെ കിടന്ന വള്ളങ്ങൾ രണ്ടു ദിവസങ്ങൾക്കു മുൻപാണ് കടലിൽ പോകാൻ കഴിഞ്ഞതെന്നു തൊഴിലാളികൾ പറഞ്ഞു. മണൽ തിട്ട വില്ലനായി അഴി മുഖത്തു രൂപപ്പെടുമ്പോൾ തന്നെ വള്ളങ്ങൾ അടുപ്പിക്കുന്നത് ഏറെ അപകടകരമാണെന്നു തൊഴിലാളികൾ പറഞ്ഞു.

ഓരോ വർഷവും ലക്ഷങ്ങൾ മുടക്കിയാണ് അധികൃതർ യന്ത്രസഹായത്തോടെ മണൽ അഴി മുഖത്തു നിന്നും നീക്കുന്നത്. മണ്ണ് അടിയുന്നതു മൂലം വള്ളങ്ങൾക്ക് കടലിൽ പോകാൻ കഴിയാതെ വരുമ്പോൾ തൊഴിലാളികൾ സ്വന്തം ചെലവിലും മണ്ണു നീക്കം ചെയ്യുന്ന നടപടികൾ പലപ്പോഴും ഇവിടെ നടന്നു വരാറുണ്ട്.

ആലപ്പുഴ തുമ്പോളി മുതൽ പള്ളിത്തോടു വരെയുള്ള വള്ളങ്ങളാണ് അന്ധകാരനഴി മുഖത്തെ ആശ്രയിക്കുന്നത്. ഏതു സമയവും അഴി തുറന്നു കിടക്കുന്ന രീതിയിൽ കടലിലേക്കു പുലിമുട്ടു നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതുസംബന്ധിച്ച് ധാരാളം തവണ സർക്കാരിനും വകുപ്പു മന്ത്രിക്കും  നിവേദനം നൽകിയിട്ടുണ്ട്. പരിഹാര മാർഗങ്ങൾ ഉണ്ടായിട്ടില്ലെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ആന്റണി കുരിശിങ്കൽ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com